ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Tuesday, November 3, 2015

തിരഞ്ഞെടുപ്പിന്റൊരു ചൂടെയ്..

         എല്ലാവരും ഓട്ടത്തിലാണ്..പാര്‍ട്ടി പാട്ടുകള്‍ നിരത്തുമുഴുവന്‍ കവര്‍ന്നിരിക്കുന്നു. സ്ഥാനാര്‍ത്ഥികളൊക്കെയും വഴിനീളെ പല്ലിളിച്ച് നില്‍ക്കുന്നു. ഒരുഭാഗത്ത് അടിപിടികളും മാന്യമായി നടക്കുന്നു. 
ആളുകളോരോന്ന് മാറിവരുന്നു എന്നല്ലാതെ ഭരണത്തിലൊരു മാറ്റവുമില്ലാതെ കാലം മുന്നോട്ട് പോവുമ്പോള്‍ ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ബാല്യത്തിന്റെ ഓര്‍മകളിലേക്ക് ഊര്‍ന്നിറങ്ങുന്നതിന് വേറൊരു രസം തന്നെയാണ്.
കൊഴിഞ്ഞ്‌പോയ ഓര്‍മകളെ ക്രമം തെറ്റാതെ ഓര്‍ത്തെടുക്കാനാവുക പ്രയാസമാണ്. അവയില്‍ പകുതിയും ചിതലരിച്ചുകാണും. എങ്കിലും കുഞ്ഞനിയന്മാരിലൂടെ ഓര്‍മയിലിന്നും അവ്യക്തമായിക്കിടക്കുന്ന ആ ബാല്യത്തെ ഞാനും നുകരാറുണ്ട്. 
വാതോരാതെ വിളിച്ചുപറഞ്ഞുപോവുന്ന വണ്ടിക്ക് പിന്നില്‍ മത്സരിച്ചോടിയതും മധുരമൂറുന്ന പ്രലോഭനങ്ങളിലും മിഠായികളിലും വീണ് പലനിറത്തിലുള്ള കൊടികള്‍ക്കുപിന്നിലും അങ്ങോട്ടുമിങ്ങോട്ടും ഓടിയതും ഇന്നും ഓര്‍മയിലുണ്ട്. കറവീഴാത്ത ബാല്യത്തിന് അന്നെന്ത് പാര്‍ട്ടി.. എല്ലാം ഞങ്ങളെ പാര്‍ട്ടിയായിരുന്നു. 
പിന്നെയങ്ങ് കുറച്ചുകാലം ഹോസ്റ്റല്‍ ജീവിയായി വേഷം കെട്ടേണ്ടിവന്നു. പറിച്ചുനട്ട മരത്തെ പോലെ രണ്ട് വര്‍ഷം പരുങ്ങിയപ്പോഴേക്കും കൊല്ലം കുറെയങ്ങ് കൊഴിഞ്ഞു. തിരഞ്ഞെടുപ്പുകള്‍ എന്നെ ബാധിക്കാത്ത വിചിത്രവസ്തുവായതിനാലെന്തോ കടന്നുപോയതൊന്നും അറിഞ്ഞതുമില്ല. ആ അഞ്ചാം ക്ലാസുകാരന്റെ സമപ്രായത്തിലുള്ളവര്‍ ഇന്ന് പോസ്റ്ററൊട്ടിച്ചും ഒച്ചപ്പാടാക്കിയും ആഘോഷിക്കുമ്പോള്‍ എനിക്കും കൊതി തോന്നുന്നു. നിശ്ചലമായ ക്ലോക്കിനെ പോലെ ഇന്നും ഞാനാ ബാല്യത്തിലായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോവുന്നു..
ഇന്ന് ഞാനുമൊരു വോട്ടുകാരനാണ്. എന്റെ നാടിന്റെ നാളയെ തീരുമാനിക്കുന്നതില്‍ എന്റെ വോട്ടും വിലപ്പെട്ടതാണ്. കൗതുകത്തെ പോലെ ഭയവുമുണ്ട്. എല്ലാവരും ഒരുപോലെ വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുന്നു.  എല്ലാവരും ഒരുപോലെ ആട്ടും തോലണിഞ്ഞിറങ്ങുന്ന ഈ കാലത്ത് വോട്ടുചെയ്യാതിരിക്കലാവും ഒരുപക്ഷെ വിപ്ലവം എന്ന് തോന്നിപ്പോവും..
പലനിറത്തിലുള്ള കൊടികളാണ് മനസ്സിനെയും പലനിറത്തിലാക്കിയത്. നല്ലൊരു നാളേക്ക് നല്ലൊരു പാര്‍ട്ടിക്കുപകരം നല്ലൊരു മനസ്സിനെ കൂട്ടുപിടിച്ചിരുന്നെങ്കില്‍... എന്റെ അയല്‍ക്കാരിന്ന് പരസ്പരം തല്ലുകൂടില്ലായിരുന്നു എന്നെനിക്ക് ഉറപ്പ് പറയാനാവും. 
വേണ്ട, ലോകം ഇങ്ങനെയങ്ങ് പോവട്ടെ.. ഇങ്ങനെ ഇങ്ങനെയങ്ങ് പോവട്ടെ. മോഷ്ടിക്കുന്നവര്‍ മോഷ്ടിക്കട്ടെ.. ചൂഷണം ചെയ്യപ്പെടുന്നവര്‍ ചൂഷണം ചെയ്യപ്പെടട്ടെ.. ചിലരാ മൂലയില്‍ പീഡിപ്പിക്കപ്പെടട്ടെ.. എന്നിലേക്കാരും നോക്കരുത്. ഞാനാ കുഞ്ഞുബാല്യത്തില്‍ ലയിക്കട്ടെ.. ഒന്നുമറിയാത്തവനായി ഒന്നുകൊണ്ടും അലട്ടപ്പെടാത്തവനായി ഞാനാ ബാല്യത്തിന്റെ ഓര്‍മകളില്‍..