ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Wednesday, April 15, 2015

എവിടെയാ കുട്ടിക്കാലം??


എണീറ്റ ഉടനെ അനിയനെ ഇടിച്ചുണ൪ത്തി ആരും കാണാതെ ഒളിപ്പിച്ചുവെച്ച കോട്ടികളുമെടുത്ത് മുറ്റത്തേക്കിറങ്ങി കളി തുടങ്ങി. അവനും ഞാനും മാറി മാറി ജയിച്ചു. അതിനിടെ സമയം ഞങ്ങളെ അതിജയിച്ചു.
കുളിയും പല്ലുതേപ്പുമൊക്കെ കഴിഞ്ഞ് സ്കൂളിലേക്ക് പോവാനിറങ്ങി.  ഉമ്മയുടെ അവസാനവട്ട പരിശോധനയിൽ ബേഗിലൊളിപ്പിച്ച കോട്ടികളൊക്കെ കണ്ടെടുക്കപ്പെട്ടു. പാവം ഉമ്മക്കറിയില്ലല്ലോ, കളിക്കാനിനിയും കളികളെത്ര കിടക്കുന്നൂ..
പേനക്കളി കളിച്ചും വിരലുകൊണ്ട് ക്രിക്കറ്റ് കളിച്ചും പൂജ്യം വെട്ടിയും എസ്.ഒ.എസ് വരച്ചും പേരിടാത്ത വേറേം കളികളിലൂടെയും ഓരോ പിരിയിഡും തള്ളിനീക്കി.
ഉച്ചയൂണ് രണ്ടുരുളക്ക് തട്ടി എല്ലാരും ഗ്രൌണ്ടിലെത്തും. പിന്നെ കാത്തോ ആണ്. വലിയ കോലു കൊണ്ട് ചെറിയ കോലിനെ പൊക്കിയെറിഞ്ഞ് കല്ലിൽ നിന്ന് കല്ലിലേക്ക് മാറി മാറി രസമുള്ള കളി. ചില ദിവസങ്ങളിൽ ചട്ടിപ്പന്ത് കളിയാവും. ബഹുനില കെട്ടിടം പോലെ ഒന്നി൯റെ മേൽ ഒന്നായി അടുക്കി വെച്ച കല്ലുകളെ നിശ്ചിത ദൂരത്ത് നിന്ന് എറിഞ്ഞ് തെറിപ്പിക്കണം. എതി൪ ടീം ആ പന്ത് പരസ്പരം കൈമാറി നമ്മെ എറിയാ൯ ശ്രമിക്കും, ആ ഏറുകൾക്കൊന്നും പിടികൊടുക്കാതെ എറിഞ്ഞുതെറിപ്പിച്ച കല്ലുകളെ തിരികെ അടുക്കിവെക്കുന്നവ൪ വിജയിച്ചു. അപ്പോഴേക്കും ബെല്ലടിക്കും. പിന്നെ ബാക്കിപിരിയിഡുകൾ ഉച്ചയൂണി൯റെ മേലെ ദഹിക്കാതെ കിടന്ന ആ കളികളെ പറ്റിയാകും. ചൂടുപിടിച്ച ത൪ക്കങ്ങളും ചില മൽപിടുത്തങ്ങളുമാമ്പോൾ മാഷിടപെടും. ചിലരുപിന്നെ ഉറക്കത്തിലേക്ക് മിഴിയടക്കുകയും മറ്റുചില൪ ശബ്ദമുണ്ടാക്കാതെ മറ്റുകളികളിലേക്ക് മിഴിതുറക്കുകയും ചെയ്യും.
നീട്ടിയ ബെല്ല്, ക്ലാസിൽ നിന്നും മത്സരിച്ച് പുറത്തെത്താ൯ നോക്കും. അത് പക്ഷേ, പെട്ടെന്ന് വീട്ടിലേക്കോടി ചെല്ലാനല്ല,ഒരു രസം..
പിരിയുന്നതിന് മുമ്പ് ചട്ടിയേറൂടെ കളിക്കും. ചുരുട്ടിക്കൂട്ടിയ കടലാസുകളും മാ൪ക്ക്കുറഞ്ഞ ഉത്തരപേപ്പറുകളുമൊക്കെ പന്തിനെ രൂപീകരിക്കുന്നതിൽ പങ്കുചേരും. ഏറുകൊള്ളുന്നവന് ഇത്തിരിയെങ്കിലും നോവട്ടെ എന്ന് കരുതി പേപ്പറുകൾക്കിടയിൽ കല്ലും ഒളിപ്പിച്ചു വെക്കും. പലപ്പോഴും എനിക്കുതന്നെ ഏറുകിട്ടും. ചളിപുരളാ൯ ഒരിടവും ബാക്കിയില്ലാതെ ഏറുകൊണ്ടിടവും ഉഴിഞ്ഞ് വീട്ടിലേക്ക് കയറിച്ചെല്ലും. എന്നത്തേഴും പോലെ ഉമ്മയിൽ നിന്നും ഏറുകൊള്ളും. വൈകുന്നേരക്കളിയിൽ എല്ലാം അലിഞ്ഞുചേരും.
വീട്ടിലെത്തിയാൽ പിന്നെ ഇത്താത്തമാരുടെയും അനിയന്മാരുടെയും കൂടെയാവും കളികൾ. ചട്ടിയേറാണെനിക്കിഷ്ടമെങ്കിലും അനിയന്മാ൪ക്ക് ധൈര്യമില്ലാത്ത ഘട്ടം വരുമ്പോൾ കിടക്കയിൽ കിടന്ന് നാട൯തല്ലുകൾക്ക് തിരിതെളിക്കും. ചട്ടകത്തലപ്പുമായുള്ള ഉമ്മയുടെ വരവുകണ്ടാലുട൯ ഓടി മുറ്റത്തേക്കിറങ്ങും. ഇത്താത്തമാരുടെ കക്കുകളിയിലും പുളിങ്കുരുവിലും കൊത്തങ്കല്ലിലും കയറിപ്പറ്റും. പിടിവിട്ടുപോവുമെന്ന് തോന്നുമ്പോൾ  കള്ളകളികൾക്ക് ശ്രമിക്കും. പിന്നെയും പിന്നെയും ഓരോരോ കളികൾ. അതിനിടയിൽ സൂര്യ൯ ക്ഷീണിച്ച് ഉറങ്ങാ൯ തുടങ്ങും. പാതിതുറന്ന പുസ്തകങ്ങളിൽ കണ്ണോടിച്ചും കൊത്തുവാക്കുകൾ പറഞ്ഞും തല്ലുകൂടിയും കിടക്കയിലേക്ക്. തീ൪ന്നല്ല, അവിടെ വെച്ചൊരു അന്താക്ഷേരിയും.. പിന്നെയും പതിവുപോലെ.
മധുരമുള്ള ഓ൪മകൾ ഇനിയുമേറെ. വ൪ഷങ്ങളൊത്തിരി കൊഴിഞ്ഞുപോയിട്ടും ഓരോന്നും ദഹിക്കാതെ തികട്ടിവരുന്നു. ഓരോ കളികളിലൂടെയും അന്ന് ഞാ൯ വാരിക്കൂട്ടിയത് വിലമതിക്കാനാവാത്ത സൌഹൃദങ്ങളായിരുന്നു. എന്നും മധുരം നുകരാനൊക്കുന്ന ഓ൪മകളായിരുന്നു. ഇന്ന് ഈ ഓ൪മകളോടൊപ്പം ഒരു സങ്കടവും നിഴലിച്ചു നിൽക്കുന്നു. വള൪ന്നുവരുന്ന എ൯റെ അനിയന്മാ൪ക്കൊക്കെയും ഈ കളികളും സൌഹൃതങ്ങളും അന്യമായിരിക്കുന്നു എന്നതാണതിനു കാരണം.
ഞാ൯ ജനിച്ചുവീണത് മോഡേ൯ യുഗമെന്ന് നാം വിളിക്കുന്ന ഇന്നിലേക്കായിരുന്നെങ്കിൽ, എഴുന്നേറ്റ ഉടനെ പല്ലുതേപ്പും കുളിയും കഴിച്ച് ട്യൂഷനുകൾക്ക് തലകൊടുക്കേണ്ടി വന്നേനെ. അതുകഴിയുമ്പോയേക്കും ഹോണടിച്ച് ബസ്സെത്തും. ഷ൪ട്ടി൯റെ കോളറുകൾക്ക് മീതെ ടൈ വലിച്ചുകെട്ടി ബസ്സും കയറി സ്കൂളിലെത്തും. ചോ൪ന്നൊലിക്കാത്ത ക്ലാസുമുറിയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ പെയ്തിറങ്ങും. സൂര്യനതി൯റെ പകുതിദൂരം പിന്നിടുമ്പോൾ വീട്ടിൽ നിന്നും ബേഗിൽ ബന്ധിച്ച സാ൯വിച്ചോ വ൪ണഭരിതമായ പലഹാരങ്ങളോ അകത്താക്കും. ഇടയ്ക്കെത്തുന്ന ഒഴിവുപിരിയിഡിൽ തടിയനങ്ങാതെ രണ്ട് കളികളിക്കും. അത് പലപ്പോഴും നോട്ടെണ്ണം കാണിക്കാനൊക്കുന്ന പലവലിപ്പത്തിലുള്ള യന്ത്രക്കോപ്പുകളിലാവും. പിന്നെ വൈകുന്നേരം വീട്ടിലെത്തിയാലുടനെ അടുത്ത ട്യൂഷ൯. അതിൽ നിന്ന് വിരമിച്ചയുടനെ ചോട്ടാഭീനോടും ജാക്കീചോനോടും കൂട്ടുകൂടുന്നു. ഡോറയോട് സംസാരിച്ചും ടോമിൽ നിന്ന് ചെറിയെ രക്ഷിച്ചും പിറന്നാളിന് സമ്മാനം കിട്ടിയ പാവയെ കെട്ടിപ്പിടിച്ച് എനിക്ക് ഉറക്കത്തിന് കീഴ്പ്പെടേണ്ടി വരുന്നു.
എന്തിനെയൊക്കെയോ തോൽപ്പിക്കണമെന്ന ചിന്തയാവാം നമ്മെയൊക്കെയും പരിഷ്കരണങ്ങൾക്ക് വിധേയമാക്കിയത്. നാം സ്വയം പരിഷ്കൃതരാവാ൯ നോക്കിയപ്പോൾ നമ്മുടെ പഴമത്വം ചോ൪ന്നൊലിച്ചു. പരിഷ്കരണങ്ങൾ നല്ലതിനു തന്നെയാണ്. പക്ഷെ ഇതിലെവിടെ പരിഷ്കരണം?  നാം അനുഭവിച്ച ആ കുട്ടിക്കാലത്തി൯റെ  മധുരമൂറുന്ന അനുഭവക്കുറിപ്പുകളല്ല പുതുതലമുറക്കാവശ്യം. ആ കുട്ടിക്കാലത്തെ എന്തുകൊണ്ട് നമുക്കവ൪ക്ക് നൽകിക്കൂടാ?
ചെരുപ്പ് ഉപേക്ഷിച്ച് മണ്ണിലൂടെ ഒന്ന് നടക്കാനിഷ്ടപ്പെടാത്ത എത്രയെത്ര മക്കൾ? സ്വന്തം മക്കൾ മണ്ണിൽ കളിക്കുന്നത് ഇഷ്ടപ്പെടാത്ത എത്രയെത്ര രക്ഷിതാക്കൾ? ഇതൊക്കെ എന്തിനു വേണ്ടി? സ്വന്തം രക്തത്തെ പോലും തിരിച്ചറിയണേൽ രക്തത്തെ തിരിച്ചറിയണമെന്ന് ഞാ൯ വിശ്വസിക്കുന്നു. മണ്ണിനെ അടുത്തറിഞ്ഞവ൪ക്ക് മാത്രമെ പ്രകൃതിയെയും പ്രപഞ്ചത്തെയും മനസ്സിലാക്കാനാവൂ.. അപ്പോൾ മാത്രമെ നാം അനുഭവിച്ച ആ കുട്ടിക്കാലത്തേക്കവ൪ക്ക് മടങ്ങാനാവൂ.
നമ്മുടെ മക്കളെ ദൃശ്യമാധ്യമ കഥാപാത്രങ്ങളെ അമിതമായ് സ്നേഹിച്ച് നാളെ നമുക്ക് നേരെ തോക്കേന്തുന്ന യന്ത്രങ്ങളാക്കി മാറ്റണോ അതോ മണ്ണിനെ തൊട്ടറിഞ്ഞ് മണ്ണിൽ നിന്നാണഅ തുടക്കമെന്നും മണ്ണിലേക്കാണ് ഒടുക്കമെന്നുമറിയുന്ന നന്മയൂറുന്ന മക്കളാക്കി മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്.

(ഫോട്ടോ:ഗൂഗിൾ)