ഈയിടെയായി പലരും ഗ്രീന്‍ പാലിയേറ്റീവ് എന്താണെന്ന് ചോദിച്ചു വരുന്നു..
ഉള്ളതു പറഞ്ഞാല്‍ ഇതൊരു ജനകീയ പ്രസ്ഥാനമോ, ഒരു ഒച്ചപ്പാടോ, ആവേശമോ അല്ല. ഇതൊരു വികാരമാണ്, മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കുന്നൊരു വികാരം. തന്നെപ്പോലെതന്നെ തന്റെ സഹജീവികളെയും സ്‌നേഹിക്കുന്ന, ചവിട്ടി നില്‍ക്കുന്ന, ജീവശ്വാസം നല്‍കുന്ന ഭൂമിയെ സ്‌നേഹിക്കുന്നൊരു വികാരം.
രോഗപീഢകളാലും, അപകടങ്ങളാലും കൈകാലുകള്‍ ശോഷിച്ച്, എല്ലുകള്‍ തകര്‍ന്ന് മരുന്നുകള്‍ക്കൊന്നും ചെയ്യാനില്ലാതെ, പാതി മരിച്ച ശരീരവുമായി ജീവിതത്തിന്റെ രാപലുകള്‍ തള്ളിനീക്കുന്ന പരസഹസ്രങ്ങള്‍ നമ്മുടെ ചുറ്റുപാടുകളിലൊക്കെയുണ്ട്.
നമ്മള്‍ നമ്മുടെ വിദ്യാസ്ഥാപനങ്ങളിലേക്ക്, ജോലിസ്ഥലത്തേക്ക്, കല്യാണ വീട്ടിലേക്ക്, ജീവിത വ്യവഹാരങ്ങളിലേക്ക് മല്‍സരിച്ചലറിപ്പായുന്ന നിറമുള്ളതെന്ന് നമ്മള്‍ ധരിച്ചുവശായ ജീവിതത്തിന്റെ ഇടങ്ങളില്‍, നമ്മുടെ അയല്‍പക്കത്ത്, ബന്ധുവീട്ടില്‍ എല്ലാം അത്തരക്കാരുണ്ട്.
കണ്ണുകളൊന്ന് തുറന്ന പിടിച്ചാല്‍, ഒന്ന് ചെവിയോര്‍ത്താല്‍ കാണാവുന്നതും തൊടാവുന്നതുമേയുളളൂ നമുക്കവരെ.
ആകാശത്തെപ്പോലും അതിജയിക്കുന്ന ഇച്ഛാശകതിയാല്‍, ജീവിതത്തിലേക്ക് എണീററു നടന്നവര്‍ അവരില്‍ തുലോം കുറവാണ്.
ആസുരമായ ഈ മത്സരപ്പാച്ചിലില്‍ വീണുപോയ നമ്മുടെ ആ സഹജീവികളെ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്കും, അദ്ഭുതതങ്ങളിലേക്കും തിരികെ കൈ പിടിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് മനസ്സിലുറപ്പിക്കുന്നവര്‍ക്ക് ഇതൊരിടമാണ്. ആ പതിതരെ മാറോട് ചേര്‍ത്തുപിടിച്ച് നെഞ്ചിലെ ചൂടും സ്‌നേഹവും കരുതലും നല്‍കാന്‍ വളരെക്കുറച്ച് സമയം മാറ്റിവെക്കാന്‍ നമുക്കുണ്ടെങ്കില്‍ ഒരു വസന്തം തന്നെ നമുക്ക് തീര്‍ക്കാം.
ത്വരയും ആര്‍ത്തിയും മൂത്ത മനുഷ്യന്റെ അധമകരങ്ങളാല്‍ മരിച്ചുവീഴുന്ന തേനീച്ചകളെയും ശലഭങ്ങളെയും പക്ഷികളെയും ഓര്‍ക്കുന്നവര്‍ക്കും ഇതൊരിടമാണ്. പരാഗണങ്ങള്‍ നടക്കാതെ, പൂക്കാതെ, കായ്ക്കാതെ ജീവിതനിയോഗം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ഉണങ്ങി വീഴുന്ന വള്ളികളുടെയും ചെടികളുടെയും മനുഷ്യന്റെ തന്നെയും, ഗദ്ഗദം നെഞ്ചിലേറ്റുവാങ്ങുന്നവര്‍ക്കും ഗ്രീന്‍ പാലിയേറ്റീവ് തണലുള്ളൊരിടം തന്നെയാണ്.
|
| ഗ്രീന്‍ പാലിയേറ്റീവ് ലോഗോ |
ഈ ഭൂമി വരും തലമുറയില്‍ നിന്ന് നമുക്കനന്തരം കിട്ടിയതാണെന്ന് ചിന്തിക്കുന്നവര്‍ക്കും, കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക മാലിന്യങ്ങളാല്‍ ജീവശ്വാസം നിലനിര്‍ത്താന്‍ പാടുപെടുന്ന ഭൂമിയെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമയമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിതമായി ജനിതകമാറ്റം തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്ന വരും തലമുറയെ സ്‌നേഹിക്കുന്നവര്‍ക്കും ഗ്രീന്‍ പാലിയേറ്റീവ് ഒരു സങ്കേതം തന്നെയാണ്.
നാമോരുരത്തരും മഹിതമായ ഈ മൂല്യങ്ങളുടെ ധ്വജവാഹകരായി സ്വയം മാറുമ്പോള്‍, ആ ഒരു നല്ല നാളെക്കായി ചില പദ്ധതികളും കര്‍മ്മരേഖകളും തയ്യാറാവുകയാണ്. അവ നമ്മുടെ ജീവിത പരിസരങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നതോടുകൂടി സന്തോഷത്തിന്റെ സമത്വ സുന്ദരമായ ഒരു ഭൂമിക്കും മനുഷ്യനുമായി ആകാശത്തോളും നമുക്ക് സ്വപ്‌നങ്ങള്‍ കാണാം.
ഗ്രീന്‍ പാലിയേറ്റീവ് മുന്നോട്ട് വെക്കുന്ന ചില പ്രവര്‍ത്തനങ്ങളെ കൂടെ പരിചയപ്പെടുത്താം..
1.വീല്‍ചെയര്‍ സൗഹൃദ സംസ്ഥാനം:
നീലാകാശത്തിലെ വെള്ളിമേഘങ്ങളുടെയും, ഇണക്കുരുവികളുടെ കൊക്കുരുമ്മലിന്റെയും, പൂക്കളോടുള്ള പൂമ്പാറ്റകളുടെ കിന്നാരം ചൊല്ലലിന്റെയും കാഴ്ചകള്‍ വിലക്കപ്പട്ട കുറേ മനുഷ്യര്‍ നമ്മുടെ ജീവിതപ്പരിസരങ്ങളിലൊക്കെയുണ്ട്. നമ്മുടെ വീടുകളില്‍ അയല്‍പക്കങ്ങളില്‍ ബന്ധുവീടുകളില്‍. പലപേരുകളില്‍ രൂപങ്ങളില്‍ നമുക്കവരെക്കാണാം. അപകടങ്ങളാലും രോഗങ്ങളാലും കൈകാലുകളുടെ ആവത് നഷ്ടപ്പെട്ട ഹതഭാഗ്യരായ കുറേ മനുഷ്യജന്മങ്ങള്‍.
ആരാണ് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവും, ചലനത്തിന്റെ സന്തോഷങ്ങളും അവര്‍ക്ക് തടഞ്ഞത്. ശതലക്ഷങ്ങള്‍ ചെലവഴിച്ച് നമ്മള്‍ കെട്ടിപ്പൊക്കിയ നമ്മുടെ പാര്‍പ്പിടങ്ങളിലും, കലാലയങ്ങളിലും, ആതുരാലയങ്ങളിലും, ആരാധനലായളിലും അവരുടെ ചക്രക്കസേരകളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതാരാണ്. അവരെ ആജീവനാന്ത തടവിന്ന് വിധിക്കാന്‍ കണ്ണു തുറക്കാത്ത നീതിയുടെ എത് ദേവതയാണ് നമ്മോട് മൊഴിഞ്ഞത്.
നമ്മളൊന്ന് മനസുവെച്ചാല്‍ തച്ചുടക്കാവുന്നതെയുള്ളു അവരുടെ മുന്നില്‍ വഴി മുടക്കി നില്‍ക്കുന്ന ഈ പടിക്കെട്ടുകളെ. നമ്മുടെ വീടകങ്ങളും കലാലയങ്ങളും ആതുരാലയങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും ഗതാഗതസംവിധാനങ്ങളും ചക്ക്രക്കസേരകള്‍ക്ക് കൂടി ഉരുണ്ടു കയറുവാന്‍ തരത്തില്‍ ഒന്ന് സംവിധാനിച്ചാല്‍ അവരുടെ നഷ്ടപ്പെട്ട നീലാകാശങ്ങള്‍ നമുക്ക് തിരിച്ചു പിടിക്കാം.
ഈവിഷയത്തില്‍ മനുഷ്യ സ്‌നേഹികളുടെ ശ്രദ്ധകൊണ്ടുവരുന്നതിന്നായി ലോകവികലാംഗ ദിനമായ ഡിസംബര്‍ മൂന്നിന് മലപ്പുറത്ത് വീല്‍ചെയര്‍ സൗഹൃദ സംസ്ഥാനം എന്ന ക്യാമ്പയിന് തുടക്കമിട്ടു.
മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
വിഷയം അവതരിപ്പിച്ചപ്പോള്‍ തന്നെ കലക്ടര്‍ സിവില്‍ സ്റ്റേഷനില്‍ റാംപ് നിര്‍മിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ റാംപുകള്‍ നിര്‍മിച്ചിരിക്കണമെന്ന് ഉത്തരവിടുകയും ഓഫീസുകളെല്ലാം വീല്‍ചെയറിലുള്ളവര്‍ക്കും നേരിട്ട് എത്താവുന്ന തരത്തിലേക്ക് മാറി. കേരളത്തിലെ കെ.യു.ആ.ടി.സി ബസ്സുകളെല്ലാം വീല്‍ചെയര്‍ സൗഹൃദമാവുകയും മലപ്പുറത്ത് പുതുതായി നിര്‍മിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോ വീല്‍ചെയര്‍ സൗഹൃദമായിരിക്കുമെന്നും ഭരണാധികാരികള്‍ ഉറപ്പുതന്നു. തടസ്സങ്ങളില്ലാതെ സ്വപ്നങ്ങള്‍ക്ക് നേരെ ചക്രമുരുട്ടാന്‍ കഴിയുന്ന നല്ലൊരു നാളേക്കായ് ഗ്രീന്‍ പാലിയേറ്റീവ് ഇന്നും പ്രവൃത്തിക്കുന്നു.
2. Poiesis
വര്‍ഷങ്ങളായി വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കട്ടിലിലും വീല്‍ചെയറിലുമായി ഒതുങ്ങിപ്പോയവര്‍. കിടപ്പുമുറിയിലെ കിളിവാതിലിലൂടെ കാണുന്ന ആകാശച്ചതുരമല്ലാതെ പുറംകാഴ്ചകള്‍ നിഷേധിക്കപ്പെട്ടവര്‍.
അങ്ങനെയുള്ള കുറച്ചുപേര്‍ക്കായി പ്രകൃതിസൌന്ദര്യം ആസ്വദിക്കാനും യാത്രചെയ്യാനുമായി ഒരുക്കിയ ഒന്നാണ് Poiesis എന്ന് പറയുന്നത്. ‘poiesis’ എന്നാല്‍ കൊക്കൂണിലെ സമാധിയില്‍ നിന്ന് ശലഭമായി പുറത്തുവരുന്ന അവസ്ഥയെ വിശേഷിപ്പിക്കാനുള്ള വാക്കാണ്.
മലപ്പുറം ജില്ലയിലെ പാണ്ടിക്കാടുള്ള സല്‍വ വൃദ്ധസദനത്തിലെ നിവാസികളോടൊത്ത് നിലമ്പൂരീലേക്കും വീടകങ്ങളില്‍ ഒതുങ്ങിപ്പോയ പത്തോളം പേരെ തിരഞ്ഞെടുത്ത് വയനാട്ടിലേക്കും നടത്തിയ യാത്രകള്‍ എത്രയോ മനോഹരമായിരുന്നു.
കൊടും കുറ്റവാളികള്‍ക്ക് പോലും തടവറകളില്‍ കാലാകാലം കഴിയേണ്ടതില്ലാത്ത ഈ ലോകത്ത് വീട്ടുചുവരുകളുടെ തടവില്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുന്ന കുറേ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടെന്ന വേദനിപ്പിക്കുന്ന അറിവ്..
ഇങ്ങനെ ശിക്ഷിക്കപ്പെടാനുള്ള കുറ്റമാണോ ചലനശേഷി നഷ്ടപ്പെടുക എന്നത്. ഈ പ്രകൃതിയെ ആസ്വദിക്കാന്‍ പുറം ലോകവുമായി ഇടപഴകാന്‍ അവര്‍ക്കും മോഹമുണ്ട്.........തളര്‍ന്നുപോയ ശരീരത്തിനുള്ളില്‍ തളരാത്ത മനസ്സുണ്ട്. ഒരു ഒഴിവുദിവസം അവര്‍ക്കായി നീക്കിവെച്ചാല്‍ ഈ ജീവിതകാലം മുഴുവന്‍ അവരുടെ ഉള്ളില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഒരു നാള്‍ സമ്മാനിക്കാന്‍ കഴിയുമെന്ന തിരിച്ചറിവായിരുന്നു ഈ യാത്രകള്‍..
വയനാട്ടിലേക്കുള്ള യാത്രയില്‍ ആവേശം പകരാന്‍ മാരിയത്ത് ഉണ്ടായിരുന്നു കൂടെ. തന്‍റെ ഇഛശക്തി കൊണ്ടും സര്‍ഗ്ഗശേഷികൊണ്ടും വീടകവും വീല്‍ചെയറും കടന്ന് പുതിയൊരു ലോകം സാധ്യമാണെന്ന് നമ്മെ വിസ്മയിപ്പിച്ച എഴുത്തുകാരിയും ചിത്രകാരിയും അതിനും അപ്പുറം വിശേഷണങ്ങളില്‍ ഒതുങ്ങാത്ത മാരിയത്ത് എന്ന പ്രതിഭ.
കോരിയെടുക്കാനും എത്ര ദുര്‍ഘടമായ വഴിയിലും വീല്‍ ചെയറില്‍ തള്ളിക്കൊണ്ടുപോകാനും കാഴ്ചകള്‍ കാട്ടിക്കൊടുക്കാനും പാട്ടും കളിതമാശകളുമായി കൂടെ നില്‍ക്കാനും ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു കൊണ്ട് green palliative ന്‍റെ വളണ്ടിയര്‍മാര്‍..
യാത്രകള്‍ക്കവസാനം ഓര്‍മ്മക്കായി ഓരോ യാത്രികര്‍ക്കും സമ്മാനപ്പൊതികള്‍ നല്‍കിക്കൊണ്ട് യാത്ര അവസാനിക്കുമ്പോള്‍, വരണ്ടുപോയ താഴ്വരയില്‍ മഴമേഘങ്ങള്‍ കൂടുകൂട്ടുന്നതും വസന്തം പെയ്തുതുടങ്ങുന്നതും വിണ്ട മണ്ണില്‍ പച്ചപ്പിന്‍റെ വന്‍കാടുകള്‍ തഴച്ചു വളരുന്നതും അവരുടെ കണ്ണുകളില്‍ ഞങ്ങള്‍ കണ്ടു. ഇനിയും യാത്രകള്‍ സംഘടിപ്പിക്കണം.. വികാരങ്ങളെയും വിചാരങ്ങളെയും ഉള്ളിലൊളിപ്പിച്ച് നിശബ്ദമായിരിക്കുന്നവരെ തട്ടിയുണര്‍ത്തും.. അവരുടെ ചിറകും നിവര്‍ത്തിപ്പിടിക്കണം.
3. Aright Knowledge Hub
സ്കൂള്‍ പരിസരങ്ങള്‍ ലഹരിയിലും വിദ്യ ആഭാസമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നാളേക്ക് ഉപകാരപ്രദമായ കാമ്പുള്ള യൗവനത്തെ വാര്‍ത്തെടുക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ആ ഒരു ലക്ഷ്യം മുന്നോട്ട് വെച്ചാണ് സെക്രണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായ് ട്യൂഷന്‍ സെന്‍ററുകള്‍ ഗ്രീന്‍ പാലിയേറ്റീവ് നടത്തുന്നത്.
കിഴിശ്ശേരിയില്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തി സാമ്പത്തികമായി പിന്നോക്കവും എന്നാല്‍ വിദ്യാഭ്യാസപരമായി മുന്‍പന്തിയിലും നില്‍ക്കുന്ന മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്കായി 'Aright Knowledge Hub' എന്ന ട്യൂഷന്‍ സെന്‍റര്‍ തുടങ്ങുകയും വിജയകരമായി ആ ദൗത്യം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നു.
പുസ്തകത്തിനകത്തെ പാഠങ്ങള്‍ അതേപടി പകര്‍ന്നുനല്‍കുക എന്നതിലുപരി, ചിന്തിക്കുന്ന പ്രകൃതിയെയും മനുഷ്യനേയും തിരിച്ചറിയാനൊക്കുന്ന എല്ലാ മൂല്യങ്ങളോടും കൂടിയ ഒരു തരമുറയെ വാര്‍ത്തെടുക്കുകയാണ് Aright Knowledge Hub.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിശാലമായ രീതിയില്‍ ഇൗ ദൗത്വം വിജയിപ്പിക്കണമെന്നണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
4. സ്നേഹത്തിന്‍റെ തലോടലുകള്‍.
കാലം പുരോഗമനവും പേറി മുന്നോട്ട് പോയപ്പോള്‍ മനുഷ്യന്‍ മാനവിക മൂല്യങ്ങളുടെ കാര്യത്തില്‍ പിന്നിലേക്കാണ് പോവുന്നത്. പെറ്റുനൊന്ത് വളര്‍ത്തിയ മാതാപിതാക്കളാണിതെന്ന് പോലും മറന്ന് പ്രായമാവുമ്പോള്‍ അവരെ വൃദ്ധസദനങ്ങളിലേക്ക് തള്ളുന്നു. പ്രായമായ മാതാപിതാക്കള്‍ വീട്ടിലുണ്ടാവുന്നത് വീടിന്‍റെ ഭംഗിക്ക് കുറവാണെന്ന് പോലും കരുതുന്നവര്‍ ഒട്ടേറെ.
വാര്‍ദ്ധക്യം രണ്ടാം ബില്യമാണെന്ന് ഗ്രീന്‍ പാലിയേറ്റീവ് ഉറച്ചുവിശ്വസിക്കുന്നു. നമ്മെ ബാല്യത്തില്‍ എങ്ങനെ അവര്‍ സംരക്ഷിച്ചുവോ അതേ സംരക്ഷണമാണ് അവരും ആ പ്രായത്തില്‍ ആഗ്രഹിക്കുന്നത്.
വൃദ്ധസദനങ്ങളിലല്ല, വീടുകളില്‍ തന്നെയാണ് നമ്മുടെ ഉപ്പ-മ്മമാര്‍ പരിപാലിക്കപ്പെടേണ്ടതെന്ന് ഉറക്കെ പറയുകയും പുതുതലമുറയെ ബോധവത്കരണം നടത്തുകയും ചെയ്യുന്നു.
മലപ്പുറം ജില്ലയിലെ പാണ്ടിക്കാടുള്ള 'സല്‍വ കെയര്‍ ഹോം' ഇടയ്ക്കിടക്ക് സന്ദര്‍ശിക്കുകയും നിവാസികളുമായി നല്ലൊരു ബന്ധം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. അതുപോലെ, അരീക്കോട് പഴംപറമ്പില്‍ സ്ഥിതിചെയ്യുന്ന 'കണ്ണുകാണാത്തവരുടെ അഗതിമന്ദിര' നിവാസികളെയും ഇടക്കിടക്ക് സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.
ആരാണീ കൂട്ടാമയ്ക്ക് പിന്നിലെന്ന് ന്യായമായ പലരും ചോദിക്കാറുണ്ട്. കാലം കടുത്ത പരീക്ഷണത്തിലൂടെ നാലു ചുവരുകള്‍ക്കിടയില്‍ തളര്‍ത്തിയിടാന്‍ ശ്രമിക്കുകയും പതറാതെ മുന്നോട്ട് നീങ്ങുകയും ചെയ്തൊരു യുവാവ്. അതെ വെളിമുക്ക് സ്വദേശി റഈസ് ഹിദായ. അവനാണ് ഞങ്ങളുടെ ഊര്‍ജം.
പത്താം ക്ലാസ് പരീക്ഷകഴിഞ്ഞ് സ്കൂള്‍ വാര്‍ഷികത്തിന്‍റെ തലേദിവസം, സ്കൂളിന് മുന്നില്‍ സ്ഥാപിക്കാനുള്ള കമാനങ്ങള്‍ എടുക്കാന്‍ പോയ വാഹനം അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനവുമായി അപകടത്തില്‍ പെട്ട് കവര്‍ന്നെടുത്തത് റഈസിന്‍റെ തലയൊഴികെയുള്ള ശരീരഭാഗങ്ങളുടെ ചലനം
നഷ്ടപ്പെടുകയും ചെയ്തു. റഈസും തളര്‍ച്ചയുടെ വക്കിലായി. ഒരുവേള ദൈവവിശ്വാസം പോലും വിശ്വാസപ്പെട്ടു.
പക്ഷെ റഈസ് തളരാന്‍ തയ്യാറല്ലായിരുന്നു.
ആ ഒറ്റമുറിക്കുള്ളില്‍ നിന്നും പോരായ്മകള്‍ മറന്ന് പ്രതീക്ഷയുമായി മുന്നോട്ട് നീങ്ങി. ലോകവുമായി സംവദിച്ചു. ആശയങ്ങള്‍ക്ക് തിരിതെളിച്ചു. പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്.. ഞാനെത്രയോ ഭാഗ്യാവാനാണെന്ന് പുഞ്ചിരിച്ച് പറയുന്ന റഈസിന് ചുറ്റും പറ്റിപ്പിടിച്ചാണ് ഗ്രീന്‍ പാലിയേറ്റീവ് രൂപം കൊണ്ടത്.
രക്തബന്ധത്തെ വെല്ലുന്ന സൗഹൃദങ്ങളും ഈ പച്ചമരത്തിന്‍റെ തണലില്‍ ആരുമറിയാതെ വളര്‍ന്നുകൊണ്ടിരുന്നു.
'ഒരുപാട് ചെയ്യാനിനിയും..
നല്ലൊരു നാളേക്കയ് കരുത്തോടെ മുന്നേറണം. ഒരുപാട് പ്രാര്‍ത്ഥനകള്‍ കൂട്ടിനുണ്ട് എന്നതാണ് ബലം' ഗ്രീന്‍ പാലിയേറ്റീവ് ചെയര്‍മാനും പ്രമുഖ മൗത്ത് പെയിന്‍ററുമായ ജസ്ഫര്‍.പി. കോട്ടക്കുന്നിത് പറഞ്ഞുവെക്കുമ്പോള്‍ ആ മുഖത്തുണ്ടായിരുന്നത് തെളിച്ചമാര്‍ന്ന പുഞ്ചിരിയായിരുന്നു.
ഈ കൂട്ടായ്മയുടെ ബലം ബഹുഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍ ആണ് എന്നതാണ്. കരുത്തുന്ന യുവത്വം.സുല്ലമുസ്സലാം സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി റാഫിയ ഷെറിനും എല്‍.എല്‍.ബിക്ക് പ്രിപെയര്‍ ചെയ്തുകൊണ്ടിരിക്കുന്ന മുസ്തഫയും മുന്നില്‍ നിന്ന് നയിക്കുന്ന ഈ കൂട്ടത്തിന് നാളെകളില്‍ ചരിത്രം രചിക്കാനാവുമെന്ന് നമുക്കുറപ്പിക്കാം..