ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Monday, December 12, 2016

സ്നേഹത്തിന്‍റെ മുഖം.

'ഇത് ഡ്രസ്സിനോട് ചേര്‍ന്ന് വെക്കണ്ട. ചിലപ്പോ എണ്ണയൊലിക്കും'
ഉമ്മയുടെ ആ പറച്ചിലിന് ഞാന്‍ പതിവ് പോലെ മൂളിയതൊള്ളൂ..

'അല്ലേലിങ്ങ് താ..
ഒരു കവറൂടെ ഇടാം..'
കയ്യില്‍ തന്ന പൊതി തിരിച്ച് വാങ്ങി ഉമ്മ മറ്റൊരു കവര്‍ തിരയാന്‍ തുടങ്ങി..

തിടുക്കം കൊണ്ടാവും തൊട്ടുമുന്നില്‍ കവറുണ്ടായിട്ടും കുറച്ച് തിരഞ്ഞപ്പോഴാണ് ഉമ്മ അത് കണ്ടത്..

ഭദ്രമായി കെട്ടി ഉമ്മ അതെനിക്ക് നേരെ നീട്ടി. പാവം.. ഇപ്പോ ദൃതിപ്പെട്ട് ഉണ്ടാക്കിയതാണ്. നെയ്ച്ചോറും ചിക്കന്‍ കഡായിയും..

തീരുമാനിച്ചുറപ്പിച്ചതല്ലേലും ഒരു ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഡല്‍ഹി വരെ പോവണം.. ഉമ്മയോട് പറഞ്ഞപ്പോഴാണ് ഉമ്മ ഇന്ന് രാത്രി അളിയന്‍ വരുന്നതും അവരോടൊപ്പം ഒന്നിച്ചിരുന്ന് കഴിക്കാന്‍ നീയുണ്ടാവില്ലല്ലേ എന്ന് സങ്കടം പറഞ്ഞത്.

'ഇതൊക്കെ കൊണ്ടോന്ന് തന്നിട്ട് നീയിത് തിന്നാണ്ട് പോയാ എനിക്കാകെ എടങ്ങേറാവും' എന്നുമ്മ കോഴി കഴുകുന്നതിനിടെ പറഞ്ഞത് ഉള്ളില്‍ നിന്ന് തന്നെയാണ്. ഉമ്മ വല്ലാണ്ട് ഇടങ്ങേറാവും.. രണ്ട് ദീവസത്തേക്കൊന്ന് ഹോസ്റ്റലില്‍ പോയി തിരിച്ചെത്തിയപ്പോ ആ പാവം തിളപ്പിച്ച് തിളപ്പിച്ച് കാത്ത് വെച്ചിരുന്നത് സ്നേഹത്തീന്‍റെ ഗന്ധമുള്ള, എനിക്കും തരണമെന്നാഗ്രഹിച്ച ഓരോ നേരത്തെയും വിഭവങ്ങളായിരുന്നു.

വാഴയില മൃദുവായി ചൂടാക്കി പൊതിഞ്ഞുതന്ന ആ ഭക്ഷണം ബേഗിനുള്ളിലേക്ക് വെക്കുമ്പോഴാണ് ഉമ്മയത് പറഞ്ഞത്.

'ഞാനൊരു കഷ്ണം മീനൂടെ വെച്ചിട്ടുണ്ട് ട്ടോ.. കുറെ ദൂരമുള്ളതല്ലെ..'

എങ്ങനെ കുറിക്കണം ഈ മാതൃത്വമെന്ന മനോഹാരിതയെ..
എല്ലാ മാതാക്കളും ഇങ്ങനെ തന്നെ ആവും.. നിങ്ങള്‍ക്കും അനുഭവങ്ങളൊത്തിരിയുണ്ടാവും.. നമ്മെ എന്നും കുഞ്ഞാക്കി നിര്‍ത്തുന്നത് ആ സ്നേഹമാണെന്ന് തോന്നിപ്പോവും..

ബേഗും ഭാണ്ഡവും പൊറുക്കിക്കൂട്ടി പുറപ്പെടുന്നത് വരെ ഉമ്മ എനിക്ക് ചുറ്റുമായി ഒരുപാടോടി.. പോവുന്ന എന്നേക്കാള്‍ കൗതുകവും തിടുക്കവും ഭയവും ഒക്കെ മാറീ മാറി ആ കണ്ണുകളില്‍..

എനിക്കുറപ്പുണ്ട്, തിരിച്ചെത്തുന്നത് വരെ ആ കണ്ണുകളെന്നെ ഓരോ നേരവും പരതും.. ഞാന്‍ എന്ത് ചെയ്യുകയാവുമെന്നും എന്‍റെ മോന് ഭക്ഷണം കിട്ടീട്ടുണ്ടാവോ എന്നും വേവലാദിപ്പെടും..