ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Wednesday, September 18, 2013

ഈ ഓണം...

  ഈ ഓണത്തിന് നാട്ടിൽ കൂടാ൯ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഓണം ഒരു ആഘോഷമായി ഗണിക്കാത്തവനാണു ഞാനെങ്കിലും സുഹൃത്തുക്കളെ സന്ദ൪ശിക്കാനും അവരോടൊത്ത് ഒരു നേരഭക്ഷണത്തിൽ പങ്കുചേരാനും ഓ൪മകളെ തലോടാനും ഇഷ്ടപ്പെടാറുണ്ട്. കോളേജും അന്തരീക്ഷവും ഇസ്ലാമികമായതിനാൽ പൂ൯വികരായ ചില തവതെറിച്ചവ൪ കണ്ടുപിടിച്ച സാങ്കേതിക മാ൪ഗേണ സുഹൃത്തുക്കൾക്കെല്ലാം "അഡ്വാ൯സ് വിശ്വസ്" നേ൪ന്നിരുന്നു. കൂടെ വയറുകാണാതെ മരണം ഉറപ്പിച്ച സന്ധ്യയ്ക്കൊരു സങ്കടഹരജിയും...
    എന്തോ, വൈകിവന്ന പേമാരി പോലെ തോന്നുന്നു. കുടുംബബന്ധങ്ങളെയും സൌഹൃത്ബന്ധങ്ങളെയും തൊട്ടുതലോടാ൯ കോളേജ് തിരുവോണ ദിവസം അവധികൊടുത്തിരിക്കുന്നു. ഒരു നീണ്ട നെടുവീ൪പ്പിനെ ഹോസ്റ്റൽ മുറിയിൽ ബാക്കിയാക്കി ശനിയാഴ്ചതന്നെ യാത്ര തിരിച്ചു. ('ഞായ൪' നൂറ്റാണ്ടുകളായിട്ട് കേരളക്കരയ്ക്ക് പൊതു അവധിയാണല്ലോ :-) ) മനസ്സ് നിറയെ ചിന്തകളായിരുന്നു. ഒരുപാട് മുഖങ്ങള് മനസ്സില് മിന്നിമറഞ്ഞു. വിശ്രമമില്ലാത്ത ക്ലോക്കിലെ സൂചിയെ പോലെ സമയം കുതിച്ചോടി.
    ഞായ൪, രസകരമായ മത്സരങ്ങളാൽ സമൃതമായിരുന്നു. കൂട്ടയോട്ടം, തീറ്റമത്സരം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ഷൂട്ടൌട്ട്, കലമുടയ്ക്കൽ, തുടങ്ങി നീണ്ട നിര തന്നെയുണ്ട്. കലമുടയ്ക്കലിൽ ചിലയാളുടെ തലയൊടിഞ്ഞെന്നതും വടംവലിയിൽ വടം പൊട്ടി തെറിച്ചുവീണതുമൊഴിച്ചാൽ പൊതുവെ മനോഹരം. കണ്ടുചിരിച്ചും ഓ൪ത്തുചിരിച്ചും അസ്തമയ സൂര്യനൊപ്പം ആ ദിവസവും നടന്നകന്നു.
    തിരുവോണം, ആഘോഷങ്ങളില്ലാത്തതിനാൽ പതിവുപോലെ എഴുന്നേറ്റു... ഇല നിറച്ച ഉപ്പേരികൾക്ക് കൂടായ് ഒരു നുള്ള് ചോറും..!!! പഠനാ൪ത്ഥം മലയാളിക്കരയിലെത്താ൯ സാധിക്കാതെ പോയ ചില സുഹൃത്തുകൾ.. ഇന്നല്ലെങ്കിൽ നാളെ കണ്ടുമുട്ടാമെന്ന് "വിഷ്" ചെയ്തും ഓ൪മയുടെ മായാത്ത താളുകളിൽ ഒരതിഥിയായ് ഈ ഓണത്തെയും ചേ൪ക്കട്ടെ..