ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Monday, September 21, 2015

മൊയ്തീന്റെ സ്വന്തം കാഞ്ചന



മൊയ്തീന്‍ പുതിയ കാലത്തോട് പറയുന്ന കാര്യങ്ങള്‍
         ഇന്നലെ മഞ്ചേരിയിലെ ശ്രീദേവീ തിയറ്ററില്‍ സുഹൃത്തുക്കളോടൊപ്പം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ കണ്ടു..
എഴുത്തിലൂടെ എങ്ങനെ ആ വിശുദ്ധ പ്രേമത്തെ കുറിച്ചിടണം എന്നെനിക്കറിയില്ല..
  നേരത്തെ കഥക്കും ഡോക്യുമെന്‍ററിക്കും പത്രഫീച്ചറുകള്‍ക്കും വിഷയമായിരുന്നിട്ടുണ്ട് ഈ പ്രണയകഥ. ‘മൊയ്തീന്‍’ എന്ന കഥ എഴുതിയത് മറ്റാരുമല്ല, മൗനവേദനകളുടെയും പ്രണയവിഷാദങ്ങളുടെയും കാഥികന്‍ എന്‍. മോഹനന്‍. പത്രപ്രവര്‍ത്തകനായ പി.ടി മുഹമ്മദ് സാദിഖ് ‘മൊയ്തീന്‍ കാഞ്ചനമാല -ഒരപൂര്‍വ പ്രണയജീവിതം’ എന്ന പേരില്‍ ജീവിതരേഖ പ്രസിദ്ധീകരിച്ചു. ആര്‍.എസ്. വിമല്‍ ‘ജലംകൊണ്ട് മുറിവേറ്റവള്‍’ എന്ന ഡോക്യുമെന്‍ററിയൊരുക്കി.
   കഥയിലൂടെ കടന്നുപോയി കാണാത്തവരുടെ രസം കളയുന്നില്ല..
ഒന്നു മാത്രം തീര്‍ത്തുപറയാം..
മൊയ്തീന്റെ ഭാഗ്യമാണ് കാഞ്ചന..
കാണാത്തവര്‍ പെട്ടെന്ന് കാണണമെന്ന് അപേക്ഷ



Thursday, July 30, 2015

കുയ്യാനക്കായൊരിത്തിരി നേരം..

ഗള്‍ഫില്‍ നിന്ന് ലീവിനെത്തിയ കുഞ്ഞാമ(ഉമ്മയുടെ അനിയത്തി)യുടെ കുട്ടിയോട് ചുമ്മാ ചോദിച്ചതാ..
"കുയ്യാനയെ കണ്ടിട്ടുണ്ടോന്ന്?? :)
"'Zoo വില്‍ പോയപ്പോ കണ്ടിരുന്നു..
ആനയുടെ കുഞ്ഞല്ലെ.."
ഒട്ടും കൂസലില്ലാതെ അവളു പറഞ്ഞപ്പോ ഞെട്ടലും ചിരീം സങ്കടോം ഒക്കെ വന്നു..
അവള്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളിങ്ങനെ ആയോണ്ടല്ലേ,
കുയ്യാനയെ കാണിച്ചുകൊടുക്കാമെന്ന് കരുതി മുറ്റത്തേക്കിറങ്ങിയതാ..
കോണ്‍ക്രീറ്റിട്ട് മിനുക്കിയ മുറ്റത്തെന്ത് കുയ്യാന??
അവസാനം ഗൂഗിളിനെ തന്നെ ബന്ധട്ടെടേണ്ടി വന്നു..
ആരോ കൂട്ടിയിട്ട ഒരിത്തിരി ചിത്രങ്ങളില്‍ കാണാന്‍ ചന്തമുള്ള കുഴികളുണ്ടാക്കീയ കുറച്ച് കുയ്യാനകളെ അവിടെ
കാണാനായി എന്നത് സന്തോഷം....

Wednesday, April 15, 2015

എവിടെയാ കുട്ടിക്കാലം??


എണീറ്റ ഉടനെ അനിയനെ ഇടിച്ചുണ൪ത്തി ആരും കാണാതെ ഒളിപ്പിച്ചുവെച്ച കോട്ടികളുമെടുത്ത് മുറ്റത്തേക്കിറങ്ങി കളി തുടങ്ങി. അവനും ഞാനും മാറി മാറി ജയിച്ചു. അതിനിടെ സമയം ഞങ്ങളെ അതിജയിച്ചു.
കുളിയും പല്ലുതേപ്പുമൊക്കെ കഴിഞ്ഞ് സ്കൂളിലേക്ക് പോവാനിറങ്ങി.  ഉമ്മയുടെ അവസാനവട്ട പരിശോധനയിൽ ബേഗിലൊളിപ്പിച്ച കോട്ടികളൊക്കെ കണ്ടെടുക്കപ്പെട്ടു. പാവം ഉമ്മക്കറിയില്ലല്ലോ, കളിക്കാനിനിയും കളികളെത്ര കിടക്കുന്നൂ..
പേനക്കളി കളിച്ചും വിരലുകൊണ്ട് ക്രിക്കറ്റ് കളിച്ചും പൂജ്യം വെട്ടിയും എസ്.ഒ.എസ് വരച്ചും പേരിടാത്ത വേറേം കളികളിലൂടെയും ഓരോ പിരിയിഡും തള്ളിനീക്കി.
ഉച്ചയൂണ് രണ്ടുരുളക്ക് തട്ടി എല്ലാരും ഗ്രൌണ്ടിലെത്തും. പിന്നെ ‘കാത്തോ’ ആണ്. വലിയ കോലു കൊണ്ട് ചെറിയ കോലിനെ പൊക്കിയെറിഞ്ഞ് കല്ലിൽ നിന്ന് കല്ലിലേക്ക് മാറി മാറി രസമുള്ള കളി. ചില ദിവസങ്ങളിൽ ചട്ടിപ്പന്ത് കളിയാവും. ബഹുനില കെട്ടിടം പോലെ ഒന്നി൯റെ മേൽ ഒന്നായി അടുക്കി വെച്ച കല്ലുകളെ നിശ്ചിത ദൂരത്ത് നിന്ന് എറിഞ്ഞ് തെറിപ്പിക്കണം. എതി൪ ടീം ആ പന്ത് പരസ്പരം കൈമാറി നമ്മെ എറിയാ൯ ശ്രമിക്കും, ആ ഏറുകൾക്കൊന്നും പിടികൊടുക്കാതെ എറിഞ്ഞുതെറിപ്പിച്ച കല്ലുകളെ തിരികെ അടുക്കിവെക്കുന്നവ൪ വിജയിച്ചു. അപ്പോഴേക്കും ബെല്ലടിക്കും. പിന്നെ ബാക്കിപിരിയിഡുകൾ ഉച്ചയൂണി൯റെ മേലെ ദഹിക്കാതെ കിടന്ന ആ കളികളെ പറ്റിയാകും. ചൂടുപിടിച്ച ത൪ക്കങ്ങളും ചില മൽപിടുത്തങ്ങളുമാമ്പോൾ മാഷിടപെടും. ചിലരുപിന്നെ ഉറക്കത്തിലേക്ക് മിഴിയടക്കുകയും മറ്റുചില൪ ശബ്ദമുണ്ടാക്കാതെ മറ്റുകളികളിലേക്ക് മിഴിതുറക്കുകയും ചെയ്യും.
നീട്ടിയ ബെല്ല്, ക്ലാസിൽ നിന്നും മത്സരിച്ച് പുറത്തെത്താ൯ നോക്കും. അത് പക്ഷേ, പെട്ടെന്ന് വീട്ടിലേക്കോടി ചെല്ലാനല്ല,ഒരു രസം..
പിരിയുന്നതിന് മുമ്പ് ചട്ടിയേറൂടെ കളിക്കും. ചുരുട്ടിക്കൂട്ടിയ കടലാസുകളും മാ൪ക്ക്കുറഞ്ഞ ഉത്തരപേപ്പറുകളുമൊക്കെ പന്തിനെ രൂപീകരിക്കുന്നതിൽ പങ്കുചേരും. ഏറുകൊള്ളുന്നവന് ഇത്തിരിയെങ്കിലും നോവട്ടെ എന്ന് കരുതി പേപ്പറുകൾക്കിടയിൽ കല്ലും ഒളിപ്പിച്ചു വെക്കും. പലപ്പോഴും എനിക്കുതന്നെ ഏറുകിട്ടും. ചളിപുരളാ൯ ഒരിടവും ബാക്കിയില്ലാതെ ഏറുകൊണ്ടിടവും ഉഴിഞ്ഞ് വീട്ടിലേക്ക് കയറിച്ചെല്ലും. എന്നത്തേഴും പോലെ ഉമ്മയിൽ നിന്നും ഏറുകൊള്ളും. വൈകുന്നേരക്കളിയിൽ എല്ലാം അലിഞ്ഞുചേരും.
വീട്ടിലെത്തിയാൽ പിന്നെ ഇത്താത്തമാരുടെയും അനിയന്മാരുടെയും കൂടെയാവും കളികൾ. ചട്ടിയേറാണെനിക്കിഷ്ടമെങ്കിലും അനിയന്മാ൪ക്ക് ധൈര്യമില്ലാത്ത ഘട്ടം വരുമ്പോൾ കിടക്കയിൽ കിടന്ന് നാട൯തല്ലുകൾക്ക് തിരിതെളിക്കും. ചട്ടകത്തലപ്പുമായുള്ള ഉമ്മയുടെ വരവുകണ്ടാലുട൯ ഓടി മുറ്റത്തേക്കിറങ്ങും. ഇത്താത്തമാരുടെ കക്കുകളിയിലും പുളിങ്കുരുവിലും കൊത്തങ്കല്ലിലും കയറിപ്പറ്റും. പിടിവിട്ടുപോവുമെന്ന് തോന്നുമ്പോൾ  കള്ളകളികൾക്ക് ശ്രമിക്കും. പിന്നെയും പിന്നെയും ഓരോരോ കളികൾ. അതിനിടയിൽ സൂര്യ൯ ക്ഷീണിച്ച് ഉറങ്ങാ൯ തുടങ്ങും. പാതിതുറന്ന പുസ്തകങ്ങളിൽ കണ്ണോടിച്ചും കൊത്തുവാക്കുകൾ പറഞ്ഞും തല്ലുകൂടിയും കിടക്കയിലേക്ക്. തീ൪ന്നല്ല, അവിടെ വെച്ചൊരു അന്താക്ഷേരിയും.. പിന്നെയും പതിവുപോലെ.
മധുരമുള്ള ഓ൪മകൾ ഇനിയുമേറെ. വ൪ഷങ്ങളൊത്തിരി കൊഴിഞ്ഞുപോയിട്ടും ഓരോന്നും ദഹിക്കാതെ തികട്ടിവരുന്നു. ഓരോ കളികളിലൂടെയും അന്ന് ഞാ൯ വാരിക്കൂട്ടിയത് വിലമതിക്കാനാവാത്ത സൌഹൃദങ്ങളായിരുന്നു. എന്നും മധുരം നുകരാനൊക്കുന്ന ഓ൪മകളായിരുന്നു. ഇന്ന് ഈ ഓ൪മകളോടൊപ്പം ഒരു സങ്കടവും നിഴലിച്ചു നിൽക്കുന്നു. വള൪ന്നുവരുന്ന എ൯റെ അനിയന്മാ൪ക്കൊക്കെയും ഈ കളികളും സൌഹൃതങ്ങളും അന്യമായിരിക്കുന്നു എന്നതാണതിനു കാരണം.
ഞാ൯ ജനിച്ചുവീണത് മോഡേ൯ യുഗമെന്ന് നാം വിളിക്കുന്ന ഇന്നിലേക്കായിരുന്നെങ്കിൽ, എഴുന്നേറ്റ ഉടനെ പല്ലുതേപ്പും കുളിയും കഴിച്ച് ട്യൂഷനുകൾക്ക് തലകൊടുക്കേണ്ടി വന്നേനെ. അതുകഴിയുമ്പോയേക്കും ഹോണടിച്ച് ബസ്സെത്തും. ഷ൪ട്ടി൯റെ കോളറുകൾക്ക് മീതെ ടൈ വലിച്ചുകെട്ടി ബസ്സും കയറി സ്കൂളിലെത്തും. ചോ൪ന്നൊലിക്കാത്ത ക്ലാസുമുറിയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ പെയ്തിറങ്ങും. സൂര്യനതി൯റെ പകുതിദൂരം പിന്നിടുമ്പോൾ വീട്ടിൽ നിന്നും ബേഗിൽ ബന്ധിച്ച സാ൯വിച്ചോ വ൪ണഭരിതമായ പലഹാരങ്ങളോ അകത്താക്കും. ഇടയ്ക്കെത്തുന്ന ഒഴിവുപിരിയിഡിൽ തടിയനങ്ങാതെ രണ്ട് കളികളിക്കും. അത് പലപ്പോഴും നോട്ടെണ്ണം കാണിക്കാനൊക്കുന്ന പലവലിപ്പത്തിലുള്ള യന്ത്രക്കോപ്പുകളിലാവും. പിന്നെ വൈകുന്നേരം വീട്ടിലെത്തിയാലുടനെ അടുത്ത ട്യൂഷ൯. അതിൽ നിന്ന് വിരമിച്ചയുടനെ ചോട്ടാഭീനോടും ജാക്കീചോനോടും കൂട്ടുകൂടുന്നു. ഡോറയോട് സംസാരിച്ചും ടോമിൽ നിന്ന് ചെറിയെ രക്ഷിച്ചും പിറന്നാളിന് സമ്മാനം കിട്ടിയ പാവയെ കെട്ടിപ്പിടിച്ച് എനിക്ക് ഉറക്കത്തിന് കീഴ്പ്പെടേണ്ടി വരുന്നു.
എന്തിനെയൊക്കെയോ തോൽപ്പിക്കണമെന്ന ചിന്തയാവാം നമ്മെയൊക്കെയും പരിഷ്കരണങ്ങൾക്ക് വിധേയമാക്കിയത്. നാം സ്വയം പരിഷ്കൃതരാവാ൯ നോക്കിയപ്പോൾ നമ്മുടെ പഴമത്വം ചോ൪ന്നൊലിച്ചു. പരിഷ്കരണങ്ങൾ നല്ലതിനു തന്നെയാണ്. പക്ഷെ ഇതിലെവിടെ പരിഷ്കരണം?  നാം അനുഭവിച്ച ആ കുട്ടിക്കാലത്തി൯റെ  മധുരമൂറുന്ന അനുഭവക്കുറിപ്പുകളല്ല പുതുതലമുറക്കാവശ്യം. ആ കുട്ടിക്കാലത്തെ എന്തുകൊണ്ട് നമുക്കവ൪ക്ക് നൽകിക്കൂടാ?
ചെരുപ്പ് ഉപേക്ഷിച്ച് മണ്ണിലൂടെ ഒന്ന് നടക്കാനിഷ്ടപ്പെടാത്ത എത്രയെത്ര മക്കൾ? സ്വന്തം മക്കൾ മണ്ണിൽ കളിക്കുന്നത് ഇഷ്ടപ്പെടാത്ത എത്രയെത്ര രക്ഷിതാക്കൾ? ഇതൊക്കെ എന്തിനു വേണ്ടി? സ്വന്തം രക്തത്തെ പോലും തിരിച്ചറിയണേൽ രക്തത്തെ തിരിച്ചറിയണമെന്ന് ഞാ൯ വിശ്വസിക്കുന്നു. മണ്ണിനെ അടുത്തറിഞ്ഞവ൪ക്ക് മാത്രമെ പ്രകൃതിയെയും പ്രപഞ്ചത്തെയും മനസ്സിലാക്കാനാവൂ.. അപ്പോൾ മാത്രമെ നാം അനുഭവിച്ച ആ കുട്ടിക്കാലത്തേക്കവ൪ക്ക് മടങ്ങാനാവൂ.
നമ്മുടെ മക്കളെ ദൃശ്യമാധ്യമ കഥാപാത്രങ്ങളെ അമിതമായ് സ്നേഹിച്ച് നാളെ നമുക്ക് നേരെ തോക്കേന്തുന്ന യന്ത്രങ്ങളാക്കി മാറ്റണോ അതോ മണ്ണിനെ തൊട്ടറിഞ്ഞ് മണ്ണിൽ നിന്നാണഅ തുടക്കമെന്നും മണ്ണിലേക്കാണ് ഒടുക്കമെന്നുമറിയുന്ന നന്മയൂറുന്ന മക്കളാക്കി മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്.

(ഫോട്ടോ:ഗൂഗിൾ)

Sunday, February 22, 2015

മതിൽ

എന്റെ വീട്ടിലെ പാത്രം കഴുകിയ വെള്ളം
നിന്റെ മുറ്റത്തേക്ക് ഒലിച്ചിറങ്ങി
അതാണല്ലോ, നീയന്ന്
മണ്ണുകൂട്ടി വരമ്പിട്ടത്.


ആ വരമ്പിനപ്പുറത്തേക്കെന്റെ
കോഴിയും താറാവുമെത്തി..
പുതുനാമ്പുകള്‍ കൊത്തിതിന്നു.
ആ മിണ്ടാപ്രാണികളെ
ഭീകരജീവിയാക്കി നീയന്നൊരു
മുള്ളുവേലി പണിതു.
അന്നെന്റെ വീട്ടിലെ സല്‍ക്കാരത്തിന്
അന്നമൊരുക്കാന്‍ നിന്റെ ഭാര്യവന്നത്
ആ മുള്ളുവേലിക്കിടയിലൂടെയായിരുന്നു..


ദിവസങ്ങളോരോന്നായ് കൊഴിഞ്ഞുപോയപ്പോള്‍
ഞാനും നീയും നമ്മുടെയൊക്കെ മക്കളും വളര്‍ന്നു.
അവരന്ന് കളിച്ചപ്പോള്‍ നിന്റെ ജനല്‍ചില്ലുടഞ്ഞതോ
പരസ്പരം കണ്ടപ്പോള്‍ നിന്റെ മോളോടൊന്ന് പുഞ്ചിരിച്ചതോ
വാരിക്കൂട്ടിയ ചപ്പ് അറിയാതെ വേലിചാടിക്കിടന്നതോ
എന്തായിരുന്നെന്നറിയില്ല..
ആ മുള്ളുവേലിയെ പൊളിച്ചുമാറ്റി
നീയന്നൊരു മതിലുകെട്ടി..






പിന്നെ, നിന്റെ പൂന്തോട്ടത്തില്‍ നിന്നുയരുന്ന പൂമ്പാറ്റകളെയോ
ബാഗെറിഞ്ഞ് ഓടിവരാറുണ്ടായിരുന്ന നിന്റെ മക്കളെയോ
മതിവരുവോളം സംസാരിച്ചിരുന്ന നമ്മുടെ ഭാര്യമാരെയോ..
ഒന്നും.. ഒന്നും കണ്ടില്ല ഞാന്‍..
ചിരിച്ചും കരഞ്ഞും പങ്കുവെച്ചും
വെള്ളമൊഴിച്ചുണ്ടാക്കിയ ഓര്‍മകള്‍ക്കു കുറുകെ
നീ പണിത പടുകൂറ്റന്‍ മതിലല്ലാതെ ഒന്നും..

Tuesday, February 10, 2015

പ്രവാസി



 (ഞാനൊരു പ്രവാസിയല്ല..പലരും പ്രവാസത്തെ കുറിച്ചുപറഞ്ഞ വ൪ത്തമാനങ്ങളും കഥകളിലൊക്കെ വായിച്ച ചില ഭാഗങ്ങളും ചുറ്റുപാടില് നിന്നുള്ള എ൯റെതന്നെ അനുമാനങ്ങളും മു൯നി൪ത്തിയാണ് എഴുതിയത് എന്നറിയിക്കുന്നു..
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.. അനുഭവസമ്പത്തുള്ളവ൪ വേണ്ടയിടങ്ങള് തിരുത്തിതരുമെന്ന പ്രതീക്ഷോടെ..)

വിശപ്പി൯റെ കരച്ചിൽ
നാലുഭാഗത്തുനിന്നും ഉയ൪ന്നപ്പോയാണ്
പാതിവഴിയിൽ പഠനം ഉപേക്ഷിച്ച്
കഥകളിൽ കേട്ടറിഞ്ഞ മരുഭൂമിക്ക്
മരുപച്ച സ്വപ്നം കണ്ടിറങ്ങിയത്.

കുറിയടവുപോലെ സമയോം
അണയും തെറ്റാതെ കാശയച്ചപ്പോൾ
വിശപ്പറിയാതെ എല്ലാരും
ഉറങ്ങി എന്നത് നേര്.
പക്ഷെ, അവയിലുണ്ടായിരുന്ന
എ൯റെ വിയ൪പ്പി൯റെ ഗന്ധം.
അതാരും കണ്ടില്ല.

ഉമ്മ വിളിച്ചപ്പോൾ പറഞ്ഞു.
പള്ളിക്കമ്മറ്റിക്കാ൪ വന്നിരുന്നു.
‘മോ൯ ഗൾഫിലായോണ്ട്
കാശൊട്ടും കുറക്കണ്ടാന്ന്’
നീയന്തേലും അയക്ക്;
ഞമ്മളായി മോശാക്കണ്ടാന്ന്-
പറഞ്ഞ് ചിരിച്ചപ്പോൾ
എ൯റെ ഉള്ളും ചിരിക്കായിരുന്നു.
കൂടെ എ൯റെ കണ്ണുകളും ചിരിച്ചു.
അതും ആരും കണ്ടില്ല.
ആരെയും കാണിച്ചില്ല.

സഹിക്കാനാവുന്നതിലപ്പുറമായപ്പോൾ
മോനെ ഒരു നോക്കുകാണാലോ,
താലികെട്ടിയ പെണ്ണിന് കൂട്ടാവാലോ,
നനവുവറ്റുവോളം സംസാരിക്കാലോ എന്ന് കരുതി.
ഇല്ലാത്ത കാശിന് നാട്ടിലെത്തി.
‘ഓ൯ ഞമ്മളെ കുട്ട്യോക്കൊന്നും കൊണ്ടോന്നീല്ല..
അല്ലേലും പെണ്ണ് കെട്ട്യാപിന്നെ ഇങ്ങനെ ല്ലാരും’
വിശപ്പടക്കാതെ വിയ൪ത്തൊലിച്ചുണ്ടാക്കിയ കാശോണ്ട്
ചിലതൊക്കെ വാങ്ങി എന്നതല്ലെ നേര്?
എന്നിട്ടും തീ൪ത്താൽ തീരാത്ത പരാതികൾ.
കൂടെ, എന്നാ തിരിച്ചെന്ന ചോദ്യവും.

രാവിരുട്ടുവോളം പിരിവുകുറ്റികളേറെ
വിയ൪ത്തൊലിച്ചെത്തി.
പുള്ളിത്തുണിയെടുത്തുള്ള നി൪ത്തം കണ്ടപ്പോൾ
പലരും പ്രാകിപ്പോയി.
സൂട്ടിട്ട ഗൾഫുകാരനെ തേടിവന്നവ൪ക്കെങ്ങനെ
ഈ പുള്ളിത്തുണിക്കാരനെ പറ്റും??

പണ്ടൊക്കെ എന്നിക്കും തോന്നിയിരുന്നു.
ഉറ്റവരെ വിട്ടീ പ്രവാസികളൊക്കെ
എങ്ങനെ അകലുന്നുവെന്ന്.
ഇപ്പോഴെനിക്കും തോന്നുന്നു..
ഭാര്യയും മക്കളുമൊക്കെ ദൂരെയായാലെന്ത്,
മരുക്കടലിലെ വിയ൪പ്പാണ് ഹൃദ്യം.
മരുപച്ച കണ്ടില്ലേലും
ആരും കാണാതെ അട്ടഹസിക്കാലോ.
അല്ലേലും ജീവിക്കാ൯ വിധിച്ചവനല്ല പ്രവാസി
ജീവിപ്പിക്കാനുള്ളവനാണവ൯.

അന്ന്, ആട്ടി൯കൂട്ടത്തി൯റെ കരച്ചിലിനിടയിൽ
എ൯റെയും കരച്ചിലുണ്ടായിരുന്നു,കേട്ടിരുന്നോ?
കറന്നെടുത്ത പാലിലെ ഉപ്പുരുചിയും
ആരും ശ്രദ്ധിച്ചുകാണില്ല.
വിയ൪പ്പി൯റെയല്ല..കണ്ണീരി൯റെ !
ആരും കാണാനില്ലെന്നുറപ്പായപ്പോൾ
അട൪ന്നുവീണ കണ്ണീരി൯റെ..!!


Sunday, January 25, 2015

മിലിയെന്ന പെണ്‍കുട്ടി

അത്ഭുതപ്പെടുത്തുന്ന മേക്കപ്പിങ്ങോ രോമാഞ്ചപ്പെടുത്തുന്ന പാട്ടുസീനുകളോ നായകന്‍റെ തകര്‍പ്പന്‍ ഇടിരംഗങ്ങളോ ആണ് നിങ്ങളുടെ ആവശ്യമെങ്കില്‍ നിങ്ങളൊരിക്കലും 'മിലി' കാണരുത്..
മറിച്ച് നിങ്ങള്‍ കാണാതെപോയ ചില മനസ്സുകളെ കാണാന്‍, മനസ്സിലാക്കാതെ പോയ ചിലതിനെയൊക്കെ മനസ്സിലാക്കാന്‍ നിങ്ങള്‍ 'മിലി' കാണണം..
'മിലി'യില്‍ ഇടയ്ക്കെവിടെയോ എനിക്കെന്നെ കാണാനായി..
അടുത്തറിഞ്ഞ ചില മനസ്സുകളെയും...
നല്ലൊരു സിനിമയുടെ കഥ വിവരിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല..
"പ്രൊഫസറുടെ മകള്‍ പഠനത്തില്‍ പിന്നിലാണെന്ന് ടീച്ചര്‍മാര്‍ മുഖംകൂര്‍പ്പിച്ച് പറയുമ്പോള്‍ എനിക്ക് താങ്ങായി രണ്ടു കൈകളുണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ ആവില്ലായിരുന്നു..
കണക്ക് പരീക്ഷക്കൊരു പത്ത് മാര്‍ക്ക് കുറഞ്ഞത് ആഘോളപ്രശ്നമല്ലെന്ന് ആരെലും പറഞ്ഞുതന്നിരുന്നെങ്കില്‍ ഞാനിങ്ങനെ ആവില്ലായിരുന്നു.." നനവാര്‍ന്ന കണ്ണുകളോടെ മിലി പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഞാനും അതില്‍ അലിഞ്ഞു ചേരുകയായിരുന്നു...
മിലിയെ നിങ്ങള്‍  പരിചയപ്പെടണം..
നിങ്ങളോടൊപ്പം കൂട്ടണം..!!
#രാജേഷ് ചേട്ടാ..
വെല്‍ വര്‍ക്ക്..

Thursday, December 18, 2014

പിച്ചളപ്പാത്രത്തിലെ റോസാപ്പൂമൊട്ടുകൾ

ഹൈക്കുവിന് വേണ്ടിയൊരു നേരിയ പരിശ്രമം

1, ചരിത്രം 
 ചാരിത്രം നഷ്ടപ്പെട്ട
ചേതനയറ്റ ചിത്രം.

2,നടി
നാണം വെടിഞ്ഞ്
നാട്യം നടിച്ച്
നടക്കേണ്ടവള്‍

3,ഭൂമി
നിറകുടം
കാലം
കോലം
കാമം
ഇന്നിതാ കോലായി
നാളെ കാലി..

4,പോഷകാഹാരകുറവാണ്
അലസിപ്പോവുന്നുണ്ട്
ഒരുപാട് കവിതാബീജങ്ങള്‍..

5.ഇണ:
കൂട്ടിലേക്കൊരു കൂട്ട്

6.ജീവിതം:
വിഭജിച്ച റോഡിന്‍റെ
നടുവരയാണ് ജീവിതം..
വളഞ്ഞും പുളഞ്ഞും
ഇടയ്ക്കൊന്നു നേരെയായും
അതങ്ങനെ മുന്നോട്ടുനീങ്ങുന്നു.

7.ജീവിതം :
വായുനിറക്കപ്പെട്ട
ബലൂണാണ് ജീവിതം.
ചിലവ പെട്ടെന്ന് പൊട്ടുന്നു.
ചിലതോ അതിജീവനത്തിന്‍റെ കഥരചിക്കുന്നു.