ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Tuesday, February 11, 2014

പ൪ദ്ദയ്ക്കിടയിലെ ചിരിക്കുന്ന കണ്ണുകൾ..


മുസ്ലീം സ്ത്രീയുടെ വിവാഹപ്രായം, ആണുങ്ങളുടെ പ്രായം പതിമൂന്ന് ആക്കണമത്രെ. സന്തോഷം.. കത്തിക്കയറുന്ന ച൪ച്ച നടന്നുകൊണ്ടിരിക്കുകയാ..അപ്പോഴാണ് ഫോണിനൊരു ഞരക്കവും മൂളക്കവും.. മനസ്സില്ലാ മനസ്സോടെ ചെവിയോടടുപ്പിച്ച് ഹലോ പറഞ്ഞു..
     ഹോസ്റ്റൽ വാ൪ഡനാണ്. ഹോസ്പിറ്റൽ വരെയൊന്ന് പോകണം.. കാര്യം നിസ്സാരം, ബാത്ത്റൂമിലൊരുത്ത൯ 'അടിതെറ്റി..'. ഗ്രീസെന്തെന്ന് പോലുമറിയാത്ത കോളേജ് ജീപ്പിൽ അവനെയും പൊക്കിപ്പോകുമ്പോൾ മനസ്സുനിറയെ വിവാഹപ്രായമായിരുന്നു.
     ഇരുട്ടിലും പകലുപോലെ പല്ലിളിച്ചുനിൽക്കുന്ന .എം.എസ് ഹോസ്പിറ്റൽ.. നേരം ഇരുട്ടിയിട്ടും ക്യാഷ്യാലിറ്റി സജീവം.. എന്തോ വല്ല്യ കേസാണെന്ന് കരുതി മൂന്നാലുപേ൪ ഓടിവന്നു. നല്ലൊരു പരിപാടി മിസ്സാക്കി അവനങ്ങനെ ചക്രത്തിൽ ഉരുണ്ടുപോകേണ്ടെന്ന് ഞങ്ങളും തീരുമാനിച്ചു. ഡോക്ട൪ റൂമിലേക്ക് നടത്തിക്കൊണ്ടുപോവുമ്പോഴും ദയനീയമായവ൯ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. നോക്കി നടക്കാഞ്ഞിട്ടല്ലെ, നോക്കട്ടെ !!
     നെഞ്ചിലും പുറത്തുമൊക്കെ സെതസ്കോപ്പ് തലോടിപ്പോയി.. മൂന്നാലുസൂചികളും ആരുംകാണാതെ ആസനത്തിൽ മുത്തമിട്ടു. രോഗിയെ കൊണ്ടുവരുന്ന ആ൪ക്കും ഒന്നും മനസ്സിലാവരുത് എന്ന വാശിയോടെതന്നെ ഡോക്ട൪ മരുന്നെഴുതി. വീട്ടിൽ ചെന്നാൽ കടയിൽപോവാ൯ ഉമ്മ എഴുതിത്തരുന്ന ലിസ്റ്റ് പോലെ തന്നെ..വളഞ്ഞും പുളഞ്ഞും വലിയൊരു ലിസ്റ്റ്.. മുടിവെട്ടിത്തുടങ്ങിയാൽ എഴുന്നേറ്റുപോവാ൯ പറ്റുമോ...? കീശയിൽ കിടന്ന് ശ്വാസംമുട്ടുന്ന അഞ്ഞൂറുരൂപയുടെ നോട്ടും നോക്കി നിസ്സംഗഭാവത്തോടെ ഫാ൪മസിയും തേടി നടന്നു.
     ഒരു വലിയ ആൾക്കൂട്ടവും തിക്കും തിരക്കും കണ്ട് ജിജ്ഞാസയോടെ ചെന്നപ്പോഴാണ് അതിനുമുകളിലുള്ള ബോ൪ഡ് കണ്ടത്. 'ഫാ൪മസി'.. ഒരുതരത്തിൽ മുന്നിലേക്ക് ഇടിച്ചുകയറിചെന്നപ്പോൾ 'ക്യൂ പാലിക്കുക' എന്ന ബോ൪ഡും കാണാനായി. ഇതിലാരുടെ പിറകിൽ നിന്നാലാണ് ക്യൂ ആവുക എന്നറിയാതെ ഇതിക൪ത്തവ്യാമൂഢനായ് നിൽക്കുമ്പോഴാണ് കുഞ്ഞ് കൊച്ച് വരുന്നത്.. ഏറിയാൽ മൂന്ന് മൂന്നര വയസ്സ് പ്രായം. ഇടതുകൈയിലെ കുഞ്ഞുവിരലുകൾ ആരും കാണരുതെന്ന രീതിയിൽ പ്ലാസ്റ്ററിട്ടിരിക്കുന്നു..
     എല്ലാ കുട്ടികളെയും പോലെ ഉമ്മയുടെ പ൪ദ്ദയിൽ പിടിച്ചുതന്നെയാണ് ഇവളും വന്നത്. അങ്ങിങ്ങായി ഗതികിട്ടാതെ അലഞ്ഞ അവളുടെ കണ്ണുകൾ ഞങ്ങളുമായൊന്ന് ഉടക്കി.. എന്നെയും കൂടെയുണ്ടായിരുന്ന ത്വാഹയെയും അവൾ മാറിമാറി നോക്കി. ത്വാഹയുടെ വ്യത്യസ്ഥ ഭാവങ്ങൾ കണ്ട് അവൾ ഞെട്ടിയെങ്കിലും ഞാ൯ അതിസുന്ദരമായി പുറത്തെടുത്ത ശൃംഖാരം, ഹാസ്യം, ആ൪ദ്രം എന്നീ ഭാവങ്ങൾ അവൾക്കൊത്തിരി ഇഷ്ടായി... ഞങ്ങളെ പേടിപ്പിക്കാനെന്ന മട്ടിൽ കണ്ണുരുട്ടി അവൾ രൌദ്രഭാവം പുറത്തെടുത്തു. കളംമാറിചെന്ന കണ്ണ് പതിഞ്ഞത് അവളുടെ ഉമ്മയുടെ മുഖത്തും..അതൊത്തിരി ഭയാനകമായിരുന്നു.
     ഞങ്ങളോടുള്ള ദേഷ്യം പോലെ അവാരാകുഞ്ഞിനെ പ൪ദ്ദയോട് ചേ൪ത്തൊളിപ്പിച്ചു. കറുകറുത്ത പ൪ദ്ദക്കപ്പുറത്ത് നിന്ന് ഞങ്ങളെ നോക്കി പുഞ്ചിരിച്ച അവളെ കണ്ടപ്പോൾ എന്തൊരു ഭംഗിയായിരുന്നെന്നോ.. തട്ടത്തി൯ മറയത്തെന്ന സിനിമയിൽ ആയിശയെ കാണാ൯ ഹോസ്പിറ്റലിൽ എത്തിയ വിനയ൯ കണ്ട അതേ പെങ്കൊച്ച്.. ഇത്തിരി കരഞ്ഞിട്ടാണേലും അവൾ ഞങ്ങളിലേക്കോടി വന്നു. ഒരു കണ്ണിലൂടെ ഉമ്മയെയും മറുകണ്ണിലൂടെ അവളേയും നോക്കി 'എന്താ പറ്റിയെ...' എന്നു ചോദിച്ചതും അതേ സ്വരത്തിൽ ശബ്ദമടക്കി വീണതാണെന്ന മറുപടി.. 'ലിച്ചു..'. ഉമ്മയേനോക്കി പുഞ്ചിരി വിട൪ത്തിയ മിഴികളോടെ അവൾ പേരും പറഞ്ഞുതന്നു.
     അതിനിടയിൽ സാമ൪ത്ഥ്യം കാണിച്ച് മരുന്നൊപ്പിച്ച അവളുടെ ഉമ്മ അവളേയും വിളിച്ച് തിരിച്ചുപോയി. പോകുമ്പോൾ പിന്തിരിഞ്ഞൊരു ചിരി, പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. ഇനിയെന്ത് നോക്കാ൯ എന്ന നിലയിൽ മരുന്നൊപ്പിക്കാനുള്ള ശ്രമം നടത്തവെ അവൾ വീണ്ടും വന്നു. ഫാ൪മസിസ്റ്റി൯റെ കൈയിൽ നിന്നും എന്തോഒന്ന് വാങ്ങി തിരിച്ചും നടന്നു. പക്ഷേ, പ്രതീക്ഷിച്ച പലതും എനിക്ക് തിരിച്ചുനടത്തത്തിൽ ലഭിച്ചു. ഉമ്മായുടെ പ൪ദ്ദയും പിടിച്ച് നടന്നകലുമ്പോൾ പിന്നിലേക്ക് തിരിഞ്ഞ് ഒടിഞ്ഞ കൈ കൊണ്ടൊരു ടാറ്റാ...വ൪ണിക്കാ൯ വാക്കുകളില്ലാത്തത്ര മനോഹാരിത നിമിഷം...
     മരുന്നുവാങ്ങി അവനേയും കൊണ്ട് ഹോസ്പിറ്റലിൽ നിന്നും പുറത്തിറങ്ങുന്നതുവരെ കുഞ്ഞുമുഖമായിരുന്നു മനസ്സുനിറയെ.. ജീപ്പിൽ കയറിയതും ഡ്രൈവ൪ ഫൈസൽ 'ഇനിയിപ്പോ പതിമൂന്നാക്കീട്ടെന്താ കാര്യം..?? ഞമ്മക്ക് ഇരുപതിനാല് ആയിലെ ??'
     ശ്ശെ !! നശിപ്പിച്ചു.. എല്ലാം കുളമാക്കി....