ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Thursday, November 12, 2015

ശലഭച്ചിറകുകള്‍ വിടരുന്ന സംഗീതം കേട്ട നാള്‍


    ബസ്സ്‌ ചുരം കയറാന്‍ തുടങ്ങിയപ്പോള്‍ അവരുടെ കണ്ണുകള്‍ ആഹ്ലാദം കൊണ്ട് വിടര്‍ന്നു. വയനാടിന്‍റെ പച്ചപ്പും തണുപ്പും പാറക്കെട്ടുകളിലെ നീരൊഴുക്കും ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന മലകളും ഒഴുകുന്ന മേഘങ്ങളും മഞ്ഞിന്‍റെ മൂടുപടവും വഴിയരികിലെ കുരങ്ങന്മാരും.............
ജീവിതത്തില്‍ ആദ്യമായിരുന്നു അവര്‍ക്ക് ഈ കാഴ്ചകള്‍. വര്‍ഷങ്ങളായി വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കട്ടിലിലും വീല്‍ചെയറിലുമായി ഒതുങ്ങിപ്പോയവര്‍. കിടപ്പുമുറിയിലെ കിളിവാതിലിലൂടെ കാണുന്ന ആകാശച്ചതുരമല്ലാതെ പുറംകാഴ്ചകള്‍ നിഷേധിക്കപ്പെട്ടവര്‍.
അങ്ങനെയുള്ള കുറച്ചുപേര്‍ക്കായി പ്രകൃതിസൌന്ദര്യം ആസ്വദിക്കാനും യാത്രചെയ്യാനുമായി ഒരു ദിനം ഒരുക്കുകയായിരുന്നു ഈ ദീപാവലി ദിനത്തില്‍ green palliative.
ഇങ്ങനെയൊരു യാത്രയിലെ പ്രയാസങ്ങളെ കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും green palliative ന്‍റെ സ്നേഹക്കൂട്ടായ്മയായ heart emoticon AMOR heart emoticon ടീമിന് ആവേശമായിരുന്നു ഈ ദൌത്യവും.
കൊടും കുറ്റവാളികള്‍ക്ക് പോലും തടവറകളില്‍ കാലാകാലം കഴിയേണ്ടതില്ലാത്ത ഈ ലോകത്ത് വീട്ടുചുവരുകളുടെ തടവില്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുന്ന കുറേ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടെന്ന വേദനിപ്പിക്കുന്ന അറിവ്..............
ഇങ്ങനെ ശിക്ഷിക്കപ്പെടാനുള്ള കുറ്റമാണോ ചലനശേഷി നഷ്ടപ്പെടുക എന്നത്. ഈ പ്രകൃതിയെ ആസ്വദിക്കാന്‍ പുറം ലോകവുമായി ഇടപഴകാന്‍ അവര്‍ക്കും മോഹമുണ്ട്.........തളര്‍ന്നുപോയ ശരീരത്തിനുള്ളില്‍ തളരാത്ത മനസ്സുണ്ട്. ഒരു ഒഴിവുദിവസം അവര്‍ക്കായി നീക്കിവെച്ചാല്‍ ഈ ജീവിതകാലം മുഴുവന്‍ അവരുടെ ഉള്ളില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഒരു നാള്‍ സമ്മാനിക്കാന്‍ കഴിയുമെന്ന തിരിച്ചറിവായിരുന്നു ഈ യാത്ര..
‘poiesis’ എന്നാല്‍ കൊക്കൂണിലെ സമാധിയില്‍ നിന്ന് ശലഭമായി പുറത്തുവരുന്ന അവസ്ഥയെ വിശേഷിപ്പിക്കാനുള്ള വാക്കാണ്‌. ഈ യാത്രക്ക് ഞങ്ങള്‍ നല്‍കിയ പേരും ഇതുതന്നെ ആയിരുന്നു.... poiesis.........life with love.
ഈ യാത്രയില്‍ ആവേശം പകരാന്‍ മാരിയത്ത് ഉണ്ടായിരുന്നു കൂടെ. തന്‍റെ ഇഛശക്തി കൊണ്ടും സര്‍ഗ്ഗശേഷികൊണ്ടും വീടകവും വീല്‍ചെയറും കടന്ന് പുതിയൊരു ലോകം സാധ്യമാണെന്ന് നമ്മെ വിസ്മയിപ്പിച്ച എഴുത്തുകാരിയും ചിത്രകാരിയും അതിനും അപ്പുറം വിശേഷണങ്ങളില്‍ ഒതുങ്ങാത്ത മാരിയത്ത് എന്ന പ്രതിഭ.
ലക്ഷ്വറി ബസ്സില്‍ പാട്ടും കളിയും തമാശയുമായി രാവിലെ ഒമ്പതുമണിക്ക് പുറപ്പെട്ട ഞങ്ങള്‍ പന്ത്രണ്ടു മണിക്ക് ചുരത്തിന്‍റെ ഉച്ചിയില്‍ എത്തിയിരുന്നു. ഏറെ നേരം അവിടെ..........എത്ര കണ്ടാലും മതിവരാത്ത കാഴ്ചകള്‍ ഉള്ളില്‍ നിറച്ച്.
ലക്കിടിയിലെ ‘ചങ്ങലമരവും’ കടന്ന് പൂക്കോട് തടാകം കാണാന്‍.......കുന്നുകള്‍ക്കും കാടിനും നടുവിലെ മനോഹരമായ തടാകം. തടാകം ചുറ്റാനുള്ള താറിട്ട നിരത്ത് പൊട്ടിപ്പൊളിഞ്ഞതിനാല്‍ വീല്‍ചെയറിലുള്ള യാത്ര ദുസ്സഹമായിരുന്നു. സര്‍ക്കാര്‍ ആപ്പീസുകളും വിനോദകേന്ദ്രങ്ങളും വായനശാലകളും, എന്തിന് ആരാധനാലയങ്ങള്‍ പോലും ഇങ്ങനെയുള്ളവര്‍ക്ക് കടന്നുചെല്ലാനുള്ള സൗകര്യം ഒരുക്കുന്നതിനെ കുറിച്ച് ഇനിയും ചിന്തിച്ചു തുടങ്ങാത്ത നമ്മുടെ നാട്ടില്‍ ഈ നിരത്ത് ഒരു അത്ഭുതമല്ല.
ഭക്ഷണം കഴിഞ്ഞ് പിന്നെയും വയനാടിന്‍റെ മനോഹാരിത കണ്‍കുളിര്‍ക്കെ കണ്ടുള്ള ആ യാത്രയുടെ അടുത്ത ലക്ഷ്യം ബേപ്പൂര്‍ ബീച്ചായിരുന്നു. ബേപ്പൂരില്‍ എത്തുമ്പോള്‍ സന്ധ്യ കഴിഞ്ഞെങ്കിലും കടലിലേക്ക് നീണ്ടു കിടക്കുന്ന പാതയിലൂടെ വീല്‍ ചെയറില്‍ രാത്രിയുടെ കടല്‍ കാഴ്ചകണ്ടും രാക്കാറ്റേറ്റും.........
മനോഹരമായ ആ ഒരുദിനം രാവിലെ ഒമ്പതുമണിക്ക് പുറപ്പെട്ടു രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തുമ്പോള്‍ ആരും ക്ഷീണം അറിഞ്ഞിരുന്നില്ല. ഏറെക്കാലമായി വീടകങ്ങളില്‍ ഒതുങ്ങിപ്പോയ ഈ യാത്രികരോടൊപ്പം അവരെ പരിചയിച്ചു കഴിയുന്ന പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ യാത്ര ഇരട്ടിമധുരമുള്ളതായി.
കോരിയെടുക്കാനും എത്ര ദുര്‍ഘടമായ വഴിയിലും വീല്‍ ചെയറില്‍ തള്ളിക്കൊണ്ടുപോകാനും കാഴ്ചകള്‍ കാട്ടിക്കൊടുക്കാനും പാട്ടും കളിതമാശകളുമായി കൂടെ നില്‍ക്കാനും ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു കൊണ്ട് green palliative ന്‍റെ വളണ്ടിയര്‍മാര്‍ ....
ഈ മനോഹരദിനത്തിന്‍റെ ഓര്‍മ്മക്കായി ഓരോ യാത്രികര്‍ക്കും സമ്മാനപ്പൊതികള്‍ നല്‍കിക്കൊണ്ട് യാത്ര അവസാനിക്കുമ്പോള്‍, വരണ്ടുപോയ താഴ്വരയില്‍ മഴമേഘങ്ങള്‍ കൂടുകൂട്ടുന്നതും വസന്തം പെയ്തുതുടങ്ങുന്നതും വിണ്ട മണ്ണില്‍ പച്ചപ്പിന്‍റെ വന്‍കാടുകള്‍ തഴച്ചു വളരുന്നതും..............അവരുടെ കണ്ണുകളില്‍ ഞങ്ങള്‍ കണ്ടു.
ബാക്കി ഫോട്ടോകള്‍ പറയട്ടെ..

 


ഗ്രീന്‍ പാലിയേറ്റീവ് ഫേസ്ബുക്ക് പേജ്‌
 https://www.facebook.com/greenpalliative/

10 comments:

 1. ധന്യമാമീ യാത്ര!
  ഫോട്ടോകളും,വിവരണവും ഹൃദ്യം!!
  ആശംസകള്‍

  ReplyDelete
 2. സഫലമീ യാത്ര ,, ഉപ്പയുടെ പാതയില്‍ മുന്നേറുക ,,ആശംസകള്‍ മുബാറക് ,

  ReplyDelete
 3. മറ്റുള്ളവരുമായി പങ്കിടുമ്പോഴാണ് നമ്മുടെ ആനന്ദം കൂടുതൽ അനുഭവിക്കുവാനാവുക എന്ന് പറയാറുണ്ട്. ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത സ്വപ്നലോകങ്ങളിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയ നിങ്ങളുടെ നല്ല മനസ്സ് ലോകം അറിയട്ടെ. അത് എല്ലാവർക്കും പ്രചോതനമാവട്ടെ. ഈ സംഘാംഗങ്ങളോട് മുഴുവനുമുള്ള ആദരവും സ്നേഹവും ഇവിടെ അറിയിക്കുന്നു......

  ReplyDelete
  Replies
  1. ശരിയാണ് ചേട്ടായീ..
   ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കായി രംഗത്തിറങ്ങുമ്പോള്‍ ലഭിക്കുന്നൊരു സന്തോഷം അതൊന്ന് വേറെ തന്നെയാണ്..
   ഈ കൂടെ ചേരലില്‍ സന്തോഷം.,.

   Delete
 4. സഹജീവികളുടെ സന്തോഷത്തിലൂടെ സ്വയം സന്തോഷം കണ്ടെത്തുന്നത് നന്മ നിറഞ്ഞ കാര്യമാണ്. അപ്പോഴാണ്‌ ജീവിതം അർത്ഥപൂർണമാകുന്നത്. ഇനിയുമേറെ ജീവിതങ്ങളിൽ പ്രകാശം പരത്താൻ എല്ലാ സംഘാംഗങ്ങൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 5. പ്രിയപ്പെട്ട മുബാറക്കിനും മുഴുവൻ സംഘാംഗങ്ങള്‍ക്കും തുളുമ്പുന്ന ഹൃദയത്തോടെ സ്നേഹാഭിവാദ്യങ്ങള്‍........
  മനസ്സിനെ നനവണിയിച്ച ചിത്രങ്ങള്‍.......
  ആര്‍ദൃമാക്കുന്ന എഴുത്ത്.......
  സ്നേഹം ശൈലത്തിലെ പൊന്‍മുത്തിന്
  നന്മള്‍ നേരുന്നു........

  ReplyDelete
 6. സഫലമാകുന്ന ചില യാത്രകൾ
  വരികളേക്കാൽ കൂടുതൽ വെളിപാടുളവാക്കുന്ന ചിത്രങ്ങൾ

  ReplyDelete
 7. ചിത്രങ്ങൾ സംസാരിക്കുന്നുണ്ട്... മുഖങ്ങളും... അഭിനന്ദനങ്ങൾ.. ഈ പച്ച മനസുകൾക്ക്...

  ReplyDelete