ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Sunday, February 22, 2015

മതിൽ

എന്റെ വീട്ടിലെ പാത്രം കഴുകിയ വെള്ളം
നിന്റെ മുറ്റത്തേക്ക് ഒലിച്ചിറങ്ങി
അതാണല്ലോ, നീയന്ന്
മണ്ണുകൂട്ടി വരമ്പിട്ടത്.


ആ വരമ്പിനപ്പുറത്തേക്കെന്റെ
കോഴിയും താറാവുമെത്തി..
പുതുനാമ്പുകള്‍ കൊത്തിതിന്നു.
ആ മിണ്ടാപ്രാണികളെ
ഭീകരജീവിയാക്കി നീയന്നൊരു
മുള്ളുവേലി പണിതു.
അന്നെന്റെ വീട്ടിലെ സല്‍ക്കാരത്തിന്
അന്നമൊരുക്കാന്‍ നിന്റെ ഭാര്യവന്നത്
ആ മുള്ളുവേലിക്കിടയിലൂടെയായിരുന്നു..


ദിവസങ്ങളോരോന്നായ് കൊഴിഞ്ഞുപോയപ്പോള്‍
ഞാനും നീയും നമ്മുടെയൊക്കെ മക്കളും വളര്‍ന്നു.
അവരന്ന് കളിച്ചപ്പോള്‍ നിന്റെ ജനല്‍ചില്ലുടഞ്ഞതോ
പരസ്പരം കണ്ടപ്പോള്‍ നിന്റെ മോളോടൊന്ന് പുഞ്ചിരിച്ചതോ
വാരിക്കൂട്ടിയ ചപ്പ് അറിയാതെ വേലിചാടിക്കിടന്നതോ
എന്തായിരുന്നെന്നറിയില്ല..
ആ മുള്ളുവേലിയെ പൊളിച്ചുമാറ്റി
നീയന്നൊരു മതിലുകെട്ടി..


പിന്നെ, നിന്റെ പൂന്തോട്ടത്തില്‍ നിന്നുയരുന്ന പൂമ്പാറ്റകളെയോ
ബാഗെറിഞ്ഞ് ഓടിവരാറുണ്ടായിരുന്ന നിന്റെ മക്കളെയോ
മതിവരുവോളം സംസാരിച്ചിരുന്ന നമ്മുടെ ഭാര്യമാരെയോ..
ഒന്നും.. ഒന്നും കണ്ടില്ല ഞാന്‍..
ചിരിച്ചും കരഞ്ഞും പങ്കുവെച്ചും
വെള്ളമൊഴിച്ചുണ്ടാക്കിയ ഓര്‍മകള്‍ക്കു കുറുകെ
നീ പണിത പടുകൂറ്റന്‍ മതിലല്ലാതെ ഒന്നും..