ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!
Showing posts with label കുഞ്ഞിക്കുറിപ്പുകള്‍. Show all posts
Showing posts with label കുഞ്ഞിക്കുറിപ്പുകള്‍. Show all posts

Sunday, December 11, 2016

നന്മയുദ്ദേശിച്ചാവട്ടെ എല്ലാം..

വിനോദേട്ടന്‍..
നമ്മളൊരു നല്ല സുഹൃത്താ..
ഇന്നലെ വീട്ടിലേക്കുള്ള വഴി വഴിയില്‍ കണ്ടപ്പോള്‍ വിശേഷങ്ങളും പാരവെപ്പുകളുമായി കുറച്ച് നേരം സംസാരിച്ചിരുന്നു.

പ്രകൃതിയും പ്രകൃതവും മനുഷ്യന്‍റെ മനുഷ്യന്‍റെ പരാക്രമങ്ങളുമൊക്കെ തട്ടിമുട്ടി അവസാനം 'നബിദിനവും' ഞങ്ങളിലേക്ക് അതിഥിയായെത്തി.

അതിനിടെ വിനോദേട്ടന്‍ പറഞ്ഞൊരു വാചകം ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു.
'നബിദിനോം ക്രിസ്തുമസുമെങ്ങാനും ഒന്നിച്ചായിരുന്നേല്‍ പള്ളികള്‍ പരസ്പരം മനസ്സിലാക്കാനാവാതെ പെട്ടുപോയേനെ'
കേട്ട് ഒരുപാട് ചിരിച്ചുപോയി..
ആ ചിരിക്ക് നര്‍മ്മത്തിനപ്പുറം നമ്മുടെ കോലം കെട്ട് പോക്കിന്‍റൊരു ഗന്ധവും ഉണ്ടായിരുന്നു.

ഇന്നലകളില്‍ കണ്ടില്ലാത്ത, ഈ പള്ളിയലങ്കാരങ്ങള്‍ക്ക് ഒരു മിതത്വം ഒക്കെ വെക്കേണ്ടതില്ലെ?? അപ്പുറത്തെ പള്ളിയേക്കാള്‍ തിളക്കമാര്‍ന്നതാവണം എന്നതിനേക്കാള്‍, കൂടുതല്‍ ആളുകള്‍ അഞ്ച് നേരവും സുജൂദ് ചെയ്യുന്ന പള്ളിയാവണം നമ്മുടെ നാട്ടിലേത് എന്ന് ചിന്തിക്കുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതുമല്ലേ മനോഹരം?

ചിരിത്രങ്ങളില്‍ എന്നും കൗതുകം തോന്നിയിട്ടുള്ള പ്രവാചകന്‍ മൂസാ (അ) യുടേതിയിരുന്നു.
അതൊരുപക്ഷെ അദ്ദേഹത്തിന്‍റെ ജാലവിദ്യങ്ങള്‍ ദൈവം നല്‍കി എന്നതാവാം..
ആ പ്രവാചകന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ ജനത സ്വര്‍ണപ്പശുവിനെ നിര്‍മിച്ഛ കഥ ഉപ്പയാണ് മദ്രസയില്‍ പഠിപ്പിച്ചത്.
ദൈവത്തിന് മനസ്സിലൊരു രൂപം നല്‍കി നേരിട്ട് പ്രാര്‍ത്ഥിക്കുന്നതിലൊരു പ്രയാസം തോന്നിയപ്പോള്‍ ഒരുകൂട്ടര്‍ക്ക് തോന്നിയതാണ്, ഒരു രൂപം നിര്‍മിച്ചേക്കാം എന്ന്. പിന്നീടത് ആരാധനാ വസ്തുവായതാണ് ചരിത്രം.

നാം നല്ല ഉദ്ധേശങ്ങള്‍ കൊണ്ടാണ് പള്ളി അലങ്കരിക്കുന്നതും മൗലൂദുകള്‍ ചെല്ലുന്നതും. അത് തെറ്റെന്നോ പൂര്‍വികരില്‍ കണ്ടിട്ടില്ലാത്ത പ്രവര്‍ത്തിയെന്നോ വാദിക്കുന്നില്ല.
മറിച്ച് നാളെ ഒരുകൂട്ടര്‍ ഈ ആഘോഷത്തിലൂടെ തെറ്റുകളിലേക്ക് നീങ്ങുമോ എന്നോരു ഭയം.

ഇന്നലകളില്‍ ഉസ്താദ്മാരുടെ നേതൃത്വത്തില്‍ കേക്കുകള്‍ മുറിച്ചു.
ചിലയിടത്ത് കഅ്ബയുടേതും മറ്റു പള്ളികളുടേതുമായ രൂപങ്ങള്‍ വന്നു.
നാളെ വരും തലമുറക്ക് തിരുമേനിയുടെ ഒരു രൂപം ഉണ്ടാക്കാനായെങ്കില്‍ എന്ന് തോന്നിയാല്‍ അവരും നമ്മെ പോലെ ഞങ്ങളുടെ പൂര്‍വികര്‍ ഞങ്ങള്‍ക്കിതാണ് കാണിച്ചുതന്നതെന്ന് വാദിച്ചേക്കാം..

തെറ്റെന്ന് തോന്നുന്നതിലേക്ക് അടുക്കരുതേ എന്ന് പഠിപ്പിച്ച് പ്രവാചകനെയാണ് എനിക്കേറെ ഇഷ്ടം.. <3 <3
സ്നേഹം <3

facebook.com/mubuvkd

Monday, August 15, 2016

തണലുള്ള ഒരിടം

ഈയിടെയായി പലരും ഗ്രീന്‍ പാലിയേറ്റീവ് എന്താണെന്ന് ചോദിച്ചു വരുന്നു..
ഉള്ളതു പറഞ്ഞാല്‍ ഇതൊരു ജനകീയ പ്രസ്ഥാനമോ, ഒരു ഒച്ചപ്പാടോ, ആവേശമോ അല്ല. ഇതൊരു വികാരമാണ്, മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കുന്നൊരു വികാരം. തന്നെപ്പോലെതന്നെ തന്റെ സഹജീവികളെയും സ്‌നേഹിക്കുന്ന, ചവിട്ടി നില്‍ക്കുന്ന, ജീവശ്വാസം നല്‍കുന്ന ഭൂമിയെ സ്‌നേഹിക്കുന്നൊരു വികാരം.
രോഗപീഢകളാലും, അപകടങ്ങളാലും കൈകാലുകള്‍ ശോഷിച്ച്, എല്ലുകള്‍ തകര്‍ന്ന് മരുന്നുകള്‍ക്കൊന്നും ചെയ്യാനില്ലാതെ, പാതി മരിച്ച ശരീരവുമായി ജീവിതത്തിന്റെ രാപലുകള്‍ തള്ളിനീക്കുന്ന പരസഹസ്രങ്ങള്‍ നമ്മുടെ ചുറ്റുപാടുകളിലൊക്കെയുണ്ട്.
നമ്മള്‍ നമ്മുടെ വിദ്യാസ്ഥാപനങ്ങളിലേക്ക്, ജോലിസ്ഥലത്തേക്ക്, കല്യാണ വീട്ടിലേക്ക്, ജീവിത വ്യവഹാരങ്ങളിലേക്ക് മല്‍സരിച്ചലറിപ്പായുന്ന നിറമുള്ളതെന്ന് നമ്മള്‍ ധരിച്ചുവശായ ജീവിതത്തിന്റെ ഇടങ്ങളില്‍, നമ്മുടെ അയല്‍പക്കത്ത്, ബന്ധുവീട്ടില്‍ എല്ലാം അത്തരക്കാരുണ്ട്.
കണ്ണുകളൊന്ന് തുറന്ന പിടിച്ചാല്‍, ഒന്ന് ചെവിയോര്‍ത്താല്‍ കാണാവുന്നതും തൊടാവുന്നതുമേയുളളൂ നമുക്കവരെ.
ആകാശത്തെപ്പോലും അതിജയിക്കുന്ന ഇച്ഛാശകതിയാല്‍, ജീവിതത്തിലേക്ക് എണീററു നടന്നവര്‍ അവരില്‍ തുലോം കുറവാണ്.
ആസുരമായ ഈ മത്സരപ്പാച്ചിലില്‍ വീണുപോയ നമ്മുടെ ആ സഹജീവികളെ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്കും, അദ്ഭുതതങ്ങളിലേക്കും തിരികെ കൈ പിടിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് മനസ്സിലുറപ്പിക്കുന്നവര്‍ക്ക് ഇതൊരിടമാണ്. ആ പതിതരെ മാറോട് ചേര്‍ത്തുപിടിച്ച് നെഞ്ചിലെ ചൂടും സ്‌നേഹവും കരുതലും നല്‍കാന്‍ വളരെക്കുറച്ച് സമയം മാറ്റിവെക്കാന്‍ നമുക്കുണ്ടെങ്കില്‍ ഒരു വസന്തം തന്നെ നമുക്ക് തീര്‍ക്കാം.
ത്വരയും ആര്‍ത്തിയും മൂത്ത മനുഷ്യന്റെ അധമകരങ്ങളാല്‍ മരിച്ചുവീഴുന്ന തേനീച്ചകളെയും ശലഭങ്ങളെയും പക്ഷികളെയും ഓര്‍ക്കുന്നവര്‍ക്കും ഇതൊരിടമാണ്. പരാഗണങ്ങള്‍ നടക്കാതെ, പൂക്കാതെ, കായ്ക്കാതെ ജീവിതനിയോഗം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ഉണങ്ങി വീഴുന്ന വള്ളികളുടെയും ചെടികളുടെയും മനുഷ്യന്റെ തന്നെയും, ഗദ്ഗദം നെഞ്ചിലേറ്റുവാങ്ങുന്നവര്‍ക്കും ഗ്രീന്‍ പാലിയേറ്റീവ് തണലുള്ളൊരിടം തന്നെയാണ്.
ഗ്രീന്‍ പാലിയേറ്റീവ് ലോഗോ
ഈ ഭൂമി വരും തലമുറയില്‍ നിന്ന് നമുക്കനന്തരം കിട്ടിയതാണെന്ന് ചിന്തിക്കുന്നവര്‍ക്കും, കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക മാലിന്യങ്ങളാല്‍ ജീവശ്വാസം നിലനിര്‍ത്താന്‍ പാടുപെടുന്ന ഭൂമിയെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമയമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിതമായി ജനിതകമാറ്റം തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്ന വരും തലമുറയെ സ്‌നേഹിക്കുന്നവര്‍ക്കും ഗ്രീന്‍ പാലിയേറ്റീവ് ഒരു സങ്കേതം തന്നെയാണ്.
നാമോരുരത്തരും മഹിതമായ ഈ മൂല്യങ്ങളുടെ ധ്വജവാഹകരായി സ്വയം മാറുമ്പോള്‍, ആ ഒരു നല്ല നാളെക്കായി ചില പദ്ധതികളും കര്‍മ്മരേഖകളും തയ്യാറാവുകയാണ്. അവ നമ്മുടെ ജീവിത പരിസരങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നതോടുകൂടി സന്തോഷത്തിന്റെ സമത്വ സുന്ദരമായ ഒരു ഭൂമിക്കും മനുഷ്യനുമായി ആകാശത്തോളും നമുക്ക് സ്വപ്‌നങ്ങള്‍ കാണാം.
ഗ്രീന്‍ പാലിയേറ്റീവ് മുന്നോട്ട് വെക്കുന്ന ചില പ്രവര്‍ത്തനങ്ങളെ കൂടെ പരിചയപ്പെടുത്താം..
1.വീല്‍ചെയര്‍ സൗഹൃദ സംസ്ഥാനം:

നീലാകാശത്തിലെ വെള്ളിമേഘങ്ങളുടെയും, ഇണക്കുരുവികളുടെ കൊക്കുരുമ്മലിന്റെയും, പൂക്കളോടുള്ള പൂമ്പാറ്റകളുടെ കിന്നാരം ചൊല്ലലിന്റെയും കാഴ്ചകള്‍ വിലക്കപ്പട്ട കുറേ മനുഷ്യര്‍ നമ്മുടെ ജീവിതപ്പരിസരങ്ങളിലൊക്കെയുണ്ട്. നമ്മുടെ വീടുകളില്‍ അയല്‍പക്കങ്ങളില്‍ ബന്ധുവീടുകളില്‍. പലപേരുകളില്‍ രൂപങ്ങളില്‍ നമുക്കവരെക്കാണാം. അപകടങ്ങളാലും രോഗങ്ങളാലും കൈകാലുകളുടെ ആവത് നഷ്ടപ്പെട്ട ഹതഭാഗ്യരായ കുറേ മനുഷ്യജന്മങ്ങള്‍.
ആരാണ് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവും, ചലനത്തിന്റെ സന്തോഷങ്ങളും അവര്‍ക്ക് തടഞ്ഞത്. ശതലക്ഷങ്ങള്‍ ചെലവഴിച്ച് നമ്മള്‍ കെട്ടിപ്പൊക്കിയ നമ്മുടെ പാര്‍പ്പിടങ്ങളിലും, കലാലയങ്ങളിലും, ആതുരാലയങ്ങളിലും, ആരാധനലായളിലും അവരുടെ ചക്രക്കസേരകളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതാരാണ്. അവരെ ആജീവനാന്ത തടവിന്ന് വിധിക്കാന്‍ കണ്ണു തുറക്കാത്ത നീതിയുടെ എത് ദേവതയാണ് നമ്മോട് മൊഴിഞ്ഞത്.
നമ്മളൊന്ന് മനസുവെച്ചാല്‍ തച്ചുടക്കാവുന്നതെയുള്ളു അവരുടെ മുന്നില്‍ വഴി മുടക്കി നില്‍ക്കുന്ന ഈ പടിക്കെട്ടുകളെ. നമ്മുടെ വീടകങ്ങളും കലാലയങ്ങളും ആതുരാലയങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും ഗതാഗതസംവിധാനങ്ങളും ചക്ക്രക്കസേരകള്‍ക്ക് കൂടി ഉരുണ്ടു കയറുവാന്‍ തരത്തില്‍ ഒന്ന് സംവിധാനിച്ചാല്‍ അവരുടെ നഷ്ടപ്പെട്ട നീലാകാശങ്ങള്‍ നമുക്ക് തിരിച്ചു പിടിക്കാം.
ഈവിഷയത്തില്‍ മനുഷ്യ സ്‌നേഹികളുടെ ശ്രദ്ധകൊണ്ടുവരുന്നതിന്നായി ലോകവികലാംഗ ദിനമായ ഡിസംബര്‍ മൂന്നിന് മലപ്പുറത്ത് വീല്‍ചെയര്‍ സൗഹൃദ സംസ്ഥാനം എന്ന ക്യാമ്പയിന് തുടക്കമിട്ടു.
മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
വിഷയം അവതരിപ്പിച്ചപ്പോള്‍ തന്നെ കലക്ടര്‍ സിവില്‍ സ്റ്റേഷനില്‍ റാംപ് നിര്‍മിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ റാംപുകള്‍ നിര്‍മിച്ചിരിക്കണമെന്ന് ഉത്തരവിടുകയും ഓഫീസുകളെല്ലാം വീല്‍ചെയറിലുള്ളവര്‍ക്കും നേരിട്ട് എത്താവുന്ന തരത്തിലേക്ക് മാറി. കേരളത്തിലെ കെ.യു.ആ.ടി.സി ബസ്സുകളെല്ലാം വീല്‍ചെയര്‍ സൗഹൃദമാവുകയും മലപ്പുറത്ത് പുതുതായി നിര്‍മിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോ വീല്‍ചെയര്‍ സൗഹൃദമായിരിക്കുമെന്നും ഭരണാധികാരികള്‍ ഉറപ്പുതന്നു. തടസ്സങ്ങളില്ലാതെ സ്വപ്നങ്ങള്‍ക്ക് നേരെ ചക്രമുരുട്ടാന്‍ കഴിയുന്ന നല്ലൊരു നാളേക്കായ് ഗ്രീന്‍ പാലിയേറ്റീവ് ഇന്നും പ്രവൃത്തിക്കുന്നു.
2. Poiesis
വര്‍ഷങ്ങളായി വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കട്ടിലിലും വീല്‍ചെയറിലുമായി ഒതുങ്ങിപ്പോയവര്‍. കിടപ്പുമുറിയിലെ കിളിവാതിലിലൂടെ കാണുന്ന ആകാശച്ചതുരമല്ലാതെ പുറംകാഴ്ചകള്‍ നിഷേധിക്കപ്പെട്ടവര്‍.
അങ്ങനെയുള്ള കുറച്ചുപേര്‍ക്കായി പ്രകൃതിസൌന്ദര്യം ആസ്വദിക്കാനും യാത്രചെയ്യാനുമായി ഒരുക്കിയ ഒന്നാണ് Poiesis എന്ന് പറയുന്നത്. ‘poiesis’ എന്നാല്‍ കൊക്കൂണിലെ സമാധിയില്‍ നിന്ന് ശലഭമായി പുറത്തുവരുന്ന അവസ്ഥയെ വിശേഷിപ്പിക്കാനുള്ള വാക്കാണ്.
മലപ്പുറം ജില്ലയിലെ പാണ്ടിക്കാടുള്ള സല്‍വ വൃദ്ധസദനത്തിലെ നിവാസികളോടൊത്ത് നിലമ്പൂരീലേക്കും വീടകങ്ങളില്‍ ഒതുങ്ങിപ്പോയ പത്തോളം പേരെ തിരഞ്ഞെടുത്ത് വയനാട്ടിലേക്കും നടത്തിയ യാത്രകള്‍ എത്രയോ മനോഹരമായിരുന്നു.
കൊടും കുറ്റവാളികള്‍ക്ക് പോലും തടവറകളില്‍ കാലാകാലം കഴിയേണ്ടതില്ലാത്ത ഈ ലോകത്ത് വീട്ടുചുവരുകളുടെ തടവില്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുന്ന കുറേ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടെന്ന വേദനിപ്പിക്കുന്ന അറിവ്..
ഇങ്ങനെ ശിക്ഷിക്കപ്പെടാനുള്ള കുറ്റമാണോ ചലനശേഷി നഷ്ടപ്പെടുക എന്നത്. ഈ പ്രകൃതിയെ ആസ്വദിക്കാന്‍ പുറം ലോകവുമായി ഇടപഴകാന്‍ അവര്‍ക്കും മോഹമുണ്ട്.........തളര്‍ന്നുപോയ ശരീരത്തിനുള്ളില്‍ തളരാത്ത മനസ്സുണ്ട്. ഒരു ഒഴിവുദിവസം അവര്‍ക്കായി നീക്കിവെച്ചാല്‍ ഈ ജീവിതകാലം മുഴുവന്‍ അവരുടെ ഉള്ളില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഒരു നാള്‍ സമ്മാനിക്കാന്‍ കഴിയുമെന്ന തിരിച്ചറിവായിരുന്നു ഈ യാത്രകള്‍..
വയനാട്ടിലേക്കുള്ള യാത്രയില്‍ ആവേശം പകരാന്‍ മാരിയത്ത് ഉണ്ടായിരുന്നു കൂടെ. തന്‍റെ ഇഛശക്തി കൊണ്ടും സര്‍ഗ്ഗശേഷികൊണ്ടും വീടകവും വീല്‍ചെയറും കടന്ന് പുതിയൊരു ലോകം സാധ്യമാണെന്ന് നമ്മെ വിസ്മയിപ്പിച്ച എഴുത്തുകാരിയും ചിത്രകാരിയും അതിനും അപ്പുറം വിശേഷണങ്ങളില്‍ ഒതുങ്ങാത്ത മാരിയത്ത് എന്ന പ്രതിഭ.
കോരിയെടുക്കാനും എത്ര ദുര്‍ഘടമായ വഴിയിലും വീല്‍ ചെയറില്‍ തള്ളിക്കൊണ്ടുപോകാനും കാഴ്ചകള്‍ കാട്ടിക്കൊടുക്കാനും പാട്ടും കളിതമാശകളുമായി കൂടെ നില്‍ക്കാനും ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു കൊണ്ട് green palliative ന്‍റെ വളണ്ടിയര്‍മാര്‍..
യാത്രകള്‍ക്കവസാനം ഓര്‍മ്മക്കായി ഓരോ യാത്രികര്‍ക്കും സമ്മാനപ്പൊതികള്‍ നല്‍കിക്കൊണ്ട് യാത്ര അവസാനിക്കുമ്പോള്‍, വരണ്ടുപോയ താഴ്വരയില്‍ മഴമേഘങ്ങള്‍ കൂടുകൂട്ടുന്നതും വസന്തം പെയ്തുതുടങ്ങുന്നതും വിണ്ട മണ്ണില്‍ പച്ചപ്പിന്‍റെ വന്‍കാടുകള്‍ തഴച്ചു വളരുന്നതും അവരുടെ കണ്ണുകളില്‍ ഞങ്ങള്‍ കണ്ടു. ഇനിയും യാത്രകള്‍ സംഘടിപ്പിക്കണം.. വികാരങ്ങളെയും വിചാരങ്ങളെയും ഉള്ളിലൊളിപ്പിച്ച് നിശബ്ദമായിരിക്കുന്നവരെ തട്ടിയുണര്‍ത്തും.. അവരുടെ ചിറകും നിവര്‍ത്തിപ്പിടിക്കണം.
3. Aright Knowledge Hub
സ്കൂള്‍ പരിസരങ്ങള്‍ ലഹരിയിലും വിദ്യ ആഭാസമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നാളേക്ക് ഉപകാരപ്രദമായ കാമ്പുള്ള യൗവനത്തെ വാര്‍ത്തെടുക്കേണ്ടത് നമ്മുടെ ബാധ്യതയാണ്‌. ആ ഒരു ലക്ഷ്യം മുന്നോട്ട് വെച്ചാണ് സെക്രണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായ് ട്യൂഷന്‍ സെന്‍ററുകള്‍ ഗ്രീന്‍ പാലിയേറ്റീവ് നടത്തുന്നത്.
കിഴിശ്ശേരിയില്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തി സാമ്പത്തികമായി പിന്നോക്കവും എന്നാല്‍ വിദ്യാഭ്യാസപരമായി മുന്‍പന്തിയിലും നില്‍ക്കുന്ന മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്കായി 'Aright Knowledge Hub' എന്ന ട്യൂഷന്‍ സെന്‍റര്‍ തുടങ്ങുകയും വിജയകരമായി ആ ദൗത്യം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നു.
പുസ്തകത്തിനകത്തെ പാഠങ്ങള്‍ അതേപടി പകര്‍ന്നുനല്‍കുക എന്നതിലുപരി, ചിന്തിക്കുന്ന പ്രകൃതിയെയും മനുഷ്യനേയും തിരിച്ചറിയാനൊക്കുന്ന എല്ലാ മൂല്യങ്ങളോടും കൂടിയ ഒരു തരമുറയെ വാര്‍ത്തെടുക്കുകയാണ് Aright Knowledge Hub.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിശാലമായ രീതിയില്‍ ഇൗ ദൗത്വം വിജയിപ്പിക്കണമെന്നണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
4. സ്നേഹത്തിന്‍റെ തലോടലുകള്‍.
കാലം പുരോഗമനവും പേറി മുന്നോട്ട് പോയപ്പോള്‍ മനുഷ്യന്‍ മാനവിക മൂല്യങ്ങളുടെ കാര്യത്തില്‍ പിന്നിലേക്കാണ് പോവുന്നത്. പെറ്റുനൊന്ത് വളര്‍ത്തിയ മാതാപിതാക്കളാണിതെന്ന് പോലും മറന്ന് പ്രായമാവുമ്പോള്‍ അവരെ വൃദ്ധസദനങ്ങളിലേക്ക് തള്ളുന്നു. പ്രായമായ മാതാപിതാക്കള്‍ വീട്ടിലുണ്ടാവുന്നത് വീടിന്‍റെ ഭംഗിക്ക് കുറവാണെന്ന് പോലും കരുതുന്നവര്‍ ഒട്ടേറെ.
വാര്‍ദ്ധക്യം രണ്ടാം ബില്യമാണെന്ന് ഗ്രീന്‍ പാലിയേറ്റീവ് ഉറച്ചുവിശ്വസിക്കുന്നു. നമ്മെ ബാല്യത്തില്‍ എങ്ങനെ അവര്‍ സംരക്ഷിച്ചുവോ അതേ സംരക്ഷണമാണ് അവരും ആ പ്രായത്തില്‍ ആഗ്രഹിക്കുന്നത്.
വൃദ്ധസദനങ്ങളിലല്ല, വീടുകളില്‍ തന്നെയാണ് നമ്മുടെ ഉപ്പ-മ്മമാര്‍ പരിപാലിക്കപ്പെടേണ്ടതെന്ന് ഉറക്കെ പറയുകയും പുതുതലമുറയെ ബോധവത്കരണം നടത്തുകയും ചെയ്യുന്നു.
മലപ്പുറം ജില്ലയിലെ പാണ്ടിക്കാടുള്ള 'സല്‍വ കെയര്‍ ഹോം' ഇടയ്ക്കിടക്ക് സന്ദര്‍ശിക്കുകയും നിവാസികളുമായി നല്ലൊരു ബന്ധം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. അതുപോലെ, അരീക്കോട് പഴംപറമ്പില്‍ സ്ഥിതിചെയ്യുന്ന 'കണ്ണുകാണാത്തവരുടെ അഗതിമന്ദിര' നിവാസികളെയും ഇടക്കിടക്ക് സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.
ആരാണീ കൂട്ടാമയ്ക്ക് പിന്നിലെന്ന് ന്യായമായ പലരും ചോദിക്കാറുണ്ട്. കാലം കടുത്ത പരീക്ഷണത്തിലൂടെ നാലു ചുവരുകള്‍ക്കിടയില്‍ തളര്‍ത്തിയിടാന്‍ ശ്രമിക്കുകയും പതറാതെ മുന്നോട്ട് നീങ്ങുകയും ചെയ്തൊരു യുവാവ്. അതെ വെളിമുക്ക് സ്വദേശി റഈസ് ഹിദായ. അവനാണ് ഞങ്ങളുടെ ഊര്‍ജം.
പത്താം ക്ലാസ് പരീക്ഷകഴിഞ്ഞ് സ്കൂള്‍ വാര്‍ഷികത്തിന്‍റെ തലേദിവസം, സ്കൂളിന് മുന്നില്‍ സ്ഥാപിക്കാനുള്ള കമാനങ്ങള്‍ എടുക്കാന്‍ പോയ വാഹനം അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനവുമായി അപകടത്തില്‍ പെട്ട് കവര്‍ന്നെടുത്തത് റഈസിന്‍റെ തലയൊഴികെയുള്ള ശരീരഭാഗങ്ങളുടെ ചലനം
നഷ്ടപ്പെടുകയും ചെയ്തു. റഈസും തളര്‍ച്ചയുടെ വക്കിലായി. ഒരുവേള ദൈവവിശ്വാസം പോലും വിശ്വാസപ്പെട്ടു.
പക്ഷെ റഈസ് തളരാന്‍ തയ്യാറല്ലായിരുന്നു.
ആ ഒറ്റമുറിക്കുള്ളില്‍ നിന്നും പോരായ്മകള്‍ മറന്ന് പ്രതീക്ഷയുമായി മുന്നോട്ട് നീങ്ങി. ലോകവുമായി സംവദിച്ചു. ആശയങ്ങള്‍ക്ക് തിരിതെളിച്ചു. പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്.. ഞാനെത്രയോ ഭാഗ്യാവാനാണെന്ന് പുഞ്ചിരിച്ച് പറയുന്ന റഈസിന് ചുറ്റും പറ്റിപ്പിടിച്ചാണ് ഗ്രീന്‍ പാലിയേറ്റീവ് രൂപം കൊണ്ടത്.
രക്തബന്ധത്തെ വെല്ലുന്ന സൗഹൃദങ്ങളും ഈ പച്ചമരത്തിന്‍റെ തണലില്‍ ആരുമറിയാതെ വളര്‍ന്നുകൊണ്ടിരുന്നു.
'ഒരുപാട് ചെയ്യാനിനിയും..
നല്ലൊരു നാളേക്കയ് കരുത്തോടെ മുന്നേറണം. ഒരുപാട് പ്രാര്‍ത്ഥനകള്‍ കൂട്ടിനുണ്ട് എന്നതാണ് ബലം' ഗ്രീന്‍ പാലിയേറ്റീവ് ചെയര്‍മാനും പ്രമുഖ മൗത്ത് പെയിന്‍ററുമായ ജസ്ഫര്‍.പി. കോട്ടക്കുന്നിത് പറഞ്ഞുവെക്കുമ്പോള്‍ ആ മുഖത്തുണ്ടായിരുന്നത് തെളിച്ചമാര്‍ന്ന പുഞ്ചിരിയായിരുന്നു.
ഈ കൂട്ടായ്മയുടെ ബലം ബഹുഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍ ആണ് എന്നതാണ്. കരുത്തുന്ന യുവത്വം.സുല്ലമുസ്സലാം സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി റാഫിയ ഷെറിനും എല്‍.എല്‍.ബിക്ക് പ്രിപെയര്‍ ചെയ്തുകൊണ്ടിരിക്കുന്ന മുസ്തഫയും മുന്നില്‍ നിന്ന് നയിക്കുന്ന ഈ കൂട്ടത്തിന് നാളെകളില്‍ ചരിത്രം രചിക്കാനാവുമെന്ന് നമുക്കുറപ്പിക്കാം..

Tuesday, November 17, 2015

നമുക്കൊന്നിക്കാം, നല്ലൊരു നാളേക്കായ്..

    ഉമ്മാ എന്ന അനിയന്‍റെ നീട്ടിയ വിളികേട്ടതുകൊണ്ടാണ് ഞാന്‍ റൂമില്‍ നിന്നിറങ്ങിയത്. പുറത്ത് ലൗബേര്‍ഡ്സിന്‍റെ കൂടിനടുത്ത് നിന്നാണ് ശബ്ദം കേട്ടത്. ഞാനെത്തിയപ്പോയേക്കും കാഴ്ചക്കാര്‍ കുറച്ചുണ്ടായിരുന്നു.ഞാനേകദേശം ഊഹിച്ചു. രണ്ടാഴ്ച മുമ്പ് വിരിഞ്ഞ കുഞ്ഞ് പുറത്തിറങ്ങിക്കാണും. അതാവും ഇവന്‍ വിളിച്ചാര്‍ത്തത്. പിന്തിരിഞ്ഞ് പോവാന്‍ നിന്ന എന്നെ ഒന്ന് എത്തിനോക്കിപ്പിച്ചത് എല്ലാവരുടേയും മുഖത്ത് നിഴലിച്ച് നില്‍ക്കുന്ന സങ്കടമായിരുന്നു. ദൈവമെത്ര വലിയവന്‍.. പൂര്‍ണാരോഗ്യത്തോടെ കുഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയപ്പോയാണ് ആ സൃഷ്ടിയില്‍ ദൈവമൊരു ദൃഷ്ടാന്തമായി ഒളിപ്പിച്ചുവെച്ച പരിമിതികളെ കാണാനായത്. ഇരുകാലകളും ഇരുവശങ്ങളിലേക്ക് അകന്നു നില്‍ക്കുന്നു. ഒന്നെഴുന്നേല്‍ക്കാനാവാതെ അതെ താഴെ കിടന്ന് മറിയുന്നു.
അനിയന്‍റെ നിറഞ്ഞ കണ്ണുകളെന്‍റെ ഉള്ളിലും നനവിന്‍റെ വിത്ത് പാകി. ഭക്ഷണപാത്രത്തിലേക്കും വെള്ളം വെച്ച പാത്രത്തിനരികേക്കും ആ കുഞ്ഞുകുളിയെ എടുത്ത് വെച്ച് അനിയന്‍ സദാ അതിന്‍റെ കൂടെയായി.
    ഒന്ന് രണ്ട് ദിവസം കഴിഞ്ഞു. ഞങ്ങളതിനെ മറന്നുതുടങ്ങി. കൂട്ടത്തിലെ ഒരു കിളിയായ് മറ്റുകിളികളോടൊപ്പം കൂടാതെ അത് ഇഴഞ്ഞുനടന്നു. അനിയനപ്പോഴും പ്രതീക്ഷയര്‍പ്പിച്ച് പറഞ്ഞുകൊണ്ടിരുന്നു. 'പറക്കും.. ആ കുഞ്ഞിക്കിളി പറക്കും..' .
ഇന്ന് വീട്ടിലെ കിളിക്കൂടില്‍ ഏറ്റവും ഉയരത്തില്‍ ആ കിളിയുണ്ടാവും.. മറ്റുള്ളവയെ തോല്‍പ്പിച്ച് പറന്നിറങ്ങും.. ഉയരങ്ങളില്‍ ചെന്ന് ചുണ്ടുപയോഗിച്ച് നില്‍ക്കും. മറ്റുള്ളവയൊട് കിന്നരിക്കും. അമ്മയാവാനുള്ള ഒരുക്കത്തിലാണ് ആ കിളി എന്നറിഞ്ഞപ്പോള്‍ അനുഭവപ്പെട്ട സന്തോഷം ചെറുതല്ല. പോരാഴ്മകളില്‍‍ വേവലാതിപ്പെടാതെ സ്വധ്വൈര്യം തന്‍റെ പിറവിക്ക് പിന്നിലൊരു ലക്ഷ്യമുണ്ടെന്ന് വിശ്വസിച്ചതാവാം ആ കിളിയെ വിജയത്തിലേക്ക് നയിച്ചത്.
നമുക്ക് ചുറ്റിലും കാണാം ഇത്തരത്തിലൊരുപാട് ആളുകളും സംഭവങ്ങളും.. പതറാതെ മുന്നോട്ട് നീങ്ങാനാവണം. എല്ലാവര്‍ക്കും ഈ ഭൂമിയിലോരോ ദൗത്യമുണ്ട്. ചെറുമണ്‍തരി പോലും വെറുതെ പടച്ചിട്ടില്ലെന്ന് പറഞ്ഞത് ദൈവം തന്നെയാണ്. പോരാഴ്മകള്‍ കണ്ടെത്തി അവയെ നികത്താനാവുമ്പോഴാണ് വിജയം വരുക. ആ വിജയത്തിലും മറ്റുള്ളവര്‍ക്ക് തണലേകാനായാല്‍ അതെത്രയോ മഹത്തരം..
   ആ കുഞ്ഞിക്കിളിയെ പറന്നുയരാന്‍ പ്രേരിപ്പിച്ചത് അതിനോടുള്ള സമീപനമായിരിക്കാം. പെട്ടെന്ന് ഭക്ഷണവും വെള്ളവും ലഭിക്കാന്‍ ചെറുപാത്രങ്ങള്‍ അനിയന്‍ ഉപയോഗിച്ചപ്പോള്‍ ആ കിളിക്ക് ലഭിച്ചത് അളക്കാനാവാത്ത പ്രോത്സിഹനവും പ്രചോദനവുമാവാം.. നമുക്ക് ചുറ്റിലുള്ളവരിലേക്കും ആ കണ്ണുകളോടെ നാം തിരിയേണ്ടതുണ്ട്. തളര്‍ന്ന ശരീരമാണേലും തളരാത്ത സ്വപ്നങ്ങളും പേറി പുറത്തിറങ്ങുന്ന ഒരുപാട് പേരുണ്ട്. പലയിടത്തും സ്റ്റെപ്പുകള്‍ അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നു. ആരാധനാലയങ്ങളോ പൊതുസ്ഥലങ്ങളോ എന്തുമാവാട്ടെ, അവരും അവരുടെ സ്വപ്നങ്ങളും പുറത്ത് തടയപ്പെടുന്നു. ആയിരം സ്ക്വയര്‍ ഫീറ്റുണ്ടേല്‍ റാംമ്പുകള്‍ നിര്‍മിച്ചിരിക്കണമെന്ന് നിയമമുണ്ടെങ്കിലും ആരും പാലിക്കുന്നില്ല. അവരുടെ സ്വപ്നങ്ങളും ആശകളും ആരുമറിയാതെ വിലങ്ങണിയിക്കപ്പെടുന്നു.
മാറ്റണം. അവരും സ്വപ്നങ്ങള്‍ക്ക് പിന്നാലെ നീങ്ങിത്തുടങ്ങട്ടെ.. കുഞ്ഞിക്കിളിയെ സഹായിച്ച കുഞ്ഞുമനസ്സുള്ള അനിയനെ പോലെ തടസ്സങ്ങളില്ലാതെ മുന്നോട്ട് നീങ്ങാനാവാന്‍ നമുക്കും കൈകോര്‍ക്കാം..
ഉമ്മാ എന്ന അനിയന്‍റെ നീട്ടിയ വിളികേട്ടതുകൊണ്ടാണ് ഞാന്‍ റൂമില്‍ നിന്നിറങ്ങിയത്. പുറത്ത് ലൗബേര്‍ഡ്സിന്‍റെ കൂടിനടുത്ത് നിന്നാണ് ശബ്ദം കേട്ടത്. ഞാനെത്തിയപ്പോയേക്കും കാഴ്ചക്കാര്‍ കുറച്ചുണ്ടായിരുന്നു.
  തുടക്കമെന്നോണം  ഈ വരുന്ന ഡിസംബര്‍ മൂന്നിന് മലപ്പുറം കലക്ട്രേറ്റിലേക്ക് വീല്‍ ചയറില്‍ ഇരുന്നുകൊണ്ട് ചെറിയൊരു റാലി സംഘടിപ്പിക്കുന്നു. നിങ്ങളേയും ക്ഷണിക്കുന്നു. പടുത്തുയര്‍ത്തിയര്‍ത്തിയ തടസ്സങ്ങള്‍ക്ക് മുകളില്‍ നമുക്കൊന്നിക്കാം.. ഈ ഊരും ഓരവും മാനവും അവരുടേത് കൂടിയിണെന്ന് ഉറക്കെ വിളിച്ചുപറയാം..


#WheelchairFriendlyState
#GreenPalliative
#Dec3 #malappuram

Tuesday, November 3, 2015

തിരഞ്ഞെടുപ്പിന്റൊരു ചൂടെയ്..

         എല്ലാവരും ഓട്ടത്തിലാണ്..പാര്‍ട്ടി പാട്ടുകള്‍ നിരത്തുമുഴുവന്‍ കവര്‍ന്നിരിക്കുന്നു. സ്ഥാനാര്‍ത്ഥികളൊക്കെയും വഴിനീളെ പല്ലിളിച്ച് നില്‍ക്കുന്നു. ഒരുഭാഗത്ത് അടിപിടികളും മാന്യമായി നടക്കുന്നു. 
ആളുകളോരോന്ന് മാറിവരുന്നു എന്നല്ലാതെ ഭരണത്തിലൊരു മാറ്റവുമില്ലാതെ കാലം മുന്നോട്ട് പോവുമ്പോള്‍ ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ബാല്യത്തിന്റെ ഓര്‍മകളിലേക്ക് ഊര്‍ന്നിറങ്ങുന്നതിന് വേറൊരു രസം തന്നെയാണ്.
കൊഴിഞ്ഞ്‌പോയ ഓര്‍മകളെ ക്രമം തെറ്റാതെ ഓര്‍ത്തെടുക്കാനാവുക പ്രയാസമാണ്. അവയില്‍ പകുതിയും ചിതലരിച്ചുകാണും. എങ്കിലും കുഞ്ഞനിയന്മാരിലൂടെ ഓര്‍മയിലിന്നും അവ്യക്തമായിക്കിടക്കുന്ന ആ ബാല്യത്തെ ഞാനും നുകരാറുണ്ട്. 
വാതോരാതെ വിളിച്ചുപറഞ്ഞുപോവുന്ന വണ്ടിക്ക് പിന്നില്‍ മത്സരിച്ചോടിയതും മധുരമൂറുന്ന പ്രലോഭനങ്ങളിലും മിഠായികളിലും വീണ് പലനിറത്തിലുള്ള കൊടികള്‍ക്കുപിന്നിലും അങ്ങോട്ടുമിങ്ങോട്ടും ഓടിയതും ഇന്നും ഓര്‍മയിലുണ്ട്. കറവീഴാത്ത ബാല്യത്തിന് അന്നെന്ത് പാര്‍ട്ടി.. എല്ലാം ഞങ്ങളെ പാര്‍ട്ടിയായിരുന്നു. 
പിന്നെയങ്ങ് കുറച്ചുകാലം ഹോസ്റ്റല്‍ ജീവിയായി വേഷം കെട്ടേണ്ടിവന്നു. പറിച്ചുനട്ട മരത്തെ പോലെ രണ്ട് വര്‍ഷം പരുങ്ങിയപ്പോഴേക്കും കൊല്ലം കുറെയങ്ങ് കൊഴിഞ്ഞു. തിരഞ്ഞെടുപ്പുകള്‍ എന്നെ ബാധിക്കാത്ത വിചിത്രവസ്തുവായതിനാലെന്തോ കടന്നുപോയതൊന്നും അറിഞ്ഞതുമില്ല. ആ അഞ്ചാം ക്ലാസുകാരന്റെ സമപ്രായത്തിലുള്ളവര്‍ ഇന്ന് പോസ്റ്ററൊട്ടിച്ചും ഒച്ചപ്പാടാക്കിയും ആഘോഷിക്കുമ്പോള്‍ എനിക്കും കൊതി തോന്നുന്നു. നിശ്ചലമായ ക്ലോക്കിനെ പോലെ ഇന്നും ഞാനാ ബാല്യത്തിലായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോവുന്നു..
ഇന്ന് ഞാനുമൊരു വോട്ടുകാരനാണ്. എന്റെ നാടിന്റെ നാളയെ തീരുമാനിക്കുന്നതില്‍ എന്റെ വോട്ടും വിലപ്പെട്ടതാണ്. കൗതുകത്തെ പോലെ ഭയവുമുണ്ട്. എല്ലാവരും ഒരുപോലെ വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുന്നു.  എല്ലാവരും ഒരുപോലെ ആട്ടും തോലണിഞ്ഞിറങ്ങുന്ന ഈ കാലത്ത് വോട്ടുചെയ്യാതിരിക്കലാവും ഒരുപക്ഷെ വിപ്ലവം എന്ന് തോന്നിപ്പോവും..
പലനിറത്തിലുള്ള കൊടികളാണ് മനസ്സിനെയും പലനിറത്തിലാക്കിയത്. നല്ലൊരു നാളേക്ക് നല്ലൊരു പാര്‍ട്ടിക്കുപകരം നല്ലൊരു മനസ്സിനെ കൂട്ടുപിടിച്ചിരുന്നെങ്കില്‍... എന്റെ അയല്‍ക്കാരിന്ന് പരസ്പരം തല്ലുകൂടില്ലായിരുന്നു എന്നെനിക്ക് ഉറപ്പ് പറയാനാവും. 
വേണ്ട, ലോകം ഇങ്ങനെയങ്ങ് പോവട്ടെ.. ഇങ്ങനെ ഇങ്ങനെയങ്ങ് പോവട്ടെ. മോഷ്ടിക്കുന്നവര്‍ മോഷ്ടിക്കട്ടെ.. ചൂഷണം ചെയ്യപ്പെടുന്നവര്‍ ചൂഷണം ചെയ്യപ്പെടട്ടെ.. ചിലരാ മൂലയില്‍ പീഡിപ്പിക്കപ്പെടട്ടെ.. എന്നിലേക്കാരും നോക്കരുത്. ഞാനാ കുഞ്ഞുബാല്യത്തില്‍ ലയിക്കട്ടെ.. ഒന്നുമറിയാത്തവനായി ഒന്നുകൊണ്ടും അലട്ടപ്പെടാത്തവനായി ഞാനാ ബാല്യത്തിന്റെ ഓര്‍മകളില്‍..

Tuesday, October 6, 2015

പള്ളിത്താത്ത

     പള്ളിപ്രവേശനത്തിന്‍റെ പേരില്‍ പോലും പരസ്പരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലത്ത് പള്ളി പരിപാലിക്കുന്ന സ്ത്രീകളെ കുറിച്ചൊന്ന് ചിന്തിക്കാമോ?? ഈ ചോദ്യത്തിന്‍റെ ഉത്തരമാണ് സൈനബയും ഖദീജയും.
      കോഴിക്കോട് മൊയ്തീന്‍പള്ളി തുടങ്ങിയിട്ട് അറുപതോളം വര്‍ഷം കഴിഞ്ഞു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നമസ്കാര സൗകര്യമുണ്ടായിരുന്ന ഈ പള്ളിയില്‍ 36 വര്‍ഷം മുമ്പ് എത്തിച്ചേര്‍ന്നതാണ് സൈനബ. പള്ളിയുമായി അടുക്കാനുള്ളൊരു മനസ്സ് അവരെ എല്ലാ സാഹചര്യങ്ങളിലും മുന്നോട്ട് കൊണ്ട് പോയി. വാര്‍ധക്യം ആരോഗ്യനിലയെ തളര്‍ത്താന്‍ തുടങ്ങിയപ്പോയും സൈനബ പള്ളിയുമായുള്ള ബന്ധം തുടര്‍ന്നു.
1996 മുതല്‍ സൈനബയോടൊപ്പം പുതിയപറമ്പ് സ്വദേശിയായ ഖദീജയും പള്ളിപരിപാലനത്തിലേക്ക് കടന്നുവന്നു. ചെറുപ്പം മുതലേ മൊയ്തീന്‍ പള്ളിയുമായി ഖദീജക്ക് ബന്ധമുണ്ടായിരുന്നു. ഉമ്മയോടും സഹോദരനോടുമൊപ്പം എല്ലാ ജുമുഅ നമസ്കാരത്തിനും അങ്ങോട്ടായിരുന്നു പോവാറ്. പിന്നീട് വിവാഹവും പ്രാരാപ്തങ്ങളുമായപ്പോയും ഇതില്‍ മാറ്റമൊന്നും വന്നില്ല. 'ചെറുപ്പം തൊട്ടേ പള്ളിയുമായി  അടുക്കാന്‍ അടങ്ങാത്ത ആഗ്രഹമായിരുന്നു. വാഴക്കാടുള്ള സഹോദരനില്‍ നിന്നാണ് ദീനിനോട് കൂടുതല്‍ അടുക്കാനുള്ള പ്രചോദനമുണ്ടായത്. വിവിധ ദീനീ ക്ലാസുകളിലും യോഗങ്ങളിലും മത്സരങ്ങളിലുമൊക്കെ സഹോദരനോടൊപ്പം പോവുമായിരുന്നു' ഖദീജ പറയുന്നു.അത്  പിന്നീട് 1998 ആയപ്പോഴേക്കും ഖുര്‍ആന്‍ പഠനക്ലാസുകള്‍ നടത്തുന്നതിലെത്തി.
        വീട്ടില്‍ അച്ചാറുകള്‍ നിര്‍മിച്ച് വീടുകളില്‍ ചെന്ന് കച്ചവടം ചെയ്ത് ജീവിക്കുകയായിരുന്നു ഖദീജ. അച്ചാറുകച്ചവടത്തിലൂടെ ഇന്ന് താമസിക്കുന്ന ഭൂമി വാങ്ങി. നല്ല മനസ്സുള്ള ഒരുപാട് പേരുടെ സഹായത്തോടെ വീട് നിര്‍മിച്ചു. ഒറ്റക്കാണ് താമസം. മക്കളൊന്നുമില്ല. പക്ഷേ ഖദീജക്ക് പരിഭവങ്ങളൊന്നുമില്ല. 'അല്ലാഹുവല്ലേ എല്ലാം തീരുമാനിക്കുന്നത്, മക്കളായാരും ഇല്ലെങ്കിലെന്ത്, ഒത്തിരി പേരെ അല്ലാഹു തന്നു. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്ന വഴികളില്‍ സ്നേഹത്തോടെ പള്ളിത്താത്താ എന്ന് വിളിച്ച വരുന്ന കുട്ടികള്‍, അവരെല്ലാവരും എനിക്ക് മക്കളെ പോലെയാണ്' പുഞ്ചിരിച്ച് കൊണ്ട് ഖദീജ പറഞ്ഞു.
         ഇരുപത്തേഴ് വര്‍ഷത്തോളമായി സൈനബ ടീച്ചറുമായുള്ള ബന്ധം തുടങ്ങിയിട്ട്. ടീച്ചറെപ്പോഴെങ്കിലും ലീവെടുക്കുമ്പോയൊക്കെ ഖദീജ പകരമായി നില്‍ക്കും. ഇഹത്തിലൊരു നേട്ടവും നോക്കിയല്ല,പരത്തിലെ വിജയത്തിനായ്. 2005 ഫ്രബുവരി മൂന്നിനാണ് പള്ളിയില്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങിയത്. പതിനെട്ട് വര്‍ഷത്തോളമായി തനിച്ചാണ്. രാവിലെ പള്ളിയിലേക്ക് പോയാല്‍ മഗ്രിബിന് ശേഷമാണ് മടക്കം. സഹായത്തിനായി ആരുമില്ലെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍  ഏട്ടത്തിയുടെ മകളോ ആരെങ്കിലും സഹായത്ഥിനായ് എത്താറുണ്ട്. 'വീട്ടിലിരിക്കുമ്പോള്‍ എന്തോ വിഷമമാണ്. എപ്പോഴും പള്ളിയോട് ചേര്‍ന്ന് നില്‍ക്കാനാണിഷ്ടം. പെട്ടെന്ന പള്ളിയിലെത്തണം എന്നെപ്പോഴും തോന്നിക്കൊണ്ടിരിക്കും. പള്ളിരിലാവുമ്പോള്‍ ജമാഅത്തും ലഭിക്കും' ഈമാന്‍ നിറഞ്ഞതായിരുന്നു ആ വാക്കുകള്‍.
    അച്ചാര്‍ കൊണ്ട് നടക്കുമ്പോഴും ദഅ്വത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പള്ളിയിലും ഇതില്‍ മാറ്റമൊന്നില്ല.ചെറിയ ചെറിയ തെറ്റിദ്ധാരണകള്‍ കാരണമാണ് പലരും സ്ത്രീകള്‍ പള്ളിയില്‍
പോവുന്നതില്‍ തര്‍ക്കിക്കുന്നത് എന്നാണ് ഖദീജയുടെ പക്ഷം. പലരും ഞങ്ങളുടെ വീട്ടിലാരും പോവാറില്ല, പിന്നെന്തിന് ഞങ്ങള്‍ പോകണം എന്നാണ് പറയാറ്.അതൊരിക്കലും ശരിയല്ല.
ഈ കാലത്തെ മറിയം ബീവിയെ പോലെ പള്ളിയുമായി മുന്നോട്ട് നീങ്ങുമ്പോഴും, ഈ പരമ്പരയെ കാത്ത് സൂക്ഷിക്കാന്‍ ഇനിയാര് എന്നതാണ് ഉത്തരം തേടുന്ന ചോദ്യം. ഖദീജ പ്രതീക്ഷാ നിര്‍ഭരമായ കൈകളുയര്‍ത്തി പ്ര ര്‍ത്ഥനയിലാണ്..

Thursday, July 30, 2015

കുയ്യാനക്കായൊരിത്തിരി നേരം..

ഗള്‍ഫില്‍ നിന്ന് ലീവിനെത്തിയ കുഞ്ഞാമ(ഉമ്മയുടെ അനിയത്തി)യുടെ കുട്ടിയോട് ചുമ്മാ ചോദിച്ചതാ..
"കുയ്യാനയെ കണ്ടിട്ടുണ്ടോന്ന്?? :)
"'Zoo വില്‍ പോയപ്പോ കണ്ടിരുന്നു..
ആനയുടെ കുഞ്ഞല്ലെ.."
ഒട്ടും കൂസലില്ലാതെ അവളു പറഞ്ഞപ്പോ ഞെട്ടലും ചിരീം സങ്കടോം ഒക്കെ വന്നു..
അവള്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളിങ്ങനെ ആയോണ്ടല്ലേ,
കുയ്യാനയെ കാണിച്ചുകൊടുക്കാമെന്ന് കരുതി മുറ്റത്തേക്കിറങ്ങിയതാ..
കോണ്‍ക്രീറ്റിട്ട് മിനുക്കിയ മുറ്റത്തെന്ത് കുയ്യാന??
അവസാനം ഗൂഗിളിനെ തന്നെ ബന്ധട്ടെടേണ്ടി വന്നു..
ആരോ കൂട്ടിയിട്ട ഒരിത്തിരി ചിത്രങ്ങളില്‍ കാണാന്‍ ചന്തമുള്ള കുഴികളുണ്ടാക്കീയ കുറച്ച് കുയ്യാനകളെ അവിടെ
കാണാനായി എന്നത് സന്തോഷം....

Wednesday, April 15, 2015

എവിടെയാ കുട്ടിക്കാലം??


എണീറ്റ ഉടനെ അനിയനെ ഇടിച്ചുണ൪ത്തി ആരും കാണാതെ ഒളിപ്പിച്ചുവെച്ച കോട്ടികളുമെടുത്ത് മുറ്റത്തേക്കിറങ്ങി കളി തുടങ്ങി. അവനും ഞാനും മാറി മാറി ജയിച്ചു. അതിനിടെ സമയം ഞങ്ങളെ അതിജയിച്ചു.
കുളിയും പല്ലുതേപ്പുമൊക്കെ കഴിഞ്ഞ് സ്കൂളിലേക്ക് പോവാനിറങ്ങി.  ഉമ്മയുടെ അവസാനവട്ട പരിശോധനയിൽ ബേഗിലൊളിപ്പിച്ച കോട്ടികളൊക്കെ കണ്ടെടുക്കപ്പെട്ടു. പാവം ഉമ്മക്കറിയില്ലല്ലോ, കളിക്കാനിനിയും കളികളെത്ര കിടക്കുന്നൂ..
പേനക്കളി കളിച്ചും വിരലുകൊണ്ട് ക്രിക്കറ്റ് കളിച്ചും പൂജ്യം വെട്ടിയും എസ്.ഒ.എസ് വരച്ചും പേരിടാത്ത വേറേം കളികളിലൂടെയും ഓരോ പിരിയിഡും തള്ളിനീക്കി.
ഉച്ചയൂണ് രണ്ടുരുളക്ക് തട്ടി എല്ലാരും ഗ്രൌണ്ടിലെത്തും. പിന്നെ കാത്തോ ആണ്. വലിയ കോലു കൊണ്ട് ചെറിയ കോലിനെ പൊക്കിയെറിഞ്ഞ് കല്ലിൽ നിന്ന് കല്ലിലേക്ക് മാറി മാറി രസമുള്ള കളി. ചില ദിവസങ്ങളിൽ ചട്ടിപ്പന്ത് കളിയാവും. ബഹുനില കെട്ടിടം പോലെ ഒന്നി൯റെ മേൽ ഒന്നായി അടുക്കി വെച്ച കല്ലുകളെ നിശ്ചിത ദൂരത്ത് നിന്ന് എറിഞ്ഞ് തെറിപ്പിക്കണം. എതി൪ ടീം ആ പന്ത് പരസ്പരം കൈമാറി നമ്മെ എറിയാ൯ ശ്രമിക്കും, ആ ഏറുകൾക്കൊന്നും പിടികൊടുക്കാതെ എറിഞ്ഞുതെറിപ്പിച്ച കല്ലുകളെ തിരികെ അടുക്കിവെക്കുന്നവ൪ വിജയിച്ചു. അപ്പോഴേക്കും ബെല്ലടിക്കും. പിന്നെ ബാക്കിപിരിയിഡുകൾ ഉച്ചയൂണി൯റെ മേലെ ദഹിക്കാതെ കിടന്ന ആ കളികളെ പറ്റിയാകും. ചൂടുപിടിച്ച ത൪ക്കങ്ങളും ചില മൽപിടുത്തങ്ങളുമാമ്പോൾ മാഷിടപെടും. ചിലരുപിന്നെ ഉറക്കത്തിലേക്ക് മിഴിയടക്കുകയും മറ്റുചില൪ ശബ്ദമുണ്ടാക്കാതെ മറ്റുകളികളിലേക്ക് മിഴിതുറക്കുകയും ചെയ്യും.
നീട്ടിയ ബെല്ല്, ക്ലാസിൽ നിന്നും മത്സരിച്ച് പുറത്തെത്താ൯ നോക്കും. അത് പക്ഷേ, പെട്ടെന്ന് വീട്ടിലേക്കോടി ചെല്ലാനല്ല,ഒരു രസം..
പിരിയുന്നതിന് മുമ്പ് ചട്ടിയേറൂടെ കളിക്കും. ചുരുട്ടിക്കൂട്ടിയ കടലാസുകളും മാ൪ക്ക്കുറഞ്ഞ ഉത്തരപേപ്പറുകളുമൊക്കെ പന്തിനെ രൂപീകരിക്കുന്നതിൽ പങ്കുചേരും. ഏറുകൊള്ളുന്നവന് ഇത്തിരിയെങ്കിലും നോവട്ടെ എന്ന് കരുതി പേപ്പറുകൾക്കിടയിൽ കല്ലും ഒളിപ്പിച്ചു വെക്കും. പലപ്പോഴും എനിക്കുതന്നെ ഏറുകിട്ടും. ചളിപുരളാ൯ ഒരിടവും ബാക്കിയില്ലാതെ ഏറുകൊണ്ടിടവും ഉഴിഞ്ഞ് വീട്ടിലേക്ക് കയറിച്ചെല്ലും. എന്നത്തേഴും പോലെ ഉമ്മയിൽ നിന്നും ഏറുകൊള്ളും. വൈകുന്നേരക്കളിയിൽ എല്ലാം അലിഞ്ഞുചേരും.
വീട്ടിലെത്തിയാൽ പിന്നെ ഇത്താത്തമാരുടെയും അനിയന്മാരുടെയും കൂടെയാവും കളികൾ. ചട്ടിയേറാണെനിക്കിഷ്ടമെങ്കിലും അനിയന്മാ൪ക്ക് ധൈര്യമില്ലാത്ത ഘട്ടം വരുമ്പോൾ കിടക്കയിൽ കിടന്ന് നാട൯തല്ലുകൾക്ക് തിരിതെളിക്കും. ചട്ടകത്തലപ്പുമായുള്ള ഉമ്മയുടെ വരവുകണ്ടാലുട൯ ഓടി മുറ്റത്തേക്കിറങ്ങും. ഇത്താത്തമാരുടെ കക്കുകളിയിലും പുളിങ്കുരുവിലും കൊത്തങ്കല്ലിലും കയറിപ്പറ്റും. പിടിവിട്ടുപോവുമെന്ന് തോന്നുമ്പോൾ  കള്ളകളികൾക്ക് ശ്രമിക്കും. പിന്നെയും പിന്നെയും ഓരോരോ കളികൾ. അതിനിടയിൽ സൂര്യ൯ ക്ഷീണിച്ച് ഉറങ്ങാ൯ തുടങ്ങും. പാതിതുറന്ന പുസ്തകങ്ങളിൽ കണ്ണോടിച്ചും കൊത്തുവാക്കുകൾ പറഞ്ഞും തല്ലുകൂടിയും കിടക്കയിലേക്ക്. തീ൪ന്നല്ല, അവിടെ വെച്ചൊരു അന്താക്ഷേരിയും.. പിന്നെയും പതിവുപോലെ.
മധുരമുള്ള ഓ൪മകൾ ഇനിയുമേറെ. വ൪ഷങ്ങളൊത്തിരി കൊഴിഞ്ഞുപോയിട്ടും ഓരോന്നും ദഹിക്കാതെ തികട്ടിവരുന്നു. ഓരോ കളികളിലൂടെയും അന്ന് ഞാ൯ വാരിക്കൂട്ടിയത് വിലമതിക്കാനാവാത്ത സൌഹൃദങ്ങളായിരുന്നു. എന്നും മധുരം നുകരാനൊക്കുന്ന ഓ൪മകളായിരുന്നു. ഇന്ന് ഈ ഓ൪മകളോടൊപ്പം ഒരു സങ്കടവും നിഴലിച്ചു നിൽക്കുന്നു. വള൪ന്നുവരുന്ന എ൯റെ അനിയന്മാ൪ക്കൊക്കെയും ഈ കളികളും സൌഹൃതങ്ങളും അന്യമായിരിക്കുന്നു എന്നതാണതിനു കാരണം.
ഞാ൯ ജനിച്ചുവീണത് മോഡേ൯ യുഗമെന്ന് നാം വിളിക്കുന്ന ഇന്നിലേക്കായിരുന്നെങ്കിൽ, എഴുന്നേറ്റ ഉടനെ പല്ലുതേപ്പും കുളിയും കഴിച്ച് ട്യൂഷനുകൾക്ക് തലകൊടുക്കേണ്ടി വന്നേനെ. അതുകഴിയുമ്പോയേക്കും ഹോണടിച്ച് ബസ്സെത്തും. ഷ൪ട്ടി൯റെ കോളറുകൾക്ക് മീതെ ടൈ വലിച്ചുകെട്ടി ബസ്സും കയറി സ്കൂളിലെത്തും. ചോ൪ന്നൊലിക്കാത്ത ക്ലാസുമുറിയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ പെയ്തിറങ്ങും. സൂര്യനതി൯റെ പകുതിദൂരം പിന്നിടുമ്പോൾ വീട്ടിൽ നിന്നും ബേഗിൽ ബന്ധിച്ച സാ൯വിച്ചോ വ൪ണഭരിതമായ പലഹാരങ്ങളോ അകത്താക്കും. ഇടയ്ക്കെത്തുന്ന ഒഴിവുപിരിയിഡിൽ തടിയനങ്ങാതെ രണ്ട് കളികളിക്കും. അത് പലപ്പോഴും നോട്ടെണ്ണം കാണിക്കാനൊക്കുന്ന പലവലിപ്പത്തിലുള്ള യന്ത്രക്കോപ്പുകളിലാവും. പിന്നെ വൈകുന്നേരം വീട്ടിലെത്തിയാലുടനെ അടുത്ത ട്യൂഷ൯. അതിൽ നിന്ന് വിരമിച്ചയുടനെ ചോട്ടാഭീനോടും ജാക്കീചോനോടും കൂട്ടുകൂടുന്നു. ഡോറയോട് സംസാരിച്ചും ടോമിൽ നിന്ന് ചെറിയെ രക്ഷിച്ചും പിറന്നാളിന് സമ്മാനം കിട്ടിയ പാവയെ കെട്ടിപ്പിടിച്ച് എനിക്ക് ഉറക്കത്തിന് കീഴ്പ്പെടേണ്ടി വരുന്നു.
എന്തിനെയൊക്കെയോ തോൽപ്പിക്കണമെന്ന ചിന്തയാവാം നമ്മെയൊക്കെയും പരിഷ്കരണങ്ങൾക്ക് വിധേയമാക്കിയത്. നാം സ്വയം പരിഷ്കൃതരാവാ൯ നോക്കിയപ്പോൾ നമ്മുടെ പഴമത്വം ചോ൪ന്നൊലിച്ചു. പരിഷ്കരണങ്ങൾ നല്ലതിനു തന്നെയാണ്. പക്ഷെ ഇതിലെവിടെ പരിഷ്കരണം?  നാം അനുഭവിച്ച ആ കുട്ടിക്കാലത്തി൯റെ  മധുരമൂറുന്ന അനുഭവക്കുറിപ്പുകളല്ല പുതുതലമുറക്കാവശ്യം. ആ കുട്ടിക്കാലത്തെ എന്തുകൊണ്ട് നമുക്കവ൪ക്ക് നൽകിക്കൂടാ?
ചെരുപ്പ് ഉപേക്ഷിച്ച് മണ്ണിലൂടെ ഒന്ന് നടക്കാനിഷ്ടപ്പെടാത്ത എത്രയെത്ര മക്കൾ? സ്വന്തം മക്കൾ മണ്ണിൽ കളിക്കുന്നത് ഇഷ്ടപ്പെടാത്ത എത്രയെത്ര രക്ഷിതാക്കൾ? ഇതൊക്കെ എന്തിനു വേണ്ടി? സ്വന്തം രക്തത്തെ പോലും തിരിച്ചറിയണേൽ രക്തത്തെ തിരിച്ചറിയണമെന്ന് ഞാ൯ വിശ്വസിക്കുന്നു. മണ്ണിനെ അടുത്തറിഞ്ഞവ൪ക്ക് മാത്രമെ പ്രകൃതിയെയും പ്രപഞ്ചത്തെയും മനസ്സിലാക്കാനാവൂ.. അപ്പോൾ മാത്രമെ നാം അനുഭവിച്ച ആ കുട്ടിക്കാലത്തേക്കവ൪ക്ക് മടങ്ങാനാവൂ.
നമ്മുടെ മക്കളെ ദൃശ്യമാധ്യമ കഥാപാത്രങ്ങളെ അമിതമായ് സ്നേഹിച്ച് നാളെ നമുക്ക് നേരെ തോക്കേന്തുന്ന യന്ത്രങ്ങളാക്കി മാറ്റണോ അതോ മണ്ണിനെ തൊട്ടറിഞ്ഞ് മണ്ണിൽ നിന്നാണഅ തുടക്കമെന്നും മണ്ണിലേക്കാണ് ഒടുക്കമെന്നുമറിയുന്ന നന്മയൂറുന്ന മക്കളാക്കി മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്.

(ഫോട്ടോ:ഗൂഗിൾ)

Thursday, June 5, 2014

പുതുപ്രതീക്ഷകളുമായ്.....



പണ്ട്, ഇതുപോലൊരു പരിസ്ഥിതി ദിനത്തിലാണ് ഞങ്ങളെ ക്ലാസ് ടീച്ചറായ സുജാദ ടീച്ച൪ എനിക്കൊരു കൊച്ചു മഹാഗണി തൈയ്യും ഒരു ബുക്കും തന്നു. അന്ന് ഞാ൯ മൂന്നാം ക്ലാസിലായിരുന്നു. ഒരു കൈ ഒരു തൈ എന്ന ആ ബുക്കി നാമ്പിടുന്ന ഇലകളുടെയും കൊഴിഞ്ഞുപോകുന്ന ഇലകളുടെയും എണ്ണവും തീയ്യതിയും രേഖപ്പെടുത്താ൯ സുജാദ ടീച്ച൪ നി൪ദേശിച്ചു. നമ്മുടെ കൈ കൊണ്ട് നടുന്ന മരത്തി൯റെ ഓരോ ചലനങ്ങളെയും അടുത്തറിയാനും പ്രകൃതിയുമായൊരു അനുരാഗം രൂപപ്പെടുത്താനുമായിരുന്നു അതെന്നായിരുന്നു എ൯റെ വിചാരം. ഇന്നലെയെന്തോ ഒരു സംശയം. അതിലൂടെ ടീച്ചറെന്നി ജീവിതബോധം ഉണ൪ത്താ൯ ശ്രമിച്ചതായിരുന്നോ..? കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ദിവസങ്ങളെ കൊഴിഞ്ഞുപോകുന്ന ഇലകളായും പ്രതീക്ഷകള൪പ്പിക്കുന്ന നാളെകളെ പുതുനാമ്പുകളായും ചിത്രീകരിച്ചതാണോ എന്ന്.. ശരിയായിരിക്കാം.. സ്വന്തം ജീവിതത്തെ കുറിച്ചുള്ള ഒരു ബോധം നമ്മി രൂപപ്പെടേണ്ടതുണ്ട്. ഈ പരിസ്ഥിതി നാളി പുതിയൊരു തൈ മണ്ണോടു ചേ൪ത്ത് വെച്ച് മനസ്സിലുറപ്പിക്കാം...
പ്രതീക്ഷകള൪പ്പിക്കാം..
പുതുനാമ്പുകണക്കെ തിളക്കമുള്ളതാവട്ടെ നാളെകളും...
ആശംസകൾ..!!

Tuesday, January 21, 2014

ആരും അനുകരിക്കാ൯ കൊതിക്കുന്ന ബഷീ൪ക്ക..

ഞാ൯ ആദരിക്കുന്ന.. അതിലുപരി മലയാളമണ്ണാദരിക്കുന്ന ബേപ്പൂരി൯റെ സുൽത്താനെ കുറിച്ച് അദ്ദേഹത്തി൯റെ ജന്മദിനമായ ഇന്നുതന്നെ എന്തെങ്കിലും കുറിച്ചിടണമെന്നു തോന്നി.. എന്തെഴുതണമെന്നറിയില്ലെങ്കിലും ഉള്ളിലെന്തോ ഒരു സന്തോഷം...
എ൯റെയോ൪മ്മ ശരിയാണെങ്കിൽ പത്താം ക്ലാസിലെ മലയാളം സെക്ക൯റിലെ 'പാത്തുമ്മയുടെ ആട്' എന്ന നോവലിലൂടെയാണ് ഞാ൯ വൈക്കം മുഹമ്മദ് ബഷീ൪ എന്ന ബഷീ൪ക്കയെ ആദ്യമായി കേൾക്കുന്നത്. കേവലമൊരു പാസ്മാ൪ക്ക്   നേടുക എന്ന ലക്ഷ്യത്താൽ വായിച്ചുതീ൪ത്ത പുസ്തകം എന്നതിലുപരി പാത്തുമ്മയുടെ ആടുമായോ ബഷീ൪ക്കയുമായോ എനിക്കൊന്നുമില്ലായിരുന്നു.
അത് കഴിഞ്ഞു. പിന്നീട് വെക്കേഷനിലെപ്പോഴോ ആ പഴയ 'ആടി'നെ കയ്യിൽ കിട്ടിയപ്പോൾ (മലയാളത്തിനു ലഭിച്ച  എ പ്ലസ് എന്ന ഗ്രേഡുകാരണമാവാം)
ഞാനതു വായിച്ചു. ഞാ൯ പരീക്ഷക്കു വേണ്ടി പരിചയപ്പെട്ട നോവൽ അല്ലാത്ത പോലെ എനിക്കതു അനുഭവുപ്പെട്ടു..പിന്നീടെന്തോ തേടിപ്പിടിച്ചൊരുപാട് വായിച്ചു. ബാല്യകാലസഖി, മതിലുകൾ, ൯റുപ്പൂപ്പാ൯റെ ആന തുടങ്ങി ഒത്തിരി വായിച്ചു.. വായനയിലൊരു താൽപര്യവുമില്ലാത്ത ഞാനിതെല്ലാം എങ്ങനെ വായിച്ചെടുത്തു എന്നാലോചിക്കുമ്പോൾ എന്തെന്നറിയാത്ത ഒരു കൌതുകം.. ഒരു പക്ഷേ അദ്ദേഹത്തി൯റെ ന൪മ്മം നിറഞ്ഞ ഭാഷയാവാം..
ഇന്നും, ഡിഗ്രി ക്ലാസിലെ ബോറഡിയിലായാലും ദാഹമുറ്റി കുടിവെള്ളത്തിനായ് കേഴുമ്പോയായാലും ബഷീ൪ക്ക ഇടയ്ക്കൊക്കെ മനസ്സിലേക്കോടി വരും..
ആരും അനുകരിക്കാ൯ കൊതിക്കുന്ന വ്യക്തിത്വമാണ് ബഷീ൪ക്ക. ബഷീ൪ക്ക ഉമ്മയോട് മാതാവേ ഇത്തിരി ശുദ്ധജലം തരൂ എന്ന ചോദിച്ചതിലെ ന൪മ്മം മൂത്ത് ഞാനും  ഉമ്മയോട് ചോദിച്ചുനോക്കിയിട്ടുണ്ട്... സ്വന്തം പ്രസവത്തെ ഹാസ്യത്തോടെ അവതരിപ്പിച്ച ബഷീ൪ക്ക..
സാഹിത്യത്തിലൊളികൊണ്ട വ൪ണവ്യവസ്ഥകളെ തിരുത്തിയെഴുതി എഴുപതുവ൪ഷം മുമ്പ് മലയാളത്തി൯റെയും മലയാളിയുടെയും മുന്നിലേക്ക് കടന്നുവന്ന ബഷീ൪ക്ക..
വാക്കുകൾക്കൊണ്ട് മൌനവും മൌനം കൊണ്ട് വാക്കുകളെയും സൃഷ്ടിച്ച ബഷീ൪ക്ക..
വ്യാകരണത്തി൯റെ വേലിക്കെട്ടുകളെ പൊളിച്ചുമാറ്റി എനിക്കെ൯റേതുമാത്രമായ വാക്കുകളും രൂപവേഷങ്ങളുമുണ്ടെന്ന് പറഞ്ഞ എഴുത്തുകാരിലെ വ്യത്യസ്ഥനായ ബഷീ൪ക്ക..
സ്വന്തം ജീവിത അനുഭവങ്ങൾ ഹാസ്യം നിറഞ്ഞ ഭാഷയിൽ വരച്ച് തീഷ്ണമായ ചിന്തകൾക്ക് തിരികൊളുത്തിയ മഹാ൯.. വായനക്കാര ഒരുപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും (എന്നെപോലുള്ള കുഞ്ഞുഹൃദയരെ) കരയിപ്പിക്കുകയും ചെയ്ത ബഷീ൪ക്ക..
അതിലുപരി സ്വതന്ത്രസമര വേദിയിലെ കരുത്തനായ പോരാളി.. സഞ്ചാരി.. വിവ൪ത്തക൯... ആ മഹാ൯റെ ജീവിത താളുകളെ കീറിമുറിക്കാ൯  ഞാനാഗ്രഹിക്കുന്നില്ല...


 

Tuesday, December 31, 2013

പുതിയ കാല്‍വെപ്പ്‌



ഇന്നൊരു രാത്രി കൂടെ വിടവാങ്ങിയാല്‍
നാളെ ന്യൂ ഇയര്‍ ആണ്.
കുപ്പിയായും പടക്കമായും ഒരുപാട് പൊട്ടും ..
പുതിക്കിപ്പോരുന്ന പ്രതിജ്ഞപോലെ 
നാളെയും കുറെ തീരുമാനങ്ങളെടുക്കണം..
നന്നായി പഠിക്കണം..,
നല്ല കുട്ടിയാവണം..,
കുട്ടിത്തം നിര്‍ത്തണം..,
ഇത്തിരി ഗൌരവത്തില്‍ കാര്യങ്ങളൊക്കെ കാണണം.........
ഉമ്മ കടയിലെക്കെഴുതുന്ന ലിസ്റ്റു പോലെ താഴോട്ട് നീണ്ടു പോകാന്‍ മാത്രമുണ്ട്...
കഴിഞ്ഞ  വര്‍ഷം ജീവിക്കാനായതില്‍ ദൈവത്തെ സ്തുതിക്കുമ്പോഴും നഷ്ടപ്പെട്ട ഒരു വര്‍ഷമെന്ന ദുഖം നുരയും പതയുമായുണ്ട്..
കാര്യമായൊന്നും നേടാതെ പലപ്പോയും ഒഴുക്കിനൊത്ത് നീങ്ങിയത്തിലുള്ള ദുഖം..
ഒത്തിരി വിയര്‍ത്ത് എതിരെ നീന്താന്‍ പഠിച്ചപ്പോഴേക്കും നഷ്ടപ്പെട്ട നിമിഷങ്ങള്‍..
എങ്കിലും കാണാറുള്ള സ്വപ്നങ്ങളിലേക്ക് പറന്നുയരാനാകുമെന്ന പ്രതീക്ഷയുണ്ട്..
ഈ ഇത്തിരി വെട്ടത്തിനൊരു മെഴുകുതിരിയെങ്കിലും തെളിക്കാനാകുമെന്ന പ്രതീക്ഷ..