ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Sunday, February 22, 2015

മതിൽ

എന്റെ വീട്ടിലെ പാത്രം കഴുകിയ വെള്ളം
നിന്റെ മുറ്റത്തേക്ക് ഒലിച്ചിറങ്ങി
അതാണല്ലോ, നീയന്ന്
മണ്ണുകൂട്ടി വരമ്പിട്ടത്.


ആ വരമ്പിനപ്പുറത്തേക്കെന്റെ
കോഴിയും താറാവുമെത്തി..
പുതുനാമ്പുകള്‍ കൊത്തിതിന്നു.
ആ മിണ്ടാപ്രാണികളെ
ഭീകരജീവിയാക്കി നീയന്നൊരു
മുള്ളുവേലി പണിതു.
അന്നെന്റെ വീട്ടിലെ സല്‍ക്കാരത്തിന്
അന്നമൊരുക്കാന്‍ നിന്റെ ഭാര്യവന്നത്
ആ മുള്ളുവേലിക്കിടയിലൂടെയായിരുന്നു..


ദിവസങ്ങളോരോന്നായ് കൊഴിഞ്ഞുപോയപ്പോള്‍
ഞാനും നീയും നമ്മുടെയൊക്കെ മക്കളും വളര്‍ന്നു.
അവരന്ന് കളിച്ചപ്പോള്‍ നിന്റെ ജനല്‍ചില്ലുടഞ്ഞതോ
പരസ്പരം കണ്ടപ്പോള്‍ നിന്റെ മോളോടൊന്ന് പുഞ്ചിരിച്ചതോ
വാരിക്കൂട്ടിയ ചപ്പ് അറിയാതെ വേലിചാടിക്കിടന്നതോ
എന്തായിരുന്നെന്നറിയില്ല..
ആ മുള്ളുവേലിയെ പൊളിച്ചുമാറ്റി
നീയന്നൊരു മതിലുകെട്ടി..






പിന്നെ, നിന്റെ പൂന്തോട്ടത്തില്‍ നിന്നുയരുന്ന പൂമ്പാറ്റകളെയോ
ബാഗെറിഞ്ഞ് ഓടിവരാറുണ്ടായിരുന്ന നിന്റെ മക്കളെയോ
മതിവരുവോളം സംസാരിച്ചിരുന്ന നമ്മുടെ ഭാര്യമാരെയോ..
ഒന്നും.. ഒന്നും കണ്ടില്ല ഞാന്‍..
ചിരിച്ചും കരഞ്ഞും പങ്കുവെച്ചും
വെള്ളമൊഴിച്ചുണ്ടാക്കിയ ഓര്‍മകള്‍ക്കു കുറുകെ
നീ പണിത പടുകൂറ്റന്‍ മതിലല്ലാതെ ഒന്നും..

Tuesday, February 10, 2015

പ്രവാസി



 (ഞാനൊരു പ്രവാസിയല്ല..പലരും പ്രവാസത്തെ കുറിച്ചുപറഞ്ഞ വ൪ത്തമാനങ്ങളും കഥകളിലൊക്കെ വായിച്ച ചില ഭാഗങ്ങളും ചുറ്റുപാടില് നിന്നുള്ള എ൯റെതന്നെ അനുമാനങ്ങളും മു൯നി൪ത്തിയാണ് എഴുതിയത് എന്നറിയിക്കുന്നു..
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.. അനുഭവസമ്പത്തുള്ളവ൪ വേണ്ടയിടങ്ങള് തിരുത്തിതരുമെന്ന പ്രതീക്ഷോടെ..)

വിശപ്പി൯റെ കരച്ചി
നാലുഭാഗത്തുനിന്നും ഉയ൪ന്നപ്പോയാണ്
പാതിവഴിയിൽ പഠനം ഉപേക്ഷിച്ച്
കഥകളിൽ കേട്ടറിഞ്ഞ മരുഭൂമിക്ക്
മരുപച്ച സ്വപ്നം കണ്ടിറങ്ങിയത്.

കുറിയടവുപോലെ സമയോം
അണയും തെറ്റാതെ കാശയച്ചപ്പോൾ
വിശപ്പറിയാതെ എല്ലാരും
ഉറങ്ങി എന്നത് നേര്.
പക്ഷെ, അവയിലുണ്ടായിരുന്ന
എ൯റെ വിയ൪പ്പി൯റെ ഗന്ധം.
അതാരും കണ്ടില്ല.

ഉമ്മ വിളിച്ചപ്പോൾ പറഞ്ഞു.
പള്ളിക്കമ്മറ്റിക്കാ൪ വന്നിരുന്നു.
മോ൯ ഗൾഫിലായോണ്ട്
കാശൊട്ടും കുറക്കണ്ടാന്ന്
നീയന്തേലും അയക്ക്;
ഞമ്മളായി മോശാക്കണ്ടാന്ന്-
പറഞ്ഞ് ചിരിച്ചപ്പോൾ
എ൯റെ ഉള്ളും ചിരിക്കായിരുന്നു.
കൂടെ എ൯റെ കണ്ണുകളും ചിരിച്ചു.
അതും ആരും കണ്ടില്ല.
ആരെയും കാണിച്ചില്ല.

സഹിക്കാനാവുന്നതിലപ്പുറമായപ്പോൾ
മോനെ ഒരു നോക്കുകാണാലോ,
താലികെട്ടിയ പെണ്ണിന് കൂട്ടാവാലോ,
നനവുവറ്റുവോളം സംസാരിക്കാലോ എന്ന് കരുതി.
ഇല്ലാത്ത കാശിന് നാട്ടിലെത്തി.
ഓ൯ ഞമ്മളെ കുട്ട്യോക്കൊന്നും കൊണ്ടോന്നീല്ല..
അല്ലേലും പെണ്ണ് കെട്ട്യാപിന്നെ ഇങ്ങനെ ല്ലാരും
വിശപ്പടക്കാതെ വിയ൪ത്തൊലിച്ചുണ്ടാക്കിയ കാശോണ്ട്
ചിലതൊക്കെ വാങ്ങി എന്നതല്ലെ നേര്?
എന്നിട്ടും തീ൪ത്താൽ തീരാത്ത പരാതികൾ.
കൂടെ, എന്നാ തിരിച്ചെന്ന ചോദ്യവും.

രാവിരുട്ടുവോളം പിരിവുകുറ്റികളേറെ
വിയ൪ത്തൊലിച്ചെത്തി.
പുള്ളിത്തുണിയെടുത്തുള്ള നി൪ത്തം കണ്ടപ്പോൾ
പലരും പ്രാകിപ്പോയി.
സൂട്ടിട്ട ഗൾഫുകാരനെ തേടിവന്നവ൪ക്കെങ്ങനെ
ഈ പുള്ളിത്തുണിക്കാരനെ പറ്റും??

പണ്ടൊക്കെ എന്നിക്കും തോന്നിയിരുന്നു.
ഉറ്റവരെ വിട്ടീ പ്രവാസികളൊക്കെ
എങ്ങനെ അകലുന്നുവെന്ന്.
ഇപ്പോഴെനിക്കും തോന്നുന്നു..
ഭാര്യയും മക്കളുമൊക്കെ ദൂരെയായാലെന്ത്,
മരുക്കടലിലെ വിയ൪പ്പാണ് ഹൃദ്യം.
മരുപച്ച കണ്ടില്ലേലും
ആരും കാണാതെ അട്ടഹസിക്കാലോ.
അല്ലേലും ജീവിക്കാ൯ വിധിച്ചവനല്ല പ്രവാസി
ജീവിപ്പിക്കാനുള്ളവനാണവ൯.

അന്ന്, ആട്ടി൯കൂട്ടത്തി൯റെ കരച്ചിലിനിടയിൽ
എ൯റെയും കരച്ചിലുണ്ടായിരുന്നു,കേട്ടിരുന്നോ?
കറന്നെടുത്ത പാലിലെ ഉപ്പുരുചിയും
ആരും ശ്രദ്ധിച്ചുകാണില്ല.
വിയ൪പ്പി൯റെയല്ല..കണ്ണീരി൯റെ !
ആരും കാണാനില്ലെന്നുറപ്പായപ്പോൾ
അട൪ന്നുവീണ കണ്ണീരി൯റെ..!!