ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Tuesday, October 6, 2015

പള്ളിത്താത്ത

     പള്ളിപ്രവേശനത്തിന്‍റെ പേരില്‍ പോലും പരസ്പരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലത്ത് പള്ളി പരിപാലിക്കുന്ന സ്ത്രീകളെ കുറിച്ചൊന്ന് ചിന്തിക്കാമോ?? ഈ ചോദ്യത്തിന്‍റെ ഉത്തരമാണ് സൈനബയും ഖദീജയും.
      കോഴിക്കോട് മൊയ്തീന്‍പള്ളി തുടങ്ങിയിട്ട് അറുപതോളം വര്‍ഷം കഴിഞ്ഞു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നമസ്കാര സൗകര്യമുണ്ടായിരുന്ന ഈ പള്ളിയില്‍ 36 വര്‍ഷം മുമ്പ് എത്തിച്ചേര്‍ന്നതാണ് സൈനബ. പള്ളിയുമായി അടുക്കാനുള്ളൊരു മനസ്സ് അവരെ എല്ലാ സാഹചര്യങ്ങളിലും മുന്നോട്ട് കൊണ്ട് പോയി. വാര്‍ധക്യം ആരോഗ്യനിലയെ തളര്‍ത്താന്‍ തുടങ്ങിയപ്പോയും സൈനബ പള്ളിയുമായുള്ള ബന്ധം തുടര്‍ന്നു.
1996 മുതല്‍ സൈനബയോടൊപ്പം പുതിയപറമ്പ് സ്വദേശിയായ ഖദീജയും പള്ളിപരിപാലനത്തിലേക്ക് കടന്നുവന്നു. ചെറുപ്പം മുതലേ മൊയ്തീന്‍ പള്ളിയുമായി ഖദീജക്ക് ബന്ധമുണ്ടായിരുന്നു. ഉമ്മയോടും സഹോദരനോടുമൊപ്പം എല്ലാ ജുമുഅ നമസ്കാരത്തിനും അങ്ങോട്ടായിരുന്നു പോവാറ്. പിന്നീട് വിവാഹവും പ്രാരാപ്തങ്ങളുമായപ്പോയും ഇതില്‍ മാറ്റമൊന്നും വന്നില്ല. 'ചെറുപ്പം തൊട്ടേ പള്ളിയുമായി  അടുക്കാന്‍ അടങ്ങാത്ത ആഗ്രഹമായിരുന്നു. വാഴക്കാടുള്ള സഹോദരനില്‍ നിന്നാണ് ദീനിനോട് കൂടുതല്‍ അടുക്കാനുള്ള പ്രചോദനമുണ്ടായത്. വിവിധ ദീനീ ക്ലാസുകളിലും യോഗങ്ങളിലും മത്സരങ്ങളിലുമൊക്കെ സഹോദരനോടൊപ്പം പോവുമായിരുന്നു' ഖദീജ പറയുന്നു.അത്  പിന്നീട് 1998 ആയപ്പോഴേക്കും ഖുര്‍ആന്‍ പഠനക്ലാസുകള്‍ നടത്തുന്നതിലെത്തി.
        വീട്ടില്‍ അച്ചാറുകള്‍ നിര്‍മിച്ച് വീടുകളില്‍ ചെന്ന് കച്ചവടം ചെയ്ത് ജീവിക്കുകയായിരുന്നു ഖദീജ. അച്ചാറുകച്ചവടത്തിലൂടെ ഇന്ന് താമസിക്കുന്ന ഭൂമി വാങ്ങി. നല്ല മനസ്സുള്ള ഒരുപാട് പേരുടെ സഹായത്തോടെ വീട് നിര്‍മിച്ചു. ഒറ്റക്കാണ് താമസം. മക്കളൊന്നുമില്ല. പക്ഷേ ഖദീജക്ക് പരിഭവങ്ങളൊന്നുമില്ല. 'അല്ലാഹുവല്ലേ എല്ലാം തീരുമാനിക്കുന്നത്, മക്കളായാരും ഇല്ലെങ്കിലെന്ത്, ഒത്തിരി പേരെ അല്ലാഹു തന്നു. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്ന വഴികളില്‍ സ്നേഹത്തോടെ പള്ളിത്താത്താ എന്ന് വിളിച്ച വരുന്ന കുട്ടികള്‍, അവരെല്ലാവരും എനിക്ക് മക്കളെ പോലെയാണ്' പുഞ്ചിരിച്ച് കൊണ്ട് ഖദീജ പറഞ്ഞു.
         ഇരുപത്തേഴ് വര്‍ഷത്തോളമായി സൈനബ ടീച്ചറുമായുള്ള ബന്ധം തുടങ്ങിയിട്ട്. ടീച്ചറെപ്പോഴെങ്കിലും ലീവെടുക്കുമ്പോയൊക്കെ ഖദീജ പകരമായി നില്‍ക്കും. ഇഹത്തിലൊരു നേട്ടവും നോക്കിയല്ല,പരത്തിലെ വിജയത്തിനായ്. 2005 ഫ്രബുവരി മൂന്നിനാണ് പള്ളിയില്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങിയത്. പതിനെട്ട് വര്‍ഷത്തോളമായി തനിച്ചാണ്. രാവിലെ പള്ളിയിലേക്ക് പോയാല്‍ മഗ്രിബിന് ശേഷമാണ് മടക്കം. സഹായത്തിനായി ആരുമില്ലെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍  ഏട്ടത്തിയുടെ മകളോ ആരെങ്കിലും സഹായത്ഥിനായ് എത്താറുണ്ട്. 'വീട്ടിലിരിക്കുമ്പോള്‍ എന്തോ വിഷമമാണ്. എപ്പോഴും പള്ളിയോട് ചേര്‍ന്ന് നില്‍ക്കാനാണിഷ്ടം. പെട്ടെന്ന പള്ളിയിലെത്തണം എന്നെപ്പോഴും തോന്നിക്കൊണ്ടിരിക്കും. പള്ളിരിലാവുമ്പോള്‍ ജമാഅത്തും ലഭിക്കും' ഈമാന്‍ നിറഞ്ഞതായിരുന്നു ആ വാക്കുകള്‍.
    അച്ചാര്‍ കൊണ്ട് നടക്കുമ്പോഴും ദഅ്വത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പള്ളിയിലും ഇതില്‍ മാറ്റമൊന്നില്ല.ചെറിയ ചെറിയ തെറ്റിദ്ധാരണകള്‍ കാരണമാണ് പലരും സ്ത്രീകള്‍ പള്ളിയില്‍
പോവുന്നതില്‍ തര്‍ക്കിക്കുന്നത് എന്നാണ് ഖദീജയുടെ പക്ഷം. പലരും ഞങ്ങളുടെ വീട്ടിലാരും പോവാറില്ല, പിന്നെന്തിന് ഞങ്ങള്‍ പോകണം എന്നാണ് പറയാറ്.അതൊരിക്കലും ശരിയല്ല.
ഈ കാലത്തെ മറിയം ബീവിയെ പോലെ പള്ളിയുമായി മുന്നോട്ട് നീങ്ങുമ്പോഴും, ഈ പരമ്പരയെ കാത്ത് സൂക്ഷിക്കാന്‍ ഇനിയാര് എന്നതാണ് ഉത്തരം തേടുന്ന ചോദ്യം. ഖദീജ പ്രതീക്ഷാ നിര്‍ഭരമായ കൈകളുയര്‍ത്തി പ്ര ര്‍ത്ഥനയിലാണ്..

Friday, October 2, 2015

സ്നേഹത്തിന്‍റെ ഒരു ദിനം

പാണ്ടിക്കാടില്‍ നിന്ന് മഞ്ചേരിയിലേക്ക് പോവുമ്പോള്‍ വലത് വശത്തൊരു കെയര്‍ ഹോം ഉണ്ട്..
സല്‍വാ കെയര്‍ ഹോം.. ഒരുപക്ഷെ അതികമാരും കേള്‍ക്കുകയോ അറിയുകയോ ചെയ്തുകാണില്ല..
പല കോണില്‍ നിന്നും പല കാരണങ്ങളാല്‍ സല്‍വയെ ഒരു കുടയായ് സ്വീകരിച്ച ഒരുപാട് അദ്വേവാസികള്‍..
ഈ സ്വതന്ത്രദിനത്തില്‍ ഞങ്ങളവിടെ ഒരുമിച്ച് ചേര്‍ന്നിരുന്നു.. പാട്ടും കളികളുമായി ഞങ്ങളവിടെ ഒത്തുചേര്‍ന്നിരുന്നു.. അന്ന് അവര്‍ പറഞ്ഞ അവരുടെ ഒരു ആഗ്രഹമായിരുന്നു ആ മതില്‍ കെട്ടിനുപുറത്തെ വിശാലമായ ആകാശം കാണണമെന്ന്..
അങ്ങനെയാണ് ഞങ്ങളവരെയും കൊണ്ടൊരു യാത്രക്കിറങ്ങിയത്..
സ്നേഹത്തിന്‍റെ ഒരു ദിനം അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്..
സുന്ദരമായിരുന്നു..
വരികള്‍ക്കോ ക്യാമറകള്‍കോ പകര്‍ത്താനൊക്കാത്ത അത്ര സുന്ദരം..
നിലമ്പൂരിലെ തേക്കിന്‍ കൂട്ടവും മ്യൂസിയവും തൂക്കുപാലവും കണ്ടും പാടിയും കേട്ടും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ മാത്രം സുന്ദരമായ ദിനം..