എണ്ണം കൊണ്ട് വമ്പത്തം കാട്ടിയ
മലയാളസിനിമക്ക് 2012 സമ്മാനിച്ചത് ഒട്ടേറെ ശുഭപ്രതീക്ഷകള്‍. 127 സിനിമകള്‍
തിയറ്ററിലെത്തിയെന്ന റെക്കോഡുമായാണ് വര്‍ഷം കടന്നുപോകുന്നത്. ഇതിനുപുറമേ,
12 ഡബ്ബിംഗ് ചിത്രങ്ങളും. ഒപ്പം, മലയാളസിനിമ ഏതെങ്കിലും തരംഗത്തിന്
പിന്നാലെ മാത്രം കണ്ണുമടച്ച് പായുക മാത്രമല്ലെന്ന വ്യക്തമായ സൂചനയും 2012
നല്‍കി.
- ഹിറ്റുകളുടെ കഥ
ബ്ലോക്ക് ബസ്റ്ററുകളും സൂപ്പര്‍ ഹിറ്റുകളും ഹിറ്റുകളും ഉള്‍പ്പെടെ
പതിനഞ്ചിലേറെ വമ്പന്‍ വിജയങ്ങള്‍ 2012ല്‍ മലയാളസിനിമ നേടി. മാസ്
പ്രേക്ഷകരുടെ ശക്തമായ പിന്തുണയുമായി ദിലീപിന്റെ 'മായാമോഹിനി'
തന്നെയായിരുന്നു ബ്ലോക്ക് ബസ്റ്റര്‍ പദവി നേടി ഒന്നാമതെത്തിയത്. സിബി കെ.
തോമസ്- ഉദയകൃഷ്ണ ടീം രചിച്ച് ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രം നഗര ഗ്രാമ
വ്യത്യാസമില്ലാതെ നിറഞ്ഞോടി.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'തട്ടത്തിന്‍ മറയത്ത്', സുഗീതിന്റെ
'ഓര്‍ഡിനറി', വൈശാഖിന്റെ 'മല്ലൂസിങ്', ലാല്‍ ജോസിന്റെ 'ഡയമണ്ട്
നെക്ക്ലേസ്', അന്‍വര്‍ റഷീദിന്റെ 'ഉസ്താദ് ഹോട്ടല്‍', ജോഷിയുടെ 'റണ്‍ ബേബി
റണ്‍', എന്നിവയാണ് സൂപ്പര്‍ ഹിറ്റുകള്‍.
ജീത്തു ജോസഫിന്റെ 'മൈ ബോസ്', ആഷിഖ് അബുവിന്റെ '22 ഫീമെയില്‍ കോട്ടയം',
ശ്രീനാഥ് രാജേന്ദ്രന്റെ 'സെക്കന്റ് ഷോ', വി.കെ. പ്രകാശിന്റെ 'ട്രിവാന്‍ഡ്രം
ലോഡ്ജ്', ബി.ഉണ്ണികൃഷ്ണന്റെ 'ഗ്രാന്റ് മാസ്റ്റര്‍', അരുണ്‍കുമാര്‍
അരവിന്ദിന്റെ 'ഈ അടുത്തകാലത്ത്', ലാല്‍ ജോസിന്റെ 'അയാളും ഞാനും തമ്മില്‍',
രഞ്ജിത്തിന്റെ 'സ്പിരിറ്റ്' എന്നിവയാണ് എണ്ണം പറഞ്ഞ ഹിറ്റുകള്‍.
ഇവക്ക് പുറമേ നിര്‍മാണചെലവും സാറ്റലൈറ്റ് റൈറ്റും മറ്റും കണക്കാക്കി
സാങ്കേതികമായി വിജയമായ കുറേ ചിത്രങ്ങളും പോയവര്‍ഷം മലയാളത്തിലുണ്ടായി.
- മലയാള സിനിമ ആരുടേയും സ്വന്തമല്ല
ഏതെങ്കിലുമൊരു കൂട്ടം താരങ്ങളുടേയോ സംവിധായകരുടേയോ തരംഗങ്ങളുടേയോ അടിമയല്ല
മലയാളസിനിമയെന്ന വിളിച്ചോതലായിരുന്നു പോയവര്‍ഷം. പണ്ടൊക്കെ സൂപ്പര്‍താര
ആധിപത്യമെന്ന മുറവിളിയായിരുന്നു, 2011ല്‍ അതുമാറി നവതരംഗമെന്ന
വിളിപ്പേരുമായി ഒരുകൂട്ടം യുവതാരങ്ങളും സംവിധായകരുമെത്തി. എന്നാല്‍, 2012ലെ
മലയാള സിനിമ ഏതെങ്കിലുമൊരു വിഭാഗത്തിന് മാത്രമായി
അടയാളപ്പെടുത്താനാവില്ല.
സൂപ്പര്‍താരചിത്രങ്ങളും യുവതാര നവതരംഗങ്ങളും കഥക്ക് പ്രാധാന്യമുള്ള
ചിത്രങ്ങളും ഇരുത്തംവന്ന സംവിധായകരുടെ ചിത്രങ്ങളും മാസ്
മസാലപ്പടങ്ങളുമൊക്കെ വിജയം നേടിയവയില്‍പ്പെടുന്നു.
മാസ് ചിത്രങ്ങളായി എത്തിയ 'മായാമോഹിനി', 'റണ്‍ ബേബി റണ്‍', മല്ലൂസിംഗ്, മൈ
ബോസ്' തുടങ്ങിയവ വന്‍ വിജയം നേടിയപ്പോള്‍ യുവതാരങ്ങളുടെ 'ഡയമണ്ട്
നെക്ക്ലേസ്', 22 ഫീമെയില്‍ കോട്ടയം', 'ഓര്‍ഡിനറി', 'ഉസ്താദ് ഹോട്ടല്‍',
'തട്ടത്തിന്‍ മറയത്ത്' തുടങ്ങിയവയും വന്‍ നേട്ടമുണ്ടാക്കി. വൈവിധ്യമാര്‍ന്ന
പ്രമേയം പരീക്ഷിച്ച വി.കെ. പ്രകാശിന്റെ 'ട്രിവാന്‍ഡ്രം ലോഡ്ജ്', ലാല്‍
ജോസിന്റെ 'അയാളും ഞാനും തമ്മില്‍' തുടങ്ങിയവയും പ്രേക്ഷകര്‍ സ്വീകരിച്ചു.
കൂടാതെ ഒഴിമുറി (മധുപാല്‍), ആകാശത്തിന്റെ നിറം (ഡോ.ബിജു),മഞ്ചാടിക്കുരു
(അഞ്ജലി മേനോന്‍), ഇവന്‍ മേഘരൂപന്‍ (പി. ബാലചന്ദ്രന്‍) തുടങ്ങി തിയറ്ററില്‍
വലിയ ചലനമുണ്ടാക്കാത്ത നല്ല ചിത്രങ്ങളും പുറത്തിറങ്ങി.
- സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം
സൂപ്പര്‍താരങ്ങള്‍ കൃത്യമായി സാന്നിധ്യമറിയിച്ച വര്‍ഷമാണ്
കടന്നുപോകുന്നത്. കഴിഞ്ഞവര്‍ഷം ന്യൂ ജനറേഷന്‍ ചര്‍ച്ചകളില്‍ അല്‍പം
പതറിയെങ്കിലും ഇത്തവണ പിടിച്ചുകയറി അവര്‍. ഇതില്‍ മോഹന്‍ലാലും ദിലീപും
വ്യക്തമായ നേട്ടമുണ്ടാക്കിയപ്പോള്‍ മമ്മൂട്ടിക്ക് സിനിമകളുടെ എണ്ണം കൊണ്ട്
മുന്നിലെത്തി.
മോഹന്‍ലാലിന്റെ അഞ്ചു ചിത്രങ്ങളാണ് തിയറ്ററിലെത്തിയത്. റോഷന്‍
ആന്‍ഡ്രൂസിന്റെ 'കാസനോവ', ബി.ഉണ്ണികൃഷ്ണന്റെ 'ഗ്രാന്റ് മാസ്റ്റര്‍',
രഞ്ജിത്തിന്റെ 'സ്പിരിറ്റ്', ജോഷിയുടെ 'റണ്‍ ബേബി റണ്‍', മേജര്‍ രവിയുടെ
'കര്‍മയോദ്ധ' എന്നിവ. വമ്പന്‍ പ്രതീക്ഷകളുമായെത്തിയ 'കാസനോവ' മൂക്കും
കുത്തി വീഴുകയായിരുന്നു ബോക്സ് ഓഫീസില്‍. ഒട്ടേറെ വിമര്‍ശങ്ങളും
ചിത്രത്തിന് നേരിടേണ്ടിവന്നു.
എന്നാല്‍ പക്വമായ വേഷവും മാന്യമായ ആഖ്യാനവുമായ വന്ന 'ഗ്രാന്റ്
മാസ്റ്ററി'ലൂടെ മോഹന്‍ലാല്‍ ചീത്തപേര് മാറ്റി. തുടര്‍ന്ന് 'സ്പിരിറ്റും'
ഹിറ്റായി. ഓണത്തിറങ്ങിയ 'റണ്‍ ബേബി റണ്‍' സൂപ്പര്‍ഹിറ്റായതോടെ താരപദവിക്ക്
കാര്യമായ കോട്ടമില്ലെന്ന് ലാല്‍ തെളിയിച്ചു. എന്നാല്‍ ക്രിസ്മസിനെത്തിയ
'കര്‍മയോദ്ധ'ക്ക് സമ്മിശ്ര പ്രതികരണമാണ്.
ആറു മമ്മൂട്ടി ചിത്രങ്ങളാണ് 2012ല്‍ എത്തിയത്. പരാജയ വര്‍ഷമായിരുന്ന 2011ന്റെ തുടര്‍ച്ചയായിരുന്നു മമ്മൂട്ടിക്ക് ഏറക്കുറെ 2012ഉം.
ഷാജി കൈലാസിന്റെ 'കിംഗ് ആന്റ് കമ്മീഷണര്‍', അഭയ സിന്‍ഹയുടെ 'ശിക്കാരി',
ലാലിന്റെ 'കോബ്ര', ജോണി ആന്റണിയുടെ 'താപ്പാന', അനൂപ് കണ്ണന്റെ 'ജവാന്‍ ഓഫ്
വെള്ളിമല', വി.എം. വിനുവിന്റെ 'ഫേസ് ടു ഫേസ്', ജി.എസ് വിജയന്റെ
'ബാവൂട്ടിയുടെ നാമത്തില്‍' എന്നിവയായിരുന്നു മമ്മൂട്ടിചിത്രങ്ങള്‍.
മാര്‍ച്ചില്‍ വന്‍ പ്രതീക്ഷകളോടെ എത്തിയ 'കിംഗ് ആന്റ് കമ്മീഷണര്‍'
പരാജയമായി. തുടര്‍ന്ന് കന്നഡയിലും മലയാളത്തിലും എത്തിയ 'ശിക്കാരി'യും
വീണു.
വിഷുചിത്രമായ 'കോബ്ര'ക്ക് ആദ്യവാരത്തെ പ്രേക്ഷകരെ പിന്നീട്
നിലനിര്‍ത്താനായില്ല. ഓണത്തിന് 'താപ്പാന' വേണ്ട രീതിയില്‍ ഓടിയില്ലെങ്കിലും
സാങ്കേതികമായി വിജയമായത് ആശ്വാസമായി. പിന്നീട് വന്ന 'ജവാന്‍ ഓഫ്
വെള്ളിമല'യും 'ഫേസ് ടു ഫേസും' വന്നതും പോയതുമറിഞ്ഞില്ല.
അതേസമയം, ക്രിസ്മസിനെത്തിയ 'ബാവൂട്ടിയുടെ നാമത്തില്‍' മികച്ച അഭിപ്രായവും
കലക്ഷനും നേടുന്നത് സൂപ്പര്‍ താരത്തിന് പുതുവര്‍ഷത്തില്‍ നല്ല
തുടക്കമാകും.
അഞ്ച് ചിത്രങ്ങളില്‍ നായകനായ ദിലീപാണ് 2012ലെ താരമായത്. ലാല്‍ ജോസിന്റെ
'സ്പാനിഷ് മസാല', ജോസ് തോമസിന്റെ 'മായാമോഹിനി', ശ്യാമപ്രസാദിന്റെ 'അരികെ',
സന്ധ്യാ മോഹന്റെ 'മിസ്റ്റര്‍ മരുമകന്‍', ജീത്തു ജോസഫിന്റെ 'മൈബോസ്'
എന്നിവയാണ് ജനപ്രിയനായകന്റെ ചിത്രങ്ങള്‍.
ഏക ബ്ലോക്ക് ബസ്റ്റര്‍ 'മായാമോഹിനി' ദിലീപിന് സ്വന്തം. ഒപ്പം
സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്ന 'മൈബോസും'. 2012ല്‍ ആദ്യം വന്ന 'സ്പാനിഷ്
മസാല' കാര്യമായ വിജയമായില്ല. അതേസമയം, മിസ്റ്റര്‍ മരുമകന്‍'
നിര്‍മാതാവിന്റെ കൈപൊള്ളിച്ചതുമില്ല. 'അരികെ' കലാമൂല്യമുള്ള ചിത്രമെന്ന
നിരൂപക പ്രശംസയും നേടി.
- യുവതാരങ്ങള്‍ സജീവമാകുന്നു
നവതരംഗ സന്തതികളായ യുവതാരങ്ങള്‍ പോയവര്‍ഷവും സജീവമാകുന്ന കാഴ്ചയാണ് മലയാള
സിനിമ കണ്ടത്. ഇക്കൂട്ടത്തില്‍ ഫഹദ് ഫാസില്‍ തന്നെ കൂടുതല്‍ കൈയടിനേടിയത്.
മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാനും തുടര്‍ച്ചയായ ഹിറ്റുകളുമായി
2012ല്‍ വരവറിയിച്ചു. നിവിന്‍ പോളിയും അനൂപ് മേനോനും ജയസൂര്യയും ആസിഫ്
അലിയുമൊക്കെ ഇരിപ്പുറപ്പിച്ചതിനു പുറമേ, യുവതാരങ്ങളില്‍ സീനിയര്‍മാരായ
കുഞ്ചാക്കോ ബോബനും പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊക്കെ നല്ല വേഷങ്ങളും
കിട്ടി.
22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ക്ലേസ്, ഫ്രൈഡേ, ഡോ. സരോജ്കുമാര്‍
തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ, താരജാഡകളില്ലാത്ത കഥാപാത്രങ്ങള്‍
ഫഹദിനെ പ്രിയതാരമാക്കി. കൂടാതെ പുതുവര്‍ഷം പിറക്കുമ്പോള്‍ അന്നയും റസൂലും,
ആമേന്‍ തുടങ്ങിയ പ്രതീക്ഷയുള്ള ചിത്രങ്ങള്‍ കൈയിലുമുണ്ട്. 2011ലെ മികച്ച
രണ്ടാമത്തെ നടനെന്ന കേരള സര്‍ക്കാര്‍ അംഗീകാരവും ഫഹദിനെതേടി
പോയവര്‍ഷമെത്തി.
2012ലെ ആദ്യ ഹിറ്റ് പിറന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ
അരങ്ങേറ്റ ചിത്രമായ 'സെക്കന്റ് ഷോ'യിലൂടെയായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍
എന്ന നവാഗതനായിരുന്നു സംവിധാനം. തുടര്‍ന്ന് അന്‍വര്‍ റഷീദിന്റെ 'ഉസ്താദ്
ഹോട്ടലും' വന്‍ വിജയമായി. മൂന്നാമത്തെ ചിത്രമായ 'തീവ്രം'
മുന്‍ചിത്രങ്ങളെപ്പോലെ തിയറ്ററുകളില്‍ നിറഞ്ഞോടിയില്ലെങ്കിലും മികച്ച
അഭിപ്രായമുണ്ടാക്കി. രൂപേഷ് പീതംബരനായിരുന്നു സംവിധാനം.
പൃഥ്വിരാജിന് രണ്ട് അതിഥി വേഷങ്ങളുള്‍പ്പെടെ എട്ടുചിത്രങ്ങള്‍ 2012ല്‍
ലഭിച്ചു. ഇവയില്‍ താരജാഡകളുള്ള ക്ലീഷേ വേഷങ്ങള്‍ ജനം തള്ളിയപ്പോള്‍
വ്യത്യസ്ത പ്രകടനവുമായെത്തിയ ലാല്‍ ജോസിന്റെ 'അയാളും ഞാനും തമ്മില്‍'
വിജയമായി. കൂടാതെ 'മാസ്റ്റേഴ്സ്', 'മോളി ആന്റി റോക്ക്സ്', 'ആകാശത്തിന്റെ
നിറം' എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഹിന്ദിയില്‍ 'അയ്യ'യിലൂടെ പൃഥ്വി അരങ്ങേറിയ വര്‍ഷം കൂടിയായി 2012.
അനൂപ് മേനോന്‍ അഭിനേതാവായും തിരക്കഥാകൃത്തായും പോയവര്‍ഷം
ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രചനയില്‍ ഒരുങ്ങിയ 'ട്രിവാന്‍ഡ്രം
ലോഡ്ജ്' ഏറെ ചര്‍ച്ചയായി. ഈ അടുത്ത കാലത്ത്, ട്രിവാന്‍ഡ്രം ലോഡ്ജ്, 916,
ഗ്രാന്റ് മാസ്റ്റര്‍ തുടങ്ങിയവയാണ് അഭിയച്ചവയില്‍ പ്രധാനം.
ഇന്ദ്രജിത്തിന് 'ഈ അടുത്ത കാലത്ത്' വലിയൊരു ബ്രേക്ക് സമ്മാനിച്ചു.
എന്നാല്‍ 'മുല്ലമൊട്ടും മുന്തിരിച്ചാറും' 'കര്‍മയോഗി' 'പോപ്പിന്‍സ്'
തുടങ്ങിയവ തിയറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ബാച്ചിലര്‍ പാര്‍ട്ടി,
ആകാശത്തിന്റെ നിറം, ഹസ്ബന്റ്സ് ഇന്‍ ഗോവ, ഔട്ട് സൈഡര്‍ എന്നിവയായിരുന്നു
മറ്റ് ചിത്രങ്ങള്‍.
കുഞ്ചാക്കോ ബോബന് തിളക്കമുള്ള വര്‍ഷമായിരുന്നു കടന്നുപോയത്. നായകനായും
ഉപനായകനായും അഭിനയിച്ച ചിത്രങ്ങള്‍ മിക്കതും സൂപ്പര്‍ഹിറ്റായി. മല്ലുസിംഗ്,
ഓര്‍ഡിനറി എന്നിവ വന്‍ വിജയം നേടി. 101 വെഡ്ഡിംഗ്സ്, സ്പാനിഷ് മസാല,
പോപ്പിന്‍സ് എന്നിവയും ചാക്കോച്ചന്‍ അഭിനയിച്ച ചിത്രങ്ങളായി.
ജയസൂര്യക്ക് ട്രിവാന്‍ഡ്രം ലോഡ്ജിലെ അബ്ദു എന്ന കഥാപാത്രമാണ്
പിടിവള്ളിയായത്. ഇതിനുപുറമേ കുഞ്ഞളിയന്‍, ഹസ്ബന്റ്സ് ഇന്‍ ഗോവ, 101
വെഡ്ഡിംഗ്സ്, വാധ്യാര്‍, പോപ്പിന്‍സ് തുടങ്ങിയ ചിത്രങ്ങളിലുമെത്തി.
ആസിഫ് അലിക്ക് ഒഴിമുറി, ബാച്ചിലര്‍ പാര്‍ട്ടി, ഓര്‍ഡിനറി, ഹസ്ബന്റ്സ് ഇന്‍
ഗോവ, അസുരവിത്ത്, 916, ഐ ലൌ മീ, ജവാന്‍ ഓഫ് വെള്ളിമല എന്നീ ചിത്രങ്ങളില്‍
ശ്രദ്ധേ വേഷങ്ങള്‍ ലഭിച്ചു. മല്ലു സിംഗിലൂടെ മുന്‍ നിരയിലേക്ക് വന്ന ഉണ്ണി
മുകുന്ദന്റേതായി ഐ ലൌ മീ, തല്‍സമയം ഒരു പെണ്‍കുട്ടി, ഏഴാം സൂര്യന്‍
തുടങ്ങിയവയും തിയറ്ററിലെത്തി.
'തട്ടത്തിന്‍ മറയത്തി'ലൂടെ നിവിന്‍ പോളിയും ശ്രദ്ധിക്കപ്പെട്ടു. 'പുതിയ
തീരങ്ങള്‍', 'ചാപ്റ്റേഴ്സ്' 'ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം', 'ടാ തടിയാ'
തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയവേഷങ്ങള്‍ ലഭിച്ചു.
നായികമാരില്‍ സംവൃതാ സുനിലാണ് തിളങ്ങിയത്. അസുരവിത്ത്, ദി കിംഗ് ആന്റ്
കമീഷണര്‍, മല്ലുസിംഗ്, ഡയമണ്ട് നെക്ക്ലേസ്, അരികെ, അയാളും ഞാനും തമ്മില്‍,
101 വെഡ്ഡിംഗ്സ്, ഗ്രാമം എന്നീ എട്ടു ചിത്രങ്ങളാണ് സംവൃതയുടേതായി വന്നത്.
കണ്ണൂര്‍ സ്വദേശി അഖിലുമായി വിവാഹം കഴിഞ്ഞവര്‍ഷം കൂടിയാണ് 2012 സംവൃതക്ക്.
റിമാ കല്ലിംഗലിനും മികച്ച വര്‍ഷമാണ് കടന്നുപോയത്. 22 ഫീമെയില്‍
കോട്ടയത്തിലെ ടെസ എന്ന കഥാപാത്രം മതി അവരുടെ അഭിനയമികവിന് സാക്ഷ്യം
പറയാന്‍. ഇതിനുപുറമേ അയാളും ഞാനും തമ്മില്‍, ഹസ്ബന്റ്സ് ഇന്‍ ഗോവ, നിദ്ര,
ഉന്നം, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളിലും റിമയെത്തി.
- സംവിധാന പ്രതിഭകള്‍
ലാല്‍ ജോസാണ് പ്രമുഖ സംവിധായകരില്‍ കൂടൂതല്‍ ചിത്രങ്ങളൊരുക്കിയത്.
സ്പാനിഷ് മസാല, ഡയമണ്ട് നെക്ക്ലേസ്, അയാളും ഞാനും തമ്മില്‍ എന്നീ
ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. ഇതില്‍ ഡയമണ്ട് നെക്ക്ലേസ്
സൂപ്പര്‍ഹിറ്റും അയാളും ഞാനും തമ്മില്‍ ഹിറ്റും സ്പാനിഷ് മസാല
ശരാശരിയുമായി. പുതിയ തലമുറക്കും പഴയ തലമുറക്കും ഒരുപോലെ ദഹിക്കുംവിധം
ചിത്രമൊരുക്കുന്ന ശൈലിയിലേക്ക് മാറാനായതാണ് ലാല്‍ജോസിന് തുണയായത്.
ആഷിഖ് അബുവിന് '22 ഫീമെയില്‍ കോട്ടയം' വിജയവും നല്ലപേരും സമ്മാനിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ 'ടാ തടിയ'യും നല്ല അഭിപ്രായം നേടുന്നുണ്ട്. വി.കെ
പ്രകാശിന്റെ 'ട്രിവാന്‍ഡ്രം ലോഡ്ജും' 'പോപ്പിന്‍സും' തിയറ്ററുകളിലെത്തി.
ഇതില്‍ ആദ്യത്തേതില്‍ പുതിയ പരീക്ഷണം വിജയിച്ചപ്പോള്‍, രണ്ടാമത്തേത്
തകര്‍ന്നടിഞ്ഞു. രഞ്ജിത്ത് 'സ്പിരിറ്റിലൂടെ' നല്ല സിനിമക്കൊപ്പമെന്ന്
വീണ്ടും തെളിയിച്ചു. ഒപ്പം 'ബാവൂട്ടിയുടെ നാമത്തി'ലിന്റെ രചനയും
നിര്‍വഹിച്ചു.
യുവസംവിധായകരില്‍ വിനീത് ശ്രീനിവാസന്‍ (തട്ടത്തിന്‍ മറയത്ത്), ശ്രീനാഥ്
രാജേന്ദ്രന്‍ (സെക്കന്റ് ഷോ), സുഗീത് (ഓര്‍ഡിനറി), അന്‍വര്‍ റഷീദ് (ഉസ്താദ്
ഹോട്ടല്‍), സിദ്ധാര്‍ഥ് ഭരതന്‍ (നിദ്ര) എന്നിവര്‍ ശ്രദ്ധിക്കപ്പെട്ടു.
പഴയകാല സംവിധായകരില്‍ ജോഷി 'റണ്‍ ബേബി റണ്‍' എന്ന സൂപ്പര്‍ഹിറ്റുമായി
തലയെടുപ്പോടെ നിന്നപ്പോള്‍, സത്യന്‍ അന്തിക്കാടിന്റെ 'പുതിയ തീരങ്ങള്‍'
കരപറ്റിയില്ല. സിബി മലയില്‍ (ഉന്നം), ഷാജി കൈലാസ് (കിംഗ് ആന്റ് കമീഷണര്‍,
സിംഹാസനം, മദിരാശി), കെ. മധു (ബാങ്കിംഗ് അവേഴ്സ്), ടി.കെ രാജീവ് കുമാര്‍
(തല്‍സമയം ഒരു പെണ്‍കുട്ടി) എന്നിവര്‍ക്കും വിജയിക്കാനായില്ല.
- സാറ്റലൈറ്റ് റൈറ്റെന്ന മായ
സാറ്റലൈറ്റ് റൈറ്റ് വിജയപരാജയത്തെ നിര്‍ണയിക്കുന്ന പ്രവണത ഇപ്പോഴും
തുടരുന്നു. പണ്ട് സൂപ്പര്‍താരങ്ങളായി റൈറ്റ് തുകയില്‍ കേമന്‍മാരെങ്കില്‍
ഇപ്പോള്‍ പുതുതലമുറ നായകരും സംവിധായകരും ഒക്കെ വന്‍ തുക നേടാന്‍ അസഹായമാണ്.
കഴിഞ്ഞ രണ്ട് ഹിറ്റ് പടങ്ങളുടെ ബലത്തില്‍ ഒരു ന്യൂ ജനറേഷന്‍ സംവിധായകന്റെ
പൊട്ടിപ്പൊളിഞ്ഞ പുതിയ ചിത്രത്തിന് രണ്ടുകോടി സാറ്റലൈറ്റ് റൈറ്റ് കിട്ടിയത്
ഉദാഹരണം.
അതേസമയം, കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയതില്‍ ഒരു ടി.വിക്കാരും
തിരിഞ്ഞുനോക്കാത്ത നിരവധി ചെറുചിത്രങ്ങള്‍ ഇപ്പോഴും
പെട്ടിയിലിരിപ്പുണ്ടെന്നതും മറക്കുന്നില്ല.
- ഡിജിറ്റല്‍വത്കരണം തുണ
പതിറ്റാണ്ടുകള്‍ക്ക്ശേഷം 127 ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുവര്‍ഷം
പുറത്തിറങ്ങിതില്‍ ഡിജിറ്റല്‍വത്കരണത്തിന്റെ സംഭാവന ചെറുതല്ല. റോള്‍
കണക്കിന് ഫിലിം വാങ്ങി മുടിയാതെ ഡിജിറ്റല്‍ കാമറയില്‍ പടം
പിടിക്കാമെന്നായത് നിരവധി ചെറുസംരംഭകര്‍ക്കും യുവപ്രതിഭകള്‍ക്കും
അനുഗ്രഹമായിട്ടുണ്ട്. വിതരണ ശൃംഖലയും സമ്പൂര്‍ണമായി കേരളത്തില്‍ ഡിജിറ്റല്‍
ആയിക്കഴിഞ്ഞു.
- വിയോഗങ്ങള്‍
മലയാളസിനിമക്ക് നികത്താനാകാത്ത നിരവധി പ്രതിഭകളുടെ വിയോഗവും 2012ല്‍
ഉണ്ടായി. നടന്‍മാരായ തിലകന്‍, ജഗന്നാഥന്‍, തിരക്കഥകൃത്ത് ടി. ദാമോദരന്‍,
ടി.എ ഷാഹിദ്, നിര്‍മാതാവ് നവോദയ അപ്പച്ചന്‍, സംവിധായകരായ സി.പി.
പത്മകുമാര്‍, ശശിമോഹന്‍, വി. മേനോന്‍ തുടങ്ങിയവര്‍ കളിഞ്ഞ വര്‍ഷം
നിര്യാതരായി.
- 2013ലേക്ക് കടക്കുമ്പോള്‍
എല്ലാത്തരം സിനിമകള്‍ക്കും മലയാളത്തില്‍ ഇടമുണ്ടെന്ന് വ്യക്തമാക്കിയാണ്
2012 കടന്നുപോകുന്നത്. എത്ര വിജയം, എത്ര പരാജയം എന്ന കണക്കെടുപ്പിനപ്പുറം
ഇതുതന്നെയാണ് ഏറ്റവും വലിയ ശുഭസൂചന. ഈ പ്രവണത അടുത്തവര്‍ഷങ്ങളിലും
തുടര്‍ന്നാല്‍ മലയാള സിനിമയുടെ ശക്തമായ നിലനില്‍പ്പിനിത് തുണയാകുമെന്നതില്‍
സംശയമില്ല.
എല്ലാത്തരം സിനിമകള്‍ക്കും മലയാളത്തില്‍ ഇടമുണ്ടെന്ന് വ്യക്തമാക്കിയാണ് 2012 കടന്നുപോകുന്നത്. എത്ര വിജയം, എത്ര പരാജയം എന്ന കണക്കെടുപ്പിനപ്പുറം ഇതുതന്നെയാണ് ഏറ്റവും വലിയ ശുഭസൂചന.
ReplyDelete