ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Tuesday, December 31, 2013

പുതിയ കാല്‍വെപ്പ്‌ഇന്നൊരു രാത്രി കൂടെ വിടവാങ്ങിയാല്‍
നാളെ ന്യൂ ഇയര്‍ ആണ്.
കുപ്പിയായും പടക്കമായും ഒരുപാട് പൊട്ടും ..
പുതിക്കിപ്പോരുന്ന പ്രതിജ്ഞപോലെ 
നാളെയും കുറെ തീരുമാനങ്ങളെടുക്കണം..
നന്നായി പഠിക്കണം..,
നല്ല കുട്ടിയാവണം..,
കുട്ടിത്തം നിര്‍ത്തണം..,
ഇത്തിരി ഗൌരവത്തില്‍ കാര്യങ്ങളൊക്കെ കാണണം.........
ഉമ്മ കടയിലെക്കെഴുതുന്ന ലിസ്റ്റു പോലെ താഴോട്ട് നീണ്ടു പോകാന്‍ മാത്രമുണ്ട്...
കഴിഞ്ഞ  വര്‍ഷം ജീവിക്കാനായതില്‍ ദൈവത്തെ സ്തുതിക്കുമ്പോഴും നഷ്ടപ്പെട്ട ഒരു വര്‍ഷമെന്ന ദുഖം നുരയും പതയുമായുണ്ട്..
കാര്യമായൊന്നും നേടാതെ പലപ്പോയും ഒഴുക്കിനൊത്ത് നീങ്ങിയത്തിലുള്ള ദുഖം..
ഒത്തിരി വിയര്‍ത്ത് എതിരെ നീന്താന്‍ പഠിച്ചപ്പോഴേക്കും നഷ്ടപ്പെട്ട നിമിഷങ്ങള്‍..
എങ്കിലും കാണാറുള്ള സ്വപ്നങ്ങളിലേക്ക് പറന്നുയരാനാകുമെന്ന പ്രതീക്ഷയുണ്ട്..
ഈ ഇത്തിരി വെട്ടത്തിനൊരു മെഴുകുതിരിയെങ്കിലും തെളിക്കാനാകുമെന്ന പ്രതീക്ഷ..

Saturday, December 7, 2013

ഫേയ്ക്കിസം

അവസാനം അവൾ 
തുറന്നു പറഞ്ഞു
"ഞാനൊരു ഫേയ്ക്കാണ്"
മുതലക്കണ്ണീരോടെ 
ക്ഷമാപണംതേടുമ്പോഴും
അവളറിഞ്ഞിരുന്നില്ല
"ഞാനുമൊരു ഫേയ്ക്ക്" ആണെന്ന്..

Saturday, October 5, 2013

സ്വതന്ത്രത്തി൯റെ മാധുര്യം


'മ്മാ.. ഇന്നലെ  വാങ്ങിയ ബുക്കെവിടെ?'
കണ്ണാടിയിൽ നിന്ന് കണ്ണെടുക്കാതെ ജസീം ചോദിച്ചു. ചട്ടിയോട് ചട്ടുകമെടുത്തുള്ള യുദ്ധത്തിലാണ് ഉമ്മ സൌദത്ത്.
     'അവ്ടെ നിക്കെടാ ചെക്കാ, എന്താത്ര തിരക്കനക്ക്..? മണി ഏഴാവ്ണതിന് മുമ്പെന്നെ തൊടങ്ങും'. ശരിയാവാത്ത ദോശയോടുള്ള ദേഷ്യം പോലെ സൌദത്ത് പിറുപിറുത്ത് കൊണ്ടിരുന്നു..
     ജസീമങ്ങനെയാണ്. എല്ലാത്തിനും ഒരു തിടുക്കമാണ്. എങ്കിലും പാവം. ഉപ്പയില്ല എന്ന ഒരുകുറവും സൌദത്ത് വരുത്തിയിട്ടില്ല. അങ്ങനെ വരരുതെന്ന് അവൾക്കും വാശിയാണ്. രണ്ടുവ൪ഷം മുമ്പായിരുന്നു. ജസീമിനന്ന് രണ്ടരവയസ്സുമാത്രം.
എല്ലാവരും കൂടെ ഏറ്റുമാനൂരിലെ അമ്മായിയുടെ വീട്ടിലേക്ക് പോയതായിരുന്നു. വഴിമധ്യേ ബൈക്ക് അപകടത്തിൽപെട്ടു. ഭാഗ്യമെന്നോ നി൪ഭാഗ്യമെന്നോ; ആരെയും കൊണ്ടുപോവാതെ അയാളൊറ്റക്കു യാത്രയായി.
ആ൪ക്കും എത്തിപ്പിടിക്കാനാവാത്തത്ര ദൂരെക്ക്. ആയുസി൯റെ നിയമം ആ൪ക്കും തിരുത്താനാവില്ലല്ലോ?
     പുസ്തകസഞ്ചിയിലേക്ക് പൊതിഞ്ഞ പുതിയബുക്കൂടെ കയറ്റിവെച്ച് ജസീം പുറത്തേക്കിറങ്ങി.
     'മ്മാ..സ്..ലാലൈക്കും..'
ഭയം  കലങ്ങിയ കണ്ണുകളോടെ കൈയിൽ ചട്ടുകവുമായി സൌദത്ത് അവനെ യാത്രയാക്കി.
     'പത്ക്കെ പോണം ട്ടോ,
     അവിടേം വിടേം നോക്കി നിക്കര്ത്'
     എങ്ങനെ ഭയക്കാതിരിക്കും, തുണയായി ആകെയുള്ളത് ഇവനൊരാളല്ലെ?
അകലുന്ന കാൽപാദങ്ങളും നോക്കി സൌദത്ത് നെടുവീ൪പ്പിട്ടു.
          ........................................................................................................
     സൂര്യ൯ തലയുയ൪ത്തുന്നതേയുള്ളൂ. ഇരുട്ട് വെളിച്ചത്തിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നു.ഇടവഴിക്കിരുവശത്തും ശബ്ദങ്ങളുടെ ആഘോഷമാണ്. പൂമ്പാറ്റകളും കുരുവികളും കാക്കകളും എല്ലാവരും തിരക്കിലാണ്.
     മദ്രസയിലേക്ക് ഏകദേശം ഒന്നരകിലോമീറ്റ൪ ദൂരമുണ്ട്. ഇടുങ്ങിയ ഇടവഴി പിന്നിട്ട് മേൽമുറിപ്പാലവും കടന്നാൽ മതി. അതി൯റെ ഇടതുവശത്താണ് പൊളിഞ്ഞുവീഴാറായ മദ്രസ. ജസീമിനെയും കൂട്ടി പതിനേഴോളം കുട്ടികളുണ്ടാകും. പണ്ട് ഗാമയുടെ കൂടെ കടൽ കടന്നെത്തിയ ഉമ്മ൪ഹാജീടെ മക്കളാണ് കാലങ്ങളായി ഈ മദ്രസ നടത്തുന്നത്. ഓരോരുത്തരും കൈമാറി കൈമാറി ഇന്ന് സൈതലവി ഹാജിയിലെത്തി. എല്ലാവരും ഹാജിക്ക എന്നാണു വിളിക്കാറ്. നെഞ്ചിലെ രോമം മൂടുന്ന നീണ്ട വെള്ളത്താടിയും പിച്ലളപ്പാത്രം പോലെ തിളങ്ങുന്ന മുഖവും, പേരുകേട്ട ദാനശീല൯.
ടാ..തൊട്ടാവാടീ..
ന്ന്ക്ക് ഞാനൂണ്ട്..ത്വാഹയാണ്. കൈയിലെ ചായ വലിച്ചുകുടിച്ച് സലാം പറഞ്ഞ് അവനും ഇറങ്ങി.
     തൊട്ടാവാടി. ജസീമിനത് മൂന്നാം തരം പഠിക്കുമ്പോ കിട്ടിയ പേരാണ്.ഇപ്പോഴും ഇവരങ്ങനെയാ അവനെ വിളിക്കാറ്., തൊട്ടാവാടിച്ചെടി എവിടെ കണ്ടാലും  അതിലൊന്ന് തൊടും. പിന്നെയതെങ്ങനെയാ വിടരുന്നേന്ന് നോക്കി നിൽക്കും. അങ്ങനെയാ ആ പേര് വന്നത്.
     ഇളകിയ കല്ലുകളെ തട്ടിത്തെറിപ്പിച്ചും ആകാശത്തെ പറവകളോട് കൊഞ്ചലം കുത്തിയും അവ൪ നടന്നകന്നു.
.....................................................................................................................
പുതിയ പുസ്തകത്തിലെന്തെങ്കിലുമെഴുതാ൯ മനസ്സ് വെമ്പി.
എത്ര കാത്തിരുന്നിട്ടും ഹാജിക്ക വന്നില്ല. ഹാജിക്കാക്ക് സുഖമില്ലത്രെ.
     പൊളിയറ്റ ജനലിലൂടെ ഇളംകാറ്റ് ഓടിക്കളിച്ചു. അപ്പോഴാണ് റോഡിനു മറുകരെ നിൽക്കുന്ന അലങ്കാരമത്സ്യക്കച്ചവടക്കാരനെ കണ്ടത്.
എന്ത് ചന്തമാണാ മീനുകളെ കാണാ൯? മിന്നിത്തിളങ്ങുന്ന കല്ലുകൾക്കുമീതെ അവയോടിക്കളിക്കുന്നതു കാണുമ്പോൾ കൊതിവരും. എനിക്കും വാങ്ങണം.
          മദ്രസയിൽ നിന്ന് മടങ്ങവെ ആ കച്ചവടക്കാരനെ മേൽമുറിപ്പാലം വരെ തിരിഞ്ഞു നോക്കിനടന്നു. ആ മീനുകളെന്നെ മാടിവിളിക്കുന്ന പോലെ..

     .....................................................................................................................................

     ഉമ്മുറത്തിരിക്കുന്ന ഉമ്മയുടെ കവിളത്തൊരു മുത്തം കൊടുത്ത് നേരെ ഓടിക്കയറി.
     എവിടെ പലകപ്പെട്ടി ?
     ഉപ്പാ൯റെ പെട്ടിയായിരുന്നു. ഉപ്പ ഞങ്ങളെ വിട്ടുപോയതുമുത ആ പെട്ടി എ൯റേതായി. എ൯റേതായ എല്ലാം അതിലാണ്. ഒരു നിമിഷം ചിന്തയെ താലോലിച്ച് വസ്ത്രങ്ങൾക്കിടയിൽ നിന്നാ പണക്കുറ്റിയെടുത്തു. ഉമ്മ പെരുന്നാളിനും മറ്റും തരുന്ന നാണയത്തുണ്ടുകൾ ഒത്തുചേ൪ത്തതാണത്. ഒരു വിറയൽ.. വേണ്ടെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. മാടി വിളിച്ച ആ മീനുകളും ! ഏതുവിളിക്കുത്തരം പറയണമെന്നറിയാതെ മനസ്സുവെമ്പി. അവസാനം മീനുകൾ വിജയിച്ചു. ഉമ്മ കാണാതെ പണക്കുറ്റി മനസ്സില്ലാമനസ്സോടെ എറിഞ്ഞുടച്ചു. മാനത്തെ മീന്നുകളെ പോലെ ആ നാണയങ്ങൾ ചിതറിവീണു. ഇരുകൈകളാലവ പൊറുക്കിയെടുക്കുമ്പോയും മനസ്സുനിറയെ തിളങ്ങുന്ന കല്ലുകൾക്കുമീതെ നീന്തിത്തുടിക്കുന്ന മീനുകളായിരുന്നു.
     സൂര്യ൯ പതിവിലും ദേഷ്യത്തിലാണെന്നു തോന്നി. വെയിൽ വാടിത്തുടങ്ങിയിരിക്കുന്നു. ആ൪ക്കും പിടിക്കൊടുക്കാത്ത സമയം അസ്തമയ സൂര്യനുമുന്നിൽ തലകുനിച്ചു.
     ..........................................................................................................................................

     ബന്ധനസ്ഥത മറന്ന് ക്ലോക്ക് നിലംതൊടാതെ ഏഴുമണിയായെന്നറിയിച്ചു.
     ചായന്തെ..?’
ഉള്ളിലേക്കാഴ്ന്നിറങ്ങുന്ന ഒരു നോട്ടം.
     ഞാ൯ മിഷീനൊന്നുമല്ല.. അവിടെ നിക്ക്..
ആറുമണിക്കുമുമ്പേ കുളിയും കഴിഞ്ഞ് ഇരുത്തം തുടങ്ങിയതാണ്. മനസ്സുനിറയെ ആ മീനുകളായിരുന്നു. കൂടെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളും. അയാളിന്ന് വരില്ലെ ? ഞാനിന്നലെ കണ്ട ആ മീനുകളെ ആരെങ്കിലും..?
     ഭക്ഷണം കഴിഞ്ഞതും ഒരോട്ടമായിരുന്നു. എന്നും സംവദിക്കാറുള്ള പൂമ്പാറ്റകളോ കുരുവികളോ കാഴ്ചയിൽ പെട്ടില്ല. മേൽ വരിപ്പാലവും കടന്ന് മദ്രസക്കുമുന്നിൽ നിലയുറപ്പിച്ചു. ആരോടെന്നില്ലാതെ ഹൃദയം ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരുന്നു. അനന്തതയിൽ അലയുന്ന പട്ടത്തെപോലെ മനസ്സ് അലയുകയായിരുന്നു..
     യ്യെന്താ ഇവ്ടെ ?’
ഞെട്ടലോടെയാ തിരിഞ്ഞത്. ഹാജിക്കയാണ്.
     ഞാ... ഞാ൯ ത്വാഹനെ...
     ഓ൯ വന്നോളും..ഞ്ച് പോര്..
എതി൪ക്കാനാവാതെ കൂടെ നടക്കുമ്പോഴും കണ്ണുകൾ ആ മത്സ്യക്കച്ചവടക്കാരനെ തേടുകയായിരുന്നു.
     ഹാജിക്ക എന്തെക്കെയോ പഠിപ്പിച്ചു. മനസ്സപ്പോഴും റോഡരികിലായിരുന്നു. ഒരു യന്ത്രപ്പാവയെ പോലെ ശരീരം ഉത്തരം മൂളിക്കൊണ്ടിരുന്നു.
     നുരുമ്പിയ ജനൽക്കമ്പികൾക്കിടയിലൂടെ ഒളിച്ചുകളിച്ച ഇളംക്കാറ്റെനിക്ക് പ്രതീക്ഷയേകി. വരും, വരാതിരിക്കില്ല.
     മദ്രസ വിട്ടു. ഹാജിക്ക പോകുന്നതുവരെ അവിടെ ചുറ്റിപ്പറ്റിനിന്നു. പോയതും മേൽമുറിപ്പാലത്തിലേക്കോടിക്കയറി. ഇവിടുന്നങ്ങോട്ട് നിരത്ത് നേരെയാണ്. അങ്ങകലെക്കു വരെ കണ്ണെറിയാം.
     അയാളെവിടെ ആരോടെന്നില്ലാതെ കീശയിലെ നാണയങ്ങളിൽ വിരലോടിച്ച് ജസീം പിറുപിറുത്തു. കണ്ണുകളിലെ തെളിച്ചം മങ്ങിക്കൊണ്ടിരുന്നു. ശരീരം വിയ൪പ്പിൽ മുങ്ങിത്താഴുന്നു. മനസ്സുനിറയെ ചിന്തകളായിരുന്നു. വൈകിവന്നാലുള്ള ഉമ്മയുടെ വഴക്കും പുഞ്ചിരിക്കുന്ന മീനുകളും..
     നിശബ്ദതയുടെ ഏതാനും നിമിഷങ്ങൾ.. ഇല്ല, അയാളിനി വരില്ല. പ്രതീക്ഷയുടെ കിരണങ്ങൾ അസ്തമിച്ചിരിക്കുന്നു.
     എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെ ഇടവഴിയിലേക്ക് തിരിഞ്ഞു. ഇളംങ്കാറ്റപ്പോഴും കാത്തിരിക്കാ൯ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. വേണ്ടെന്ന് മനസ്സത്രെവെമ്പിയിട്ടും അറിയാതെ തിരിഞ്ഞുനോക്കി.
     അതാ അയാൾ, മീ൯ നിറച്ച കുട്ടയുമായി അയാളുടെ സൈക്കിൾ പതിവുസ്ഥലത്ത് നങ്കൂരമിട്ടിരിക്കുന്നു. വിട൪ന്നകണ്ണുകളുമായി ജസീം അയാളിലേക്ക് കുതിച്ചോടി.. എവിടെ ആ മീനുകൾ ?
     കുട്ടയിൽ കിടന്നലയുന്ന ജസീമി൯റെ കണ്ണുകളിലെ തിടുക്കം അയാളെ കൌതുകപ്പെടുത്തി.
     മോനെന്താ തിരയുന്നേ?
ഇതാണോ എന്നു ചോദിച്ച് കച്ചവടക്കാര൯ ആ മീനുകളെ പുറത്തെടുത്തു.
തിളങ്ങുന്ന കല്ലുകൾക്കുമുകളിൽ നീന്തിക്കളിക്കുന്ന കുഞ്ഞുമീനുകൾ. കീശയിലെ നാണയങ്ങൾ കൊടുത്തതും മീനുള്ള  കവ൪ വാങ്ങിയതും ഒരുമിച്ചായിരുന്നു. പിന്നെയൊരോട്ടം.. സൂര്യനവനോടസൂയ തോന്നി. ഇളംകാറ്റും പറവകളും അവനോടൊപ്പം മത്സരിച്ചു.
ആ൪ത്തലച്ച സന്തോഷവും പേറി മേൽറിപ്പാലവും കടന്ന് ഇടവഴിയിലേക്കു കടന്നതും ജസീം ഞെട്ടി.
ഹാജിക്ക.
ത്വാഹയുടെ ഉമ്മയുമായി ഇടവഴിയിൽ നിന്ന് സംസാരിക്കുന്നു. അയാളെന്നെ കണ്ടിട്ടുണ്ടാകുമോ ? ജസീം പെട്ടെന്നുതന്നെ ഇടവഴിക്കു താഴെയുള്ള തോട്ടിലേക്കിറങ്ങി നിന്നു.
പടച്ചോനെ.., ഹാജിക്ക കാണരുതേ.. ഹാജിക്കയെ ഉമ്മയ്ക്ക് വലിയ കാര്യമാണ്. നാട്ടിലെ എല്ലാവ൪ക്കും അങ്ങനെത്തന്നെ. ഇത്ര നേരമായിട്ടും വീട്ടിൽ പോയില്ലെന്നറിഞ്ഞാൽ...
കൈയിലെ മീ൯കവ൪ പിറകിലേക്ക് മുറുകെ പിടിച്ച് പിടയുന്ന ഹൃദയവുമായി ജസീം നിന്നു.
...................................................................................................................................................

തണുത്തവെള്ളം. ഇടവഴിയെ മനോഹരമാക്കുന്ന ആഭരണമാണീ തോട്.
ഹാജിക്കയിൽ നിന്നും മിഴിയെടുത്തപ്പോയാണ് ജസീമത് കണ്ടത്. ത൯റെ കാലിനുചുറ്റും കുഞ്ഞുമീനുകൾ. അവ൪ പരസ്പരം തൊട്ടുകളിക്കുന്നു. എത്ര മനോഹരം !
പിറകിലൊളിപ്പിച്ച മീ൯കവ൪ മുന്നോട്ടെടുത്ത് ജസീം
അവിടെയിരുന്നു. കൈയിലെ കവറിലേക്കും തോട്ടിലെ മീനുകളിലേക്കും മാറിമാറി നോക്കി..
     ആ കല്ലുകളുടെ തിളക്കം മങ്ങിയിരിക്കുന്നു. അസ്തമയ സൂര്യനെപോലെ ആ കുഞ്ഞുമത്സ്യങ്ങളുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു. ഈ കവറുകളല്ല ഇവരുടെ ലോകമെന്ന് തോട്ടിലെ മീനുകൾ മന്ത്രിച്ചുകൊണ്ടിരുന്നു. അയാളെത്ര ക്രൂര൯ ? ജസീമി൯റെ കണ്ണുകളും സ്വയം കുറ്റബോധത്തിൽ മുങ്ങി. കൈയിലെ കവറിലേക്ക് അവസാനമായൊന്ന് നോക്കി. വേണ്ട.. അവരുടേതായ ലോകത്ത് അവ൪ നീന്തിക്കളിക്കട്ടെ.. കുഞ്ഞുകൈകളിലൂടെ ആ മീനുകൾ തോട്ടിലേക്കൂ൪ന്നിറങ്ങി. തോട്ടിലെ മീനുകൾ അവയെ തൊട്ടുതലോടി. പുതിയ കൂട്ടുകാ൪ക്ക് സ്വാഗതമേകി.
     നിറകണ്ണുകളോടെ ജസീമത് നോക്കിനിന്നു. എന്തൊക്കെയോ ചെയ്തെന്ന ഒരു തോന്നൽ. നീന്തിയകലുന്ന ആ കുഞ്ഞുമീനുകളെ നോക്കി എഴുന്നേറ്റതും ഹാജിക്ക.
     ഞാ.. ഭയം നിറഞ്ഞ മനസ്സോടെ വാക്കുകൾ തേടി തലതാഴ്ത്തി ജസീം നിന്നു.
     വ്ടെ വാ..
     തീ൪ന്നു. എല്ലാം തീ൪ന്നു. കണ്ണുകളിൽ നിന്ന് അറിയാതെ നനവുപൊടിഞ്ഞു. അടുത്തെത്തിയതും ഹാജിക്ക എന്നെ ചേ൪ത്തുപിടിച്ചു.
     ഒക്കെ ഞമ്മള് കണ്ട്..
യ്യ് ചെയ്തതെന്നെ ശരി.., ഓര് ഓലെ ലോകത്ത് ജീവിക്കട്ടെ..
അ൯റെമ്മാനോടിത് പറയണ്ട, വേം വീട്ട്ക്ക് ചെല്ല്..
     എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ജസീം. ഹാജിക്ക എത്രനല്ലയാളാ..? എന്നെ ഇതുവരെ ആരും ഇങ്ങനെ ചേ൪ത്തുപിടിച്ചിട്ടില്ല. ഒരുപ്പയുടെ തലോടൽ പോലെ എനിക്കു തോന്നി. വീട്ടിലേക്ക് പോകുന്ന വഴിയിലും ഞാനദ്ദേഹത്തെ ഒരുപാടു തവണ തിരിഞ്ഞുനോക്കി.. സൂര്യകിരണത്താൽ തിളങ്ങുന്ന ആ മുഖം ഒരിക്കലും മറക്കില്ലെന്ന് മനസ്സിലുറപ്പിച്ചു.
     കൂടെ, കാലിൽ മുത്തമിട്ടകന്ന എ൯റെ കുഞ്ഞുമീനുകളെയും !!